ജറുസലേം: ഇത് റസാന് നജ്ജാര്‍... ഫലസ്ത്വീന് യുദ്ധ ഭൂമിയില്‍ സജീവമായി രംഗത്തുള്ള ഇരുപത്തൊന്നുകാരി. ഇസ്രായിലിന്റെ നിഷ്ഠൂരമായ ഭീകരാക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന ഫലസ്ത്വീനികളെ ശുഷ്രൂഷിക്കാന്‍ ഓടിയെത്താറുള്ള റസാന് നജ്ജാര്‍ എന്ന പാരാമെഡിക് വളന്റിയറെ ഇനി ഗസ്സ അതിര്‍ത്തിയില്‍ കാണില്ല. ഇസ്രായിലി പട്ടാളത്തിന്റെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ആ ധീര വനിത ഈ ലോകത്തോട് വിട പറഞ്ഞു. റമദാന് 16ന് വെള്ളിയാഴ്ച, ബദറിന്റെ ഓര്‍മകള്‍ അയവിറക്കുന്ന മണിക്കൂറുകളിലാണ് ഇസ്രായിലി ഭീകരരുടെ വെടിയുണ്ടകള്‍ റസാന്റെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. ഖാന് യൂനിസിനു കിഴക്ക് അതിര്‍ത്തിയില്‍ ഇസ്രായില്‍ അധിനിവേശ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പരിക്കേറ്റ ഒരു ഫലസ്ത്വീനി പോരാളിക്ക് അടിയന്തര പരിചരണം നല്കുന്നതിനിടയിലാണ് ആ വെടിയുണ്ടകള്‍ അവളെ തേടിയെത്തിയത്. ഇസ്രായിലി ആക്രമണങ്ങളില്‍ നൂറിലേറെ ഫലസ്ത്വീനികള്ക്കാണ് ഇന്നലെ മാത്രം പരിക്കേറ്റത്. അതില്‍ നാല്പതു പേര്‍ക്കും വെടിയേറ്റ പരിക്കുകളാണ്. മാര്‍ച്ച് 30ന് ആരംഭിച്ച 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' പ്രതിഷേധത്തില്‍ ഇതിനകം രക്തസാക്ഷികളായ ഫലസ്ത്വീനികളുടെ എണ്ണം 120 പിന്നിട്ടു. റസാന് നജ്ജാറിന്റെ രക്തസാക്ഷിത്വം നടന്ന ഇന്നലെ തന്നെയാണ്, ഫലസ്ത്വീനികള്‍ക്ക് സംരക്ഷണം നല്‍കുകയും ഗസ്സയിലെ ജനങ്ങള്‍ക്കെതിരെ ഇസ്രായില്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എന്‍. രക്ഷാസമിതിയില്‍ കുവൈത്ത് അവതരിപ്പിച്ച കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തത്. രക്ഷാസമിതിയിലെ മറ്റു വീറ്റോ ശക്തി രാജ്യങ്ങളായ റഷ്യയും ചൈനയും ഫ്രാന്‍സും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ ബ്രിട്ടന് വിട്ടുനില്‍ക്കുകയായിരുന്നു.