Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , , , » നിപ വൈറസ് ബാധയേറ്റ തലശ്ശേരി സ്വദേശിനി മരിച്ചു

നിപ വൈറസ് ബാധയേറ്റ തലശ്ശേരി സ്വദേശിനി മരിച്ചു

Written By Muhimmath News on Saturday, 2 June 2018 | 10:28

കോഴിക്കോട്: നിപ വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശേരി സ്വദേശിനി റോജ(39)യാണ് മരിച്ചത്, മൂന്ന് ദിവസം മുമ്പാണ് റോജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

അതേസമയം നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടുവന്നത്. ആസ്‌ട്രേലിയയില്‍ വിജയം കണ്ടതാണിത്. ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള ശ്രമവും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. 

ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക. നിപ ബാധിച്ച രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെല്ലാം ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ചികിത്സയിലാണ്. 12 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. 

രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 പേര്‍ നിരീക്ഷണത്തിലാണ്. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. 

എന്നാല്‍ വ്യാഴാഴ്ച റസില്‍ എന്ന യുവാവ് നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള രണ്ടാമത്തെ സംഘം അടുത്തദിവസങ്ങളില്‍ കോഴിക്കോട്ടെത്തും. മഴ കൂടിയായതിനാല്‍ വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്. ജനങ്ങള്‍ പൊതുവെ ഭീതിയിലാണ്. അനാവശ്യ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാലുടനെ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved