അബുദാബി : അലിഫ് മീഡിയ അബുദാബിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ രണ്ടാമത് മാധ്യമ അവാര്‍ഡിന് റാശിദ് പൂമാടം അര്‍ഹനായി.സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫും, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ടുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ നല്കിയ സംഭാവന പരിഗണിച്ചാണ് മാധ്യമ മേഖലയില്‍ നിന്നും റാശിദ് പൂമാടത്തിനെ അവാര്‍ഡിനായി പരിഗണിച്ചത്. സാമൂഹ്യ, ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് റാശിദ് പൂമാടത്തിനെ അവാര്‍ഡിനായി പരിഗണിക്കാന്‍ കാരണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറാജ് ദിനപ്പത്രത്തില്‍ സ്റ്റാഫ് റിപോര്‍ട്ടറായി പ്രവര്‍ത്തിക്കുന്ന റാശിദ് പൂമാടം, സിറാജ് ദിനപത്രത്തില്‍ അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രാദേശിക റിപോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ 2015ല്‍ ഐ എം സി സി പ്രഥമ സേട്ട് സാഹിബ് മാധ്യമ അവാര്‍ഡ്, 2016ല്‍ യു എ ഇ ആഭ്യന്തര മന്ത്രാലയ മാധ്യമ അവാര്‍ഡ്, 2017 ല്‍ ദര്‍ശന സാംസ്കാരിക വേദി മാധ്യമ ശ്രീ അവാര്‍ഡ് തുടങ്ങിയ ചെറുതും,വലുതുമായ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഒക്ടോബര്‍ നാലിന് വൈകിട്ട് ഏഴിന് അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന അലിഫ് മീഡിയയുടെ നാലാം വാര്ഷികതോടനുബന്ധിച്ചു നടക്കുന്ന മെഹ്ഫില്‍ നൈറ്റ് വേദിയില്‍ അവാര്‍ഡ് സമ്മാനിക്കും. കാസര്‍കോട് ജില്ലയിലെ നീലേശ്വരം ആനച്ചാല്‍ സ്വദേശിയായ റാശിദ് പൂമാടം പ്രവാസിയാകുന്നതിന് മുമ്പ് നാട്ടിലും പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്നു. ടി വി കുഞ്ഞഹമ്മദ്, ബീഫാത്തിമ പൂമാടം ദമ്പതികളുടെ മൂത്തമകനാണ്. പയ്യന്നൂര്‍ സ്വദേശിനി ഫാത്തിമത്ത് സഫീദയാണ് ഭാര്യ, മകന് ഐമന് അഹമ്മദ്. ഇത് രണ്ടാം തവണയാണ് അലിഫ് മീഡിയ മാധ്യമ അവാര്‍ഡ് നല്‍കുന്നത്.