Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , » മികവിനംഗീകാരമായി ബെസ്റ്റ് പി.ടി.എ അവാര്‍ഡ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന്

മികവിനംഗീകാരമായി ബെസ്റ്റ് പി.ടി.എ അവാര്‍ഡ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന്

Written By Muhimmath News on Sunday, 22 July 2018 | 18:22കാസറഗോഡ്. കാസറഗോഡ് റവന്യൂ ജില്ലയില്‍ പി.ടി.എയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ഇത്തവണ ലഭിച്ചത് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിക്ക്. ഹൈടെക് ക്ലാസ്സ് മുറികള്‍ ഒരുക്കിയത് മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം, പഠനോപകരണ കിറ്റുകള്‍, സൗജന്യ യൂണിഫോം വിതരണം, പെണ്‍കരുത്ത് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബെസ്റ്റ് പി.ടി.എ അവാര്‍ഡ് സ്വന്തമാക്കിയത്. പഠന പാഠ്യേതര ഭൗതിക മേഖലകളില്‍ വളരെ പിറകിലായിരുന്ന സ്‌കൂള്‍ എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയം ഉള്‍പ്പെടെ ആധുനിക നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞത് പി.ടി.എയുടെ നിസ്സീമമായ പരിശ്രമമാണ്.


പൊതു ജന പങ്കാളിത്തത്തോടെ ഇരുപത്തിയൊന്ന് ക്ലാസ്സ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ പ്രീ പ്രൈമറി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പെണ്‍കുട്ടികള്‍ക്കായി രണ്ട് വിശ്രമ മുറികള്‍, സ്‌കൂള്‍ സുരക്ഷക്കായി സി.സി.ടി.വി സംവിധാനം, ഒരു ലക്ഷം രൂപ ചെലവില്‍ ഹൈടെക്ക് ക്ലാസ്സ് റൂം അലമാരകള്‍, സ്‌കൂള്‍ പൊതു പരിപാടികള്‍ക്കായി സൗണ്ട് സിസ്റ്റവും കസേരകളും, വൈദ്യുതീകരിക്കാത്ത വീടുള്ള എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി സോളാര്‍ ലാമ്പുകള്‍, ശുദ്ധമായി കുടിവെള്ള വിതരണത്തിനായി വാട്ടര്‍ പ്യൂരിഫെയറുകള്‍, ഒന്നര ലക്ഷം രൂപയുടെ വിദ്യാര്‍ത്ഥി ചികിത്സാ സഹായം, പെണ്‍കരുത്തിനായി തൈക്വാണ്ടോ പരിശീലനം, ക്ലാസ്സ് റൂം മോഡിഫിക്കേഷന്‍, ഹയര്‍സെക്കണ്ടറിക്കായി ഷീറ്റ് മേല്‍ക്കൂരയിട്ട ഹാള്‍ സംവിധാനം, ആരോഗ്യകരവും സ്വാദിഷ്ടവുമായ ഉച്ച ഭക്ഷണം തുടങ്ങിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ പി.ടി.എക്ക് സാധിച്ചു. 


മൈനോരിറ്റി വിഭാഗം അനുവധിച്ച അഞ്ചു ലക്ഷം രൂപ ചെലവിലുള്ള എ.സി സ്മാര്‍ട്ട് ക്ലാസ്സ് റൂം, കാസറഗോഡ് വികസന പാക്കേജ് അറുപത് ലക്ഷത്തിന്റെ കെട്ടിടം, ജില്ലാ പഞ്ചായത്ത് അനുവധിച്ച കെട്ടിടങ്ങളും ഉപകരണങ്ങളും, മഴ വെള്ള സംഭരണികള്‍ തുടങ്ങിയവ നേടിയെടുക്കുവാന്‍ പി.ടി.എ നേതൃത്വം നല്‍കിയിട്ടുണ്ട്.


ഹയര്‍ സെക്കന്ററി ഫോക്കസ് പോയന്റ്, അസാപ് ട്രൈനിംഗ് സെന്റര്‍, സൗഹൃദ ക്ലബ്ബ്, ജൂനിയര്‍ റെഡ് ക്രോസ്സ് യൂണിറ്റ്, ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ്, തുല്യത പരിശീലന കേന്ദ്രം തുടങ്ങിയവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മൂന്ന് കോടി ചെലവിലുള്ള കെട്ടിടനിര്‍മ്മാണം പുരോഗമിക്കുകയാണ്. പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കൂഞ്ഞി, വൈസ് പ്രസിഡന്റ് മുഹമ്മദ് കൂഞ്ഞി ബേവി, എസ്.എം.സി ചെയര്‍മാന്‍ ഷാഫി ഇറാനി, എം.പി.ടി.എ പ്രസിഡന്റ് മുംതാസ് ശുക്കൂര്‍, ഹെഡ്മാസ്റ്റര്‍ എം.കെ ചന്ദ്രശേഖരന്‍ നായര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി.പവിത്രന്‍ എന്നിവരാണ് സ്‌കൂളിന് നേതൃത്വം നല്‍കുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുന്ന ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നാട്ടുകാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെ പി.ടി.എ അഭിനന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved