കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ക്ഷണിക്കപ്പെട്ട 200 ഓളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. മന്ത്രിയായി ചുമതലയേറ്റ ജയരാജന് 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമങ്ങളുമായും ജയരാജന് കൂടിക്കാഴ്ച നടത്തും. രാജിവെച്ച് 22 മാസത്തിന്ശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ പിണറായി വിജയന് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 20 ആവും. കൂടാതെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ഉം ആയി. ഇതോടെ എസി മൊയ്തീന് തദ്ദേശ സ്വയംഭര വകുപ്പും നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും നല്കി.
മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്, പന്ന്യന്‍ രവീന്ദ്രന്, എംവി ഗോവിന്ദന് മാസ്റ്റര്‍ തുടങ്ങി സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിര്‍ന്ന നേതാക്കളും ഇപി ജയരാജന്റെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.