രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ വീണ്ടും മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനപാതയില്‍ നവീകരണം നടക്കുന്ന ഏഴാംമൈലിനും പൂടംകല്ലിനുമിടയില് പടിമരുതിലാണ് ഞായറാഴ്ച രാവിലെ പാതയോരത്തെ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകിവീണത്. ഇതോടെ ഒരുമണിക്കൂറോളം ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിനുമുകളിലേക്കടക്കം വീണതിനാല്‍ വൈദ്യുതി വിതരണവും മുടങ്ങി. മരം വീണതോടെ ബസ്സുകളടക്കമുള്ള വാഹങ്ങള്‍ പാതിവഴിയില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാരെത്തി മരം മുറിച്ചുനീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പടിമരുതില്ത്തന്നെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നവീകരണത്തിന്റെ ഭാഗമായി എഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെയുള്ള 234 മരങ്ങള്‍ മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. രണ്ടുമാസം മുന്‍പ് കണക്കെടുത്ത 38 മരങ്ങളും മുറിക്കാന്‍ അനുമതി ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന് അറിയിച്ചു. ഇവ അടിയന്തരമായി മുറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്നും പാതയോരത്ത് അപകടാവസ്ഥയിലായിട്ടുള്ള മറ്റ് മരങ്ങള്‍ കൂടി മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.