Latest News :
...
Home » , , » അഭിമന്യുവധം: കാസര്‍കോട് സ്വദേശി പോലീസ് കസ്റ്റഡിയില്‍

അഭിമന്യുവധം: കാസര്‍കോട് സ്വദേശി പോലീസ് കസ്റ്റഡിയില്‍

Written By Muhimmath News on Wednesday, 1 August 2018 | 17:58


എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരുന്നു. കാസര്‍കോട് സ്വദേശിയും എറണാകുളത്തു ജ്യൂസ് കടയിലെ ജീവനക്കാരനുമായ യുവാവാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെ സംസ്ഥാനം വിടുന്നതിനുവേണ്ടി തക്കതായ സൗകര്യം ചെയ്തു കൊടുത്തവരില്‍ ഒരാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ പ്രതികളെ ട്രെയിന്‍ കയറ്റി വിടാന്‍ സഹായിച്ചതിനു ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന യുവാവിനു ബന്ധം ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കൊലക്കേസിലെ നേരത്തെ അറസ്റ്റിലായ ഏതാനും പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നതിനിടയിലാണ് രക്ഷപ്പെടാന്‍ സഹായിച്ചവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. 

കഴിഞ്ഞമാസം ഒന്നിനു രാത്രിയിലാണ് ഇടുക്കി, വട്ടവട സ്വദേശിയായ അഭിമന്യു മഹാരാജാസ് കോളേജിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റ് മരിച്ചത്.
സംഭവത്തില്‍ 23 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരില്‍ പതിനഞ്ചു പേരെ ഇതിനകം അറസ്റ്റു ചെയ്തു. എന്നാല്‍ ആരാണ് അഭിമന്യുവിനെ കുത്തിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടാക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved