Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , » പാപമോചനം തേടി ആയിരങ്ങള്‍: മര്‍കസ് പ്രാര്‍ത്ഥന സമ്മേളനം സമാപിച്ചു

പാപമോചനം തേടി ആയിരങ്ങള്‍: മര്‍കസ് പ്രാര്‍ത്ഥന സമ്മേളനം സമാപിച്ചു

Written By Muhimmath News on Monday, 11 June 2018 | 18:25
കുന്നമംഗലം: റമളാന്‍ ഇരുപത്തഞ്ചാം രാവില്‍  മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളെത്തി. പാപമോചന പ്രതീക്ഷയുമായി എത്തിയ വിശ്വാസികള്‍ പ്രത്യേക പാപശുദ്ധീകരണ പ്രാര്‍ത്ഥനയായ തൗബയിലും കാന്തപുരത്തിന്റെ റമളാന്‍ പ്രഭാഷണത്തിലും പങ്കെടുത്തു. നിപ്പ വൈറസ് കാരണം ഒരുമാസമായി  ഭീതിയിലായ കേരളത്തിന്റെ സാമൂഹിക പരിസരത്തില്‍  സമാധാനം പ്രാപ്യമാക്കാന്‍ പ്രത്യേക പ്രാര്‍ത്ഥന പരിപാടിയില്‍ നടന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കി. കാന്തപുരത്തിന്റെ വാര്‍ഷിക റമസാന്‍ പ്രഭാഷണവും ചടങ്ങില്‍ നടന്നു.  
         
വിശ്വാസികളുടെ ജീവിതം കളങ്കരഹിതമാവണമെന്നും മതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ നന്മയുടെ വക്താക്കളായി പ്രാപഞ്ചിക ലോകത്തും പരലോക ജീവിതത്തിലും നിലകൊള്ളുമെന്നു അദ്ദേഹം പറഞ്ഞു. റമസാന്‍ മാസത്തില്‍ പരിമിതപ്പെടുത്താതെ ജീവിത വിശുദ്ധി  എല്ലാ കാലത്തും ശാശ്വതമാക്കുന്നവരാണ് വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലെത്തിയവര്‍. പ്രകൃതി സൗഹൃദ ജീവിതം മനുഷ്യര്‍ പരിശീലിക്കുകയും ഹൃദയം ശുദ്ധീകരിക്കുന്നതോടൊപ്പം  വീടും പരിസരവും സമൂഹം ഇടപെടുന്ന മേഖലകളും വൃത്തിയായി പരിചരിക്കുകയും വേണം. നിപ്പ വൈറസ് ബാധ പ്രതിരോധിക്കാന്‍ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളും ആരോഗ്യവകുപ്പും നടത്തിയ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ജീവന്‍ പോലും പണയം വെച്ച്  സഹജീവികളുടെ ആരോഗ്യസംരക്ഷണത്തിനായി അധ്വാനിച്ച സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ ജീവനക്കാരുടെയും സേവനങ്ങള്‍ മാതൃകാപരമാണ്: കാന്തപുരം പറഞ്ഞു.
      
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ്  സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ആരംഭ പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍  സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.  മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ് ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍ മജ്‌ലിസുകള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്‍കി. ഉച്ചക്ക് ഒരു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ നടന്ന ആത്മീയ സമ്മേളനത്തിലെ വിവിധ ചടങ്ങുകളില്‍  സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, ടി.കെ അബ്ദുറഹ്മാന്‍  ബാഖവി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മജീദ് കക്കാട്, ജി അബൂബക്കര്‍  എന്നിവര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved