Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , , » മഴ കനക്കുന്നു; കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ ഒരുമരണം; ദുരന്തനിവാരണ സേന ഇന്നെത്തും

മഴ കനക്കുന്നു; കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ ഒരുമരണം; ദുരന്തനിവാരണ സേന ഇന്നെത്തും

Written By Muhimmath News on Thursday, 14 June 2018 | 10:05

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍നാശം, കക്കയം പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, ബാലുശ്ശേരി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പതുവയസ്സുകാരി മരിച്ചു. അബ്ദൂല്‍ സലീമിന്റെ മകള്‍ ദില്‍നയാണ് മരിച്ചത്.

പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകി. കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയിലും താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഇവിടെ കനത്ത മഴ തുടരുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ദേശീയ ദുരന്തനിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്ട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് കക്കയം ഡാം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ബാലുശ്ശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു.

കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. എന്നാല്‍, കോഴിക്കോട്ട് ജില്ലയില്‍ ഇന്ന് നടക്കുന്ന യൂനിവേഴ്‌സിറ്റി, പ്ലസ്ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

മലപ്പുറം പൊന്നാനി അഴിമുഖത്ത് ബോട്ടുമുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. താനൂര്‍ സ്വദേശി ഹംസയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെയാണ് ഹംസയെ കാണാതായത്. മലപ്പുറം എടവണ്ണയില്‍ ഏക്കറുകണക്കിന് കൃഷി നശിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഉച്ചക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയില്‍ 12 ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒരാള്‍ മരിച്ചു. നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരിട്ടി വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വാഹന ഗതഗതം നിലച്ചു. ഗതാഗത തടസ്സം നീക്കുന്നതിന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി.

വീട് ഭാഗികമായി തകര്‍ന്ന 17 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. 33 വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ ചെളിയും വെള്ളവും നിറഞ്ഞ് വ്യാപകമായ കൃഷി നാശമുണ്ടായി. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മാക്കൂട്ടം വനത്തിലെ 12 ഇടങ്ങളില്‍ കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായത്.
നിമിഷ നേരം കൊണ്ട് ബാരാപോള്‍ പുഴ നിറഞ്ഞുകവിഞ്ഞു. പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കോഴികളും വളര്‍ത്തു മൃഗങ്ങളും വെള്ളത്തില്‍ മുങ്ങി. വീടുവിട്ട് ഓടിയവര്‍ക്ക് ജീവന്‍ തീരിച്ചുകിട്ടിയതൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടു.
മാക്കൂട്ടം, പേരട്ട, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടക്കയം ഭാഗങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. നൂറുകണക്കിന് കൂറ്റന്‍ മരങ്ങള്‍ പുഴകളിലും കൃഷിയിടങ്ങളിലും ഒഴുകിയെത്തി. 

മാക്കൂട്ടം ചെറിയപാലം തോടും റോഡും വെള്ളത്തില്‍ മുങ്ങി. ഇവിടെ കിലോമീറ്ററുകളോളം റോഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മാക്കൂട്ടം ചുരം റോഡില്‍ വനത്തിനുള്ളില്‍ കുടുങ്ങിപോയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ 12 മണിക്കൂറിന് ശേഷം നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് സാഹസികമായാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. 15 ഓളം ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുവാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. പേരട്ട, തൊട്ടില്‍പ്പാലം, വള്ളിത്തോട് ഭാഗങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി.

വിളമന 29ാം മൈല്‍ സ്വദേശി ശരത് ആണ് മരിച്ചത്. ലോറി ക്ലീനറായിരുന്ന ശരത് വീരാജ്‌പേട്ടയില്‍ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെടുകായായിരുന്നു. ലോറിക്ക് മുകളില്‍ മരം വീണത് ഇറങ്ങി നോക്കുന്നതിനിടയില്‍ ഒഴുകിവന്ന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയെന്നാണ് കരുതുന്നത്. ശരത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നോടെ മാക്കൂട്ടത്തെ തോട്ടില്‍ കണ്ടെത്തി. മൃതദേഹം ഇരിട്ടിയിലേക്ക് എത്തിക്കാന്‍ കഴിയാഞ്ഞതിനാല്‍ വീരാജ്‌പേട്ടയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved