കാഞ്ഞങ്ങാട്: പോളിടെക്നിക് ഇട്ടമ്മല്‍ റോഡില്‍ എം പി സലീമിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തില്‍. പ്രദേശത്ത് താമസക്കാരായ ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാക്കളാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. കവര്‍ച്ച നടന്ന പോളീഇട്ടമ്മല് റോഡില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു ഇരുചക്ര വാഹനം കടന്നുപോകുന്നത് പ്രദേശത്തെ ഒരു വീടിന്റെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച മൂന്ന് യുവാക്കളെ ചുറ്റിപ്പറ്റിയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം. ഇവരില്‍ ഒരാളുടെ കൈവശം ഒരു ബാഗുള്ളതായും ക്യാമറയിലെ ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചാ കേസില്‍ നേരത്തെ പോലീസ് പിടിയിലായ ചില യുവാക്കള്‍ ഇപ്പോള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഇവരും പോലീസ് നിരീക്ഷണത്തിലാണ്. കവര്‍ച്ച നടന്ന വീടിന്റെ അടുക്കള ഭാഗത്ത് പാന്‍മസാലയുടെ ഒഴിഞ്ഞ പാക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ കിടപ്പുമുറിക്ക് സമീപം പാന്‍മസാല മുറുക്കി തുപ്പിയതിന്റെ അവശിഷ്ടവുമുണ്ട്. കവര്‍ച്ചക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കാളിത്തത്തിലേക്ക് ഇവ വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ ബോധപൂര്‍വ്വം കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന പരിശോധനയും പോലീസ് നടത്തുന്നുണ്ട്. കവര്‍ച്ച നടന്ന പോളീഇട്ടമ്മല് റോഡില്‍ നാളുകളായി തെരുവ് വിളക്കുകള്‍ കത്താറില്ല. ഇത് കവര്‍ച്ചക്കാര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. സന്ധ്യ മയങ്ങിയാല്‍ അന്യദേശ തൊഴിലാളി കളുടെയും സാമൂഹ്യ വിരു ദ്ധരുടെയും താവളമായി ഇവിടം മാറുന്നുണ്ട്. അതേസമയം കുടുംബത്തിന്റെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പള്ളിക്ക് തൊട്ടടുത്താണ് കവര്‍ച്ച നടന്ന വീട്. രണ്ടു ദിവസം മുമ്പ് സലീമിന്റെ മാതാവ് നഫീസത്ത് തൈക്കടപ്പുറത്തുള്ള തന്റെ മകളുടെ വസതിയിലേക്ക് പോയിരുന്നു. സലീമിന്റെ ഭാര്യാപിതാവ് ആറങ്ങാടി സ്വദേശി കെ എം മുഹമ്മദും കുടുംബവും ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നതിനാല്‍ സലീമിന്റെ ഭാര്യ സുല്‍ഫാന സ്വന്തം വസതിയിലേക്കും പോയി. ശനിയാഴ്ച രാത്രി 11 മണി വരെ സലീം തനിച്ച് വീട്ടിലുണ്ടായിരുന്നു. 11 മണിക്ക് ശേഷം വീട് അടച്ചുപൂട്ടി സലീം ഭാര്യവീട്ടിലേക്ക് പോയി. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഗോദ്റേജ് ഷെല്‍ഫിലായിരുന്നു സലീമിന്റെ ഭാര്യ സുല്‍ഫാനയുടെയും മാതാവ് നഫീസത്തിന്റെയും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. രണ്ടുമാസം മുമ്പ് വിവാഹിതയായ സുല്‍ഫാനയുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം ചെയ്ത നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ കവറുകള്‍ പൊട്ടിച്ച് ആഭരണങ്ങള്‍ മുഴുവന്‍ കവര്‍ന്നു. മറ്റൊരു അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുടെ കൂട്ടത്തില്‍ നിന്ന് മുക്കുപണ്ടങ്ങള്‍ കിടക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അതുകൊണ്ടു തന്നെ സ്വര്‍ണവും മുക്കും പരിശോധിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് കൃത്യമായ സമയം ലഭിച്ചുവെന്ന് വേണം കരുതാന്‍. ഞായറാഴ്ച പകല്‍ കവര്‍ച്ച നടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.