Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » സാറെ, ഇത് മര്യാദി പോന്നെ കേസാ!

സാറെ, ഇത് മര്യാദി പോന്നെ കേസാ!

Written By Muhimmath News on Sunday, 23 September 2018 | 16:15


കോളേജ് പഠനകാലത്ത് കേരള-കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സംസ്ഥാനത്ത് നടക്കുന്ന വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് വാക്ക് പോര് നടന്നിരുന്നു. പ്രധാനമായും കേരളീയര്‍ കര്‍ണ്ണാടകക്കാരെ തളര്‍ത്തിയിരുന്നത് റോഡ് വികസനത്തിന്റെ മേന്മ പറഞ്ഞായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കിയാണ് കര്‍ണ്ണാടകയില്‍ എത്തിയതറിഞ്ഞിരുന്നത്.'നിങ്ങള്‍ത് ഈസാ നബീന്റെ കാലത്തെ റോഡ്പ്പാ' എന്നൊക്കെയായിരുന്നു കേരളീയരുടെ പരിഹാസം. അത് മതി അവര്‍ വെള്ളം കുടിക്കാന്‍... 
     
പണിപ്പുരയില്‍ ഉള്ള പുസ്തകത്തിന്റെ വിഷയ സമാഹരണത്തിന് സുഹൃത്തിന്റെ സ്‌കൂട്ടറെടുത്ത് കഴിഞ്ഞ ദിവസം ചെര്‍ക്കള -കല്ലട്ക്ക റോഡ് വഴി പുത്തൂരില്‍ പോയപ്പോഴാണ് പണി പാളിയത്. സഹയാത്രികനായി പഴയ കര്‍ണ്ണാടക സുഹൃത്ത് ഉണ്ടായിരുന്നുവെങ്കില്‍ കഴുത്ത് ഞെരിച്ച് കൊന്നേനെ! പടച്ചോന്‍ കാത്ത്. ഇതിലും ഭേദം കര്‍ണ്ണാടകക്കാരുടെ ഈസാ നബീന്റെ കാലത്തെ റോഡെന്നെയായിരുന്നു...! പാടത്ത് പണിക്ക് വരമ്പത്തെ കൂലിയേക്കാളും പെട്ടെന്നായിരുന്നു ഈ ഗതികേട് കേരളീയര്‍ അനുഭവിച്ചത്.
     
കര്‍ണാടക അതിര്‍ത്തിവരെ നരകതുല്യ യാത്രയായിരുന്നു. പഴമക്കാരുടേത് കുന്നും മലയും താണ്ടിയ യാത്രയായിരുന്നുവെന്ന് പലരില്‍ നിന്നും  കേള്‍ക്കുകയും വായിക്കുകയും ചെയതിരുന്നു. അത്തരം കുന്നും മലയും ഈ വഴി പോകുന്നവരും അവരറിയാതെ താണ്ടുന്നു. കര്‍ണാടകയില്‍ പ്രവേശിച്ചാല്‍ മലമുകളിലെത്തിയ ആശ്വാസമായിരുന്നു മനസ്സില്‍. നമ്മുടെ സര്‍ക്കാറുകള്‍ ജനങ്ങളോട് ബല്ലാത്ത ചതിയാ ചെയ്തത്... അല്ല സാറെ.. ഇത് നമ്മുടെ മര്യാദി പോന്നെ കേസാ! എന്തെങ്കിലും ചെയ്തുടെ?
     
ഒരു ദിവസമെങ്കിലും നമ്മുടെ മുഖ്യനടക്കമുള്ള മന്ത്രിമാര്‍ ഓട്ടോ റിക്ഷയില്‍ ഈ വഴി യാത്ര നടത്തണം. അപ്പോള്‍ അറിയാം ഭരണത്തിന്റെ മറിമായം. ഈ ദുരവസ്ഥ തുടരാനാണ് സര്‍ക്കാറുകള്‍ക്ക് മോഹമെങ്കില്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ എല്ല് തയ്മാന സുശ്രൂഷ ലഭിക്കുന്ന മെഡിക്കല്‍ കോളേജും അടിയന്തിരമായി ആരംഭിക്കേണ്ടിവരും. കര്‍ണാടക സര്‍ക്കാറിന്റെ കീഴില്‍ ആയാല്‍ വരുമെന്ന് പ്രതീക്ഷിക്കാം. കേരള സര്‍ക്കാര്‍ പറഞ്ഞാല്‍ ഉക്കിനടുക്കപോലെ മരീചികയാകാന്‍ സാധ്യത ഉണ്ട്. മണ്ടമ്മാരുടെ ലണ്ടനല്ലല്ലോ ഇത്.
    
കാലങ്ങളായി വേദന അനുഭവിക്കുന്ന യാത്രക്കാരുടെ കണ്ണീര് കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാറിന് സാധിക്കാത്തത് ഖേദകരമാണ്. ഇന്നത്തെ അടിസ്ഥാന സൗകര്യം സുഖകരമായ യാത്രക്കുള്ള റോഡുകളാണെന്നത് സര്‍ക്കാറുകള്‍ മറക്കരുത്്.  മുമ്പ് പാകിയ ടാറിംഗിന്റെ പൊടിപോലും ചിലയിടങ്ങളില്‍ കാണാനില്ല. മഴക്കാലത്ത് തോടാണ് ഈ റോഡ്. റോഡിന്റെ ദയനീയതയില്‍ കണ്ണീര്‍ കുടിക്കുന്നത് യാത്രക്കാരും നാട്ടുകാരുമാണ്.ഇരു ചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് പരിക്ക് പറ്റിയ യാത്രക്കാര്‍ ആസ്പത്രികളില്‍ കിടന്ന് കണ്ണീര്‍ കുടിക്കുന്നു. ജീവച്ഛവമായവരുടെ നിലവിളി ചുമരുകള്‍ക്കുള്ളില്‍ ഇടിനാദമായി മുഴങ്ങുന്നു.റോഡില്ലാത്ത കാരണം കൊണ്ട് മാത്രം വിവാഹം മുടങ്ങി വീട്ടില്‍ പുരനിറഞ്ഞ് കിടക്കുന്ന സ്ത്രീ പുരുഷന്മാരുടെ നൊമ്പരം താങ്ങാനാവാതെ വിഷമിക്കുന്ന രക്ഷിതാക്കള്‍ നാടിന്റെ വേദനയായി മാറുന്നു. ആസ്പത്രിയില്‍ എത്താന്‍ വൈകിയത് കാരണമായി വാഹനങ്ങളില്‍ പ്രസവിക്കുന്നു. അത്യാസന്നമായി കിടക്കുന്ന രോഗികളെ കൊണ്ട് പോകുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കൃത്യ സമയത്ത് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ പലരും വാഹനത്തില്‍ അന്ത്യശ്വാസം വലിക്കുന്നു. പൊട്ടി പൊളിഞ്ഞ ഈ റോഡില്‍ നിത്യ യാത്ര ചെയ്യുന്നവര്‍ ധൂളികള്‍ ശ്വസിച്ച് നിത്യ രോഗികളാകുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ ഉള്ള വീടും മറ്റ് കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം പൊടിപടലത്താല്‍ നശിക്കുന്നു. നിരന്തരം പൊടിപടലം ശ്വസിക്കേണ്ടി വരുന്നതിനാല്‍ നാടും വീടും ഉപേക്ഷിച്ച് പലരും ഓടുന്നു. കച്ചവട സ്ഥാപനങ്ങളിലുള്ള പഴം പച്ചക്കറികളും മറ്റ് നിത്യേ പയോഗ സാധനങ്ങള്‍ക്കെല്ലാം കേട് പാടുകള്‍ സംഭവിച്ച് ഉപയോഗ്യശൂന്യമാകുകയും തല്‍ഫലമായി ഭീമമായ സംഖ്യ നഷ്ടമാവുകയും ചെയ്യുന്നു. പരിസരങ്ങള്‍ വൃത്തിഹീനമാകുമ്പോള്‍ നാടിന്റെ പ്രകൃതി അഭംഗിയാവുന്നു. ഓടുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് സാമ്പത്തീക നഷ്ടം സംഭവിക്കുന്നു. വാഹനങ്ങളുടെ സാമഗ്രികള്‍ നശിച്ച് കമ്പനിയില്‍ എത്തിയാല്‍ ഉപഭോക്താവിനെ അറുത്ത് കാശാക്കുന്നു. കുണ്ടും കുഴിയും താണ്ടി പോകുന്ന വാഹനങ്ങള്‍ക്ക് അധിക ഇന്ധനച്ചെലവും വേണ്ടിവരുന്നു.ഇന്ധനത്തിനാണെങ്കില്‍ പൊന്ന് വിലയും.സത്യത്തില്‍ ജനദ്രോഹികളായ ഇത്തരം സര്‍ക്കാറുകളേക്കാള്‍ നല്ലത് രാജഭരണമായിരുന്നു.  ഗതാ കതവകുപ്പിന്റെ പിഴയും വന്നാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ ജനങ്ങള്‍ തളരുന്ന കാഴ്ചയാണ് റോഡിന്റെ അനാസ്ഥ കാരണമായി ജനം അനുഭവിക്കുന്ന വേദന. കൂലങ്കശമായി ചിന്തിച്ചാല്‍ സര്‍ക്കാര്‍ ജനങ്ങളോടും രാജ്യത്തോടും ചെയ്യുന്ന ഈ കൊടും ക്രൂരത അറിഞ്ഞില്ലെന്ന് നടിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന പാതകമല്ലെങ്കില്‍ പിന്നെന്ത്...?
    
മാറി മാറി വരുന്ന സര്‍ക്കാറിന്റെ മോഹന വാഗ്ദാനങ്ങള്‍ 'വാക്ക് ദാനങ്ങളായി 'മാറുന്നു. പ്രബുദ്ധ കേരളം പ്രക്ഷുബ്ധ കേരളമാകാന്‍ വഴിയൊരുക്കുകയാണ് ബന്ധപ്പെട്ടവര്‍. കിട്ടുന്ന നികുതി പണം മതി ഈ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍.നാടിന്റെയും റോഡിന്റെയും വികസനം ആഗ്രഹിക്കുന്നവരായ ഇവിടുത്തുകാര്‍ക്ക് ലഭിക്കുന്നത് അവഗണനയുടെ കൈയ്പ്പുനീര്‍ മാത്രം.
     
കാസര്‍കോട് നിയോജന മണ്ഡലത്തിലെ പ്രധാന റോഡായ ബദിയടുക്ക -സുള്ള്യപ്പദവ് മലയോര ഹൈവെയ്ക്ക് പഞ്ചായത്ത് റോഡിന്റെ വികസനം പോലും കാണുന്നില്ല. മുള്ളേരിയ -കിന്നിംഗാര്‍ റോഡും തഥൈവ. കേരളത്തിന്റെ മറ്റ് ജില്ലകളില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ പോലെയാണ് ഇവിടുത്തുകാരുടെ വാഹനങ്ങളും. അവിടെയുള്ളവരെപ്പോലെയാണ് ഇവിടെയുള്ളവരും. എഞ്ചിനും ബോഡിയും ഒരേ കമ്പനിയും കാലവധിയുമാണ്. വോട്ടെണ്ണത്തിന്റെ വര്‍ദ്ധനവ് മാത്രമാണ് ഇവിടെത്തെ വികസനം. മറ്റെല്ലാ ഭൗതിക വികസനങ്ങള്‍ ആവിയായി മായുന്നു... ചുരുക്കത്തില്‍' കാസര്‍കോടെന്ന് കേട്ടാല്‍ അഭിമാന പൂരിതമന്തരങ്കം
റോഡൊന്ന് കണ്ടാല്‍ അപമാന പൂരിതം മഹാ തുരങ്കം'..... മറക്കില്ല ഈ പാതകം മനുഷ്യനുള്ള കാലം...?

എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved