Latest News :
തകര്‍ന്നടിഞ്ഞ് ബിജെപി; രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്‌
Home » , , , , » 50,000 രൂപ കളഞ്ഞുകിട്ടി; തിരിച്ചുകൊടുത്ത നന്‍മയെത്തേടി രജനിയുമെത്തി..!

50,000 രൂപ കളഞ്ഞുകിട്ടി; തിരിച്ചുകൊടുത്ത നന്‍മയെത്തേടി രജനിയുമെത്തി..!

Written By Muhimmath News on Monday, 16 July 2018 | 10:13

ചെന്നൈ: അവന്‍ മടക്കി നല്‍കിയത് അന്‍പതിനായിരം രൂപയായിരുന്നില്ല. ഈ ലോകത്തിനായി അവന്‍ കാണിച്ച് കൊടുത്തത് അവന്റെ സത്യസന്ധതയും നന്‍മയുമായിരുന്നു. മുഹമ്മദ് യാസിന്‍ എന്ന ഏഴുവയസുകാരനെ തേടി സാക്ഷാല്‍ രജനീകാന്ത് വരെ എത്തി. അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. ഇവന്‍ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാന്‍ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണചെലവും ഞാന്‍ വഹിക്കും. എന്തു പഠിക്കണമെന്ന് അവന്‍ തീരുമാനിക്കട്ടെ. രജനിയുടെ വാക്കുകള്‍.

പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയില്‍ ജീവിക്കുകയാണ് മുഹമ്മദ് യാസിന്‍ എന്ന ബാലന്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഈ രണ്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഓര്‍മയില്‍ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് എവിടെയോ യഥാര്‍ഥ അവകാശി വിഷമിക്കുന്നുണ്ടാകും.

ആ ചിന്തയാണ് യാസിന്റെ മനസിലൂടെ കടന്നുപോയത്. അവന്‍ പണമടങ്ങിയ ബാഗ് തന്റെ ക്ലാസ് ടീച്ചറെ ഏല്‍പ്പിച്ചു. അന്‍പതിനായിരം രൂപ ആ ബാഗിലുണ്ടായിരുന്നു. പിന്നീട് അധ്യാപകര്‍ തന്നെ യാസിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.

ധരിക്കാന്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ പോലും ഇല്ലാത്ത ആ ബാലന്റെ സത്യസന്ധത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അവന്‍ ലോകത്തിന് മാതൃകയായി. ഇപ്പോഴിതാ ആ സത്യസന്ധത അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. രജനികാന്തിന്റെ മാനസപുത്രനായി അവന്‍ പഠിച്ചുയരും. സോഷ്യല്‍ ലോകവും നിറഞ്ഞ കയ്യടിയാണ് യാസിന്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved