കാസര്‍കോട്: വിശ്വാസികള്‍ ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം പ്രതീക്ഷിക്കുന്ന വിശുദ്ധ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ജില്ലയില്‍ നടക്കുന്ന വിപുലമായ പ്രാര്‍ഥനാ സമ്മേളനത്തിന് കല്ലക്കട്ട മജ്മഇല്‍ ഒരുക്കം പൂര്‍ത്തിയായി. 11ന് തിങ്കളാഴ്ചയാണ് മജ്മഅ് റമസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ആയിരം മാസങ്ങളുടെ ശ്രേഷ്ടത കല്പിക്കുന്ന ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം വിദ്യാനഗറിനു സമീപം മജ്മഅ് തീരത്ത് ജനസാഗരം തീര്‍ക്കും. വിശ്വാസി സമൂഹത്തെ വരവേല്‍ക്കാന്‍ കല്ലക്കട്ട മജ്മഇല്‍ അതി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയര്മാന് സയ്യിദ് യു പി എസ് തങ്ങള്‍ പതാക ഉയര്ത്തുന്നനോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പ്രവര്‍ത്തക സംഗമം നടക്കും. വൈകിട്ട് 6 മണിക്ക് ബുര്‍ദ്ദ ആത്മീയ മജ്ലിസ് നടക്കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറ, തറാവീഹ്്-വിത്റ് നിസ്കാരം തുടങ്ങിയവയ്ക്ക് ശേഷം രാത്രി 10 മണി മുതല്‍ ആത്മീയ സംഗമം ആരംഭിക്കും. സ്വലാത്ത് മജ്ലിസ്, തൗബാ സംഗമം, കൂട്ടു പ്രാര്‍ത്ഥന എന്നിവക്ക് മജ്മഅ് സാരഥി സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും. അശ്രഫ് ജൗഹരി എരുമാട് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ഉദ്ബോധനം നടത്തും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ശിഹാബുദ്ദീന് സൈനി അല്‍ ഐദറൂസി ചട്ടഞ്ചാല്‍ തങ്ങള്‍, സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ഐദറൂസി, സയ്യിദ് യു.പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുകുഴി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, സയ്യിദ് ഹംസ തങ്ങള്‍, സയ്യിദ് അശ്റഫ് തങ്ങള്‍ മുട്ടത്തൊടി തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. പ്രമുഖ സാദാതുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയേഴാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിലേക്ക് കാസര്‍കോടിനു പുറമെ അന്യ ജില്ലകളില്‍ നിന്നും കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. വിവിധ റിലീഫുകളുടെ വിതരണവും പാവപ്പെട്ടവര്‍ക്കുള്ള പെരുന്നാള്‍ വസ്ത്ര വിതരണവും ചടങ്ങില്‍ നടക്കും.