Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » ഇങ്ങനെയാവണം ഖത്വീബുമാര്‍

ഇങ്ങനെയാവണം ഖത്വീബുമാര്‍

Written By Muhimmath News on Tuesday, 25 September 2018 | 18:53


ഖാളിയും ആത്മീയ നായകനും മാര്‍ഗദര്‍ശിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കൊപ്പം കോഴിക്കോട്ടേക്കായിരുന്നു യാത്ര. വെളളിയാഴ്ച ദിവസമായതിനാല്‍ ജുമുഅ ഖുത്ബക്കായി കണ്ണൂര്‍ ജില്ലയിലെ ഹൈവേക്ക് സമീപമുള്ള പള്ളിയില്‍ കയറി.തങ്ങള്‍ക്ക് മുശാവറ യോഗത്തില്‍ പങ്കെടുക്കാന്‍ ഉള്ളതിനാല്‍ അല്‍പം തിരക്കുണ്ടായിരുന്നു. മിമ്പറില്‍ കയറിയ ഖത്വീബിന്റെ  ഖുതുബ കഴിയാന്‍ അരമണിക്കൂര്‍ നേരമെടുത്തു. പോരാത്തതിന്  നിസ്‌കര ശേഷം അദ്ദേഹം പഠിച്ചു വെച്ച എല്ലാ ദുആയും. വാസ്തവത്തില്‍ പള്ളിയില്‍ വന്നവര്‍ക്ക് മിനി മഹ്ശറയായിരുന്നു അന്ന്. പലരും യാത്രക്കാരായിരുന്നു. പളളിയില്‍ നിന്നിറങ്ങിയ ജനങ്ങളുടെ മുഖത്ത് ഒരു തരം ശുണ്ഡി.
      
മറ്റൊരിക്കല്‍ തൃശൂരില്‍ പോയി തിരിച്ച് വന്നത് ചമ്രവട്ടം വഴിയാണ്. പരപ്പനങ്ങാടിക്കടുത്ത ഒരു പള്ളിയില്‍ സുബ്ഹ് നിസ്‌കാരത്തിന് പങ്കെടുത്തു. രണ്ട് റകഅത്ത് നിസ്‌കാരവും ദുആയും തീര്‍ന്നപ്പോള്‍ ഹിസാബ് കഴിഞ്ഞ്  സ്വര്‍ഗത്തില്‍ എത്തിയ പോലെ. അവിടെയും കാര്യം തഥൈവ.. ചില റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള പള്ളികളിലെ ഇമാമീങ്ങളും ഇത്തരം  മടുപ്പിക്കല്‍ ശൈലി സ്വീകരിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളില്‍ അടിയന്തിരമായി പോകാനുള്ളവര്‍ക്ക് വലിയ മനപ്രയാസം സൃഷ്ടിക്കാന്‍ കാരണമാകുന്ന ഇത്തരം പ്രവണത ഒരു തരം വെറുപ്പിക്കലിസമാണ്. അല്ലെങ്കില്‍ പൊരിക്കലിസം. നിസ്‌കാരവും ഖുത്ബയും  ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനുള്ള ഇടമായി മാറരുത്.     ജമാഅത്ത് നിസ്‌കാരത്തിനും ജുമുഅക്കുമെല്ലാം അതിന്റേതായ ശൈലികളും രീതികളും ഉണ്ട്.കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പണ്ഡിതന്മാര്‍ വിവരിച്ചത് ഒരാവര്‍ത്തിയെങ്കിലും ഖത്വീബും ഇമാമുമാരും  വായിച്ച് മനസിലാക്കുന്നത് നന്ന്. സന്ദര്‍ഭവും സാഹചര്യവും മനസിലാക്കി ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതായിരിക്കും ഉചിതം.
    
പ്രമുഖനായ ഒരു സ്വഹാബി നിസ്‌കാരത്തിലെ ഖുര്‍ആനോത്ത് അല്‍പം ദീര്‍ഘിപ്പിച്ചതിന് പ്രവാചകന്റെ സന്നിധിയില്‍ പരാതിയുമായി വന്ന സംഭവം സുപരിചിതമാണല്ലോ. നിസ്‌കാര ശേഷമുള്ള ദുആക്ക് ദൈര്‍ഘ്യമേറുന്നതിനാലാണ് പലയിടത്തും  തനിച്ച് നിസ്‌ക്കരിച്ച് തടി സലാമത്താക്കാന്‍ പലരും ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക്   ജമാഅത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇമാമീങ്ങളുടെ ദീര്‍ഘമായ ഖിറാഅത്തും പ്രാര്‍ത്ഥനയും വൈമനസ്യം സൃഷ്ടിക്കുന്നതിനാല്‍ വണ്ണമായ പ്രതിഫലത്തില്‍ നിന്നും ദൂരയാകാന്‍ ഹേതുവാരുന്നു. ഫര്‍ള് നിസ്‌കാരത്തിന് ശേഷം പതിവാക്കേണ്ട പ്രത്യേക ദുആ മാത്രം ഉള്‍കൊള്ളിച്ചുള്ള പ്രാര്‍ത്ഥനയാണെങ്കില്‍ ഇത്തരം പരാതികളെ പരിഹരിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല
    
തിരക്കേറിയ റോഡിന്റെ സമീപത്തും ടൗണിലുമുള്ള പള്ളികളിലും ബന്ധപ്പെട്ടവര്‍  കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത് നല്ലതാണ്. കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും അതിന്റേതായ തിരക്കുകള്‍ കാണും. രോഗികള്‍ക്കും വൃദ്ധര്‍ക്കും അനാരോഗ്യം ചടുപ്പിക്കും. അവരെ കൂടുതല്‍ സമയം പിടിച്ച് നിര്‍ത്തുന്നത് സമയോചിതമല്ലെന്നതാണ് ശരി. ചിലയിടങ്ങളില്‍ ഖുത്ബക്ക് മുമ്പ് നടക്കുന്ന പ്രസംഗവും സദസിന് അരോചകമാവുന്നു. ഖുത്ബക്ക് ശേഷം നടക്കുന്ന പ്രസംഗവും ചില മഹല്ലുകളില്‍ ഖത്തീബ് മാര്‍ക്ക് ദുഷ്‌പേര് സൃഷിടിക്കുന്നു. ഖുത്ബക്ക് മുമ്പ് നടക്കുന്ന പ്രസംഗങ്ങള്‍ നിഷിദ്ധമെന്നാണ് സമസ്തയുടെ ഫത്‌വ. ഇത് വെള്ളിയാഴ്ചക്ക് മാത്രം ബാധകമെന്നാണ് അധിക പേരും തെറ്റിദ്ധരിച്ചിരിക്കുന്നത്. രണ്ട് പെരുന്നാള്‍ നിസ്‌കാരത്തിലും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്ബക്കും വേണ്ടി വരുന്നവരെ കണക്കിന് പൂശാനുള്ള സമയമായി അതിനെ ചിലവഴിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. 
      
സദസ്യരുടെ മനസ് വായിക്കുന്ന പ്രഭാഷകന്മാര്‍ക്ക് മാത്രമേ  ജനമനം കവരാന്‍ സാധിക്കൂ. കുറേ പറഞ്ഞു തീര്‍ക്കുന്നതിനേക്കാള്‍ പറയുന്നത് പഠിക്കാനും ചിന്തിക്കാനും ഉതകും വിധത്തിലാകണം.
     
പറഞ്ഞു വരുന്നത് ഞാന്‍ അറിയുന്ന ഒരു ഖത്വീബിനെയാണ്. ഉദൃത വരികളില്‍ വായിച്ചതിന് വിപരീതമാണ് അദ്ദേഹം. മലപ്പുറം ജില്ലയിലെ കാവുംപുറം സ്വദേശിയായ അബ്ബാസ് സഖാഫിയാണ് കഥാ പുരുഷന്‍. കട്ടത്തടുക്കയിലെ മുഹിമ്മാത്ത് ക്യാമ്പസില്‍ ഖത്വീബും ഇമാമുമായ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഇത്തിരി കാര്യങ്ങള്‍ ഉണ്ട്. പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന്റെ ശൈലി പെരുത്തിഷ്ടമായി. ഒരു വെള്ളിയാഴ്ച യാദൃശ്ചികമായി മുഹിമ്മാത്തില്‍ ജുമുഅക്ക് പങ്കെടുത്തപ്പോഴാണ് മനസ്സ് ആനന്ദത്താല്‍ ആറാടിയത്. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സില്‍ ഖുതുബക്ക് പങ്കെടുത്തപ്പോള്‍ ഈ ഒരു റാഹത്ത് ഉണ്ടായിരുന്നു. പിന്നീടൊരിക്കല്‍ വിദ്യാനഗറിലെ സഅദിയ്യ സെന്ററില്‍ അയ്യൂബ് ഖാന്‍ സഅദിയുടെ ഖുത്ബയിലും അനുഭൂതി ലഭിച്ചിരുന്നു. അബ്ബാസ് സഖാഫിയുടെ  ലളിതവും ഹ്രസ്വവും ഗഹനവും സ്ഫുടവുമായ ഖുതുബ സ്രോതാക്കള്‍ക്ക് ഹരവും അനുഭൂതിയും നല്‍കുന്നു. നിസ്‌കാരവും ശേഷമുള്ള ദുആയിലെല്ലാം അദ്ദേഹം മഅമൂമിങ്ങളെ പരിഗണിക്കുന്നു. അതിന്റെ അനുഭൂതി അറിഞ്ഞവര്‍ എല്ലാ വെള്ളിയാഴ്ചകളിലും  ജുമുഅ ജമാഅത്തിന് വേണ്ടി മുഹിമ്മാത്തിലെത്തുന്നു. ജുമുഅക്ക് ശേഷം അദ്ദേഹം നടത്തുന്ന ആറോ ഏഴോ മിനുറ്റില്‍ ഒതുങ്ങിയ പ്രസംഗത്തില്‍ ആനുകാലികവും മതവും ഉള്‍കൊള്ളുന്നു. ആമുഖമില്ലാത്ത അദ്ദേഹത്തിന്റെ പ്രസംഗത്തിന് പത്തരമാറ്റുണ്ട്. ഖത്വീബുമാര്‍ക്ക് മാതൃകയാവട്ടെ ഈ ഖതീബ്.


ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved