Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » പരേതര്‍'ക്ക് പെന്‍ഷന്‍; കര്‍ശന നടപടിക്ക് സര്‍ക്കാര്‍

പരേതര്‍'ക്ക് പെന്‍ഷന്‍; കര്‍ശന നടപടിക്ക് സര്‍ക്കാര്‍

Written By Muhimmath News on Friday, 27 July 2018 | 12:06
തിരുവനന്തപുരം: പരേതരായ അരലക്ഷത്തോളം പേര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഡ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പഠനമാണ് പെന്‍ഷന്‍ കൈപ്പറ്റുന്ന അനര്‍ഹരെ വെളിച്ചത്തുകൊണ്ടുവന്നത്. ഇതോടെ കര്‍ശന നടപടിയുമായി ധനവകുപ്പ് രംഗത്ത്. പരേതരുടെ പേരിലും മുന്തിയ കാറുള്ളവരും വലിയ വീടുള്ളവരുമൊക്കെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്.

'പരേതരായ' 31256 പേര്‍ പെന്‍ഷന്‍ വാങ്ങുന്നു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിഭാഗത്തിലെയും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയവയിലെയും വിവരശേഖരം താരതമ്യം ചെയ്തപ്പോഴാണ് ഇത്രയേറെ അനര്‍ഹരെ കണ്ടെത്തിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പരേതരുടെ പേരിലും പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

രണ്ടു വിഭാഗത്തിലുമായി 50000ല്‍പ്പരം പരേതര്‍. മരിച്ചതായി രേഖാമൂലം സ്ഥിരീകരിക്കപ്പെട്ടവരുടെ പെന്‍ഷന്‍ വിതരണം നിര്‍ത്തിവയ്ക്കും. ഓരോ തദ്ദേശസ്ഥാപനത്തിനും അതാതിടത്തെ പരേതരുടെ പട്ടിക നല്‍കും. ഇത് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ ചുമതലയാകും. ഇപ്പോള്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന അനര്‍ഹര്‍ക്ക് പട്ടികയില്‍നിന്ന് സ്വയം ഒഴിവാകാനുള്ള അവസരം ഉപയോഗിക്കാം. ഇവരെ സര്‍ക്കാര്‍ കണ്ടുപിടിച്ചാല്‍ ഇതുവരെ കൈ പ്പറ്റിയ തുക തിരിച്ചുപിടിക്കും.

ഒന്നേമുക്കാല്‍ക്കോടിയുടെ ബിഎംഡബ്ല്യു, ഒന്നരക്കോടിയുടെ മെഴ്‌സിഡസ് ബെന്‍സ് കാറുകളുള്ളവര്‍ പോലും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ മുന്തിയകാറുള്ള 64473 പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തി.

ഇത് തടയും. റേഷന്‍ കാര്‍ഡില്‍ മകനോ മകള്‍ക്കോ മുന്തിയ കാറുണ്ടായിട്ടും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 94043 മാതാപിതാക്കളുണ്ട്. ഇവരുടേത് തല്‍ക്കാലം മുടക്കില്ല. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പരിശോധിക്കും. വാര്‍ഷികവരുമാനം ലക്ഷംരൂപയില്‍ കൂടിയാല്‍ പെന്‍ഷന് അര്‍ഹതയില്ല. അനര്‍ഹരില്‍നിന്ന് കൈപ്പറ്റിയ പണം തിരിച്ചുപിടിക്കുന്നതിനൊപ്പം പിഴ ചുമത്തുന്നതും പരിഗണിക്കും.

1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുള്ളവരും പെന്‍ഷന്‍ വാങ്ങുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കും. നിലവില്‍ 42,17,097 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരാണുള്ളത്. 3.60 ലക്ഷം പുതിയ അപേക്ഷകരുണ്ട്. 9.50 ലക്ഷം പേര്‍ക്ക് വിവിധ ക്ഷേമനിധികളില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുന്നു. സര്‍വീസ് പെന്‍ഷന്‍കാരും പൊതുമേഖലാ പെന്‍ഷന്‍കാരും 10 ലക്ഷത്തിലേറെവരും. കേന്ദ്ര പെന്‍ഷന്‍കാരും പിഎഫ് പെന്‍ഷന്‍കാരും വേറെയും.

എല്ലാവരെയും ചേര്‍ത്താല്‍ കേരളത്തിലെ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 66 ലക്ഷം കവിയും. ഇത് ജനസംഖ്യയുടെ അഞ്ചിലൊന്ന് കവിയും. സംസ്ഥാനത്ത് വൃദ്ധജനതയേക്കാള്‍ അധികം പെന്‍ഷന്‍കാര്‍ വരുന്ന സാഹചര്യത്തിലാണ് അര്‍ഹത സംബന്ധിച്ച പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. അനര്‍ഹരെ ഒഴിവാക്കി അര്‍ഹര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ അപേക്ഷകളില്‍ അര്‍ഹരായ മുഴുവന്‍ പേരെയും പരിശോധനയ്ക്കുശേഷം പദ്ധതിയല്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved