Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ചു; ഗുരുതര സുരക്ഷ വീഴ്ചയെന്ന് വിമര്‍ശനം

പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ചു; ഗുരുതര സുരക്ഷ വീഴ്ചയെന്ന് വിമര്‍ശനം

Written By Muhimmath News on Friday, 24 August 2018 | 11:54
























കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്. 

പശുക്കളെ നോക്കുന്നതായിരുന്നു ജയിലില്‍ സൗമ്യയുടെ ചുമതല. രാവിലെ പുല്ലരിയാന്‍ പോയ സൗമ്യയെ ഒമ്പതരയോടെ കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി.
സൗമ്യയുടെ പിതാവ് പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീര്‍ത്തന(ഒന്നര) എന്നിവരെയാണ് എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്‍കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. 

ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.

മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രമാദമായ കേസിലെ പ്രതിയായിട്ടും ജയില്‍ ഉദ്യോഗസ്ഥര്‍ മതിയായ ശ്രദ്ധ കൊടുക്കാതിരുന്നതാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved