ബേക്കല്‍: കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ വെടിവെപ്പ്. കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കുന്ന് സ്വദേശി ഫയാസി (19) നാണ് വെടിയേറ്റത്. പരിക്കേറ്റ ഫയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട ചുമരില്‍ തറച്ച് അതിന്റെ ചീള് ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു. കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ ഷോപ്പിംഗ് കോംപ്ലക്സിലെ കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു. വെടിവെപ്പ് സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറംലോകം അറിഞ്ഞത്. സംഘത്തില്‍പെട്ടവര്‍ തന്നെയാണ് പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. വെടിവെച്ച തോക്ക് ആരുടേതാണെന്നോ മറ്റോ ഉള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് സൂചിപ്പിച്ചു.