Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , » ബായാര്‍ ഉസ്താദിന് ഭക്തിനിര്‍ഭര യാത്രാമൊഴി

ബായാര്‍ ഉസ്താദിന് ഭക്തിനിര്‍ഭര യാത്രാമൊഴി

Written By Muhimmath News on Thursday, 20 September 2018 | 13:54
ഉപ്പള:  പ്രമുഖ പണ്ഡിതനും ബായാര്‍ മുജമ്മഅ് സ്ഥാപക പ്രസിഡന്റും മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗവും സമസ്ത മുശാവറ അംഗവുമായിരുന്ന  ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ക്ക് ആയിരങ്ങളുടെ ഭക്തിനിര്‍ഭര യാത്രാമൊഴി.

ബുധനാഴ്ച നോമ്പുതുറയ്ക്കു ശേഷം മഗ്‌രിബ് നിസ്‌കാരത്തിനുമുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിലെ സുജൂദില്‍ കിടന്ന് അന്ത്യശ്വാസം വലിച്ച ഉസ്താദിന്റെ നിഷ്‌കളങ്ക വ്യക്തിജീവിതത്തിലൂടെ ജനമനം കവര്‍ന്നതിനാല്‍ ആയിരങ്ങളായിരുന്നു അവസാന നോക്കുകാണാന്‍ വീട്ടിലെത്തിയത്.

മരണവിവരമറിഞ്ഞതുമുതല്‍ അണയാതെ ബായാര്‍ ലക്ഷ്യംവെച്ച് കേരള-കര്‍ണാടകയില്‍നിന്ന് എത്തിയ ആയിരങ്ങള്‍ അവസാനസമയം വരെ ഉസ്താദിനെ യാത്രയയക്കാന്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയുടെ ഉത്തമ ഉദാഹരണമാണ്. 
നീണ്ടകാലത്തെ ജ്ഞാനതപസ്യക്കുശേഷം ഷിറിയ, ചിറക്കല്‍, കിന്യ, കുമ്പള, ചെറുവത്തൂര്‍, മണ്ണംകുഴി, സുബ്ബൈക്കട്ട, മഞ്ഞനാടി, തെരുവത്ത്, ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ മുദരീസായി സേവനം ചെയ്തതിനുശേഷം സ്വദേശമായ ബായാര്‍ മുജമ്മഇല്‍ ദര്‍സ് ആരംഭിക്കുകയും അവസാനകാലം വരെ അത് തുടരുകയുമായിരുന്നു. 

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ ബായാര്‍ മുജമ്മഅ് ആരംഭിച്ച കാലംമുതല്‍ അതിന്റെ പ്രസിഡന്റാകുകയും തങ്ങളുടെ നിര്‍ദ്ദേശപ്രകാരം ദര്‍സ് ആരംഭിക്കുകയുമായിരുന്നു ബായാര്‍ ഉസ്താദ്. 

ജില്ലയിലെ സുന്നീ സംഘടനകളുടെ പ്രവര്‍ത്തനവീഥിയിലും മുഹിമ്മാത്ത്, ബായാര്‍ മുജമ്മഅ് പോലെയുള്ള സ്ഥാപനങ്ങളുടെ വിജയത്തിലും ബായാര്‍ ഉസ്താദിന്റെ സേവനം അനിര്‍വ്വചനീയമായി എണ്ണാവുന്നതാണ്. സമസ്ത നേതാക്കളുമായി അഭേദ്യബന്ധം സ്ഥാപിച്ച അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. സല്‍സ്വഭാവവും എളിമയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.  ശാരീരിക അസ്വസ്ഥതകാരണം മാസങ്ങള്‍ക്കുമുമ്പ് വിശ്രമത്തില്‍ ഏര്‍പ്പെടുന്നതുവരെ സുന്നീ സമ്മേളന വേദികളില്‍ നിറസാന്നിധ്യമായിരുന്ന ഉസ്താദിന്റെ ഓര്‍മ്മ ഇനി ആയിരങ്ങളുടെ ഹൃദയത്തില്‍ പ്രശോഭിക്കുമെന്നതില്‍ സംശയമില്ല. 

രാവിലെ 10.30ന് ബായാറിലെ സ്വഗൃഹത്തില്‍ നിന്ന് ജനാസ മുളിഗദ്ദെയിലെ ജമാഅത്ത് പള്ളിയില്‍ എത്തിക്കുകയും സമസ്ത കേന്ദ്ര മുശാറവ ഉപാധ്യക്ഷന്‍ ശൈഖുനാ എം അലിക്കുഞ്ഞി ഉസ്താദിന്റെ നേതൃത്വത്തില്‍ മയ്യത്ത് നിസ്‌കരിക്കുകയും തുടര്‍ന്ന് ജനാസ താന്‍ നെഞ്ചിലേറ്റിയ ബായാര്‍ മുജമ്മഅ് മസ്ജിദിലെത്തിക്കുകയും നിലവില്‍ മുജമ്മഅ് പ്രസിഡന്റായ അസ്സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ജനാസ നിസ്‌കരിക്കുകയും ചെയ്തു. 

നിരവധി സാദാത്തീങ്ങളും പണ്ഡിതന്മാരും മുതഅല്ലിമീങ്ങളും ഉമറാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ച ജനാസ നിസ്‌കാരത്തിനുശേഷം മസ്ജിദിന്റെ പരിസരത്ത് ബായാര്‍ ഉസ്താദിന് അന്ത്യയാത്രാമൊഴി നേര്‍ന്നു.
വീട്ടില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. മുഹിമ്മാത്ത് മുദര്‍രീസ് അബ്ദുര്‍റഹ്മാന്‍ അഹ്‌സനി തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. 

സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍,
എം.എ ഖാസിം മുസ്ലിയാര്‍, ഖാസിം മദനി കറായ, കന്തല്‍ സൂപ്പി മദനി, ജാഫര്‍ സി.എന്‍., അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹസന്‍കുഞ്ഞി മള്ഹര്‍, സിദ്ദീഖ് സഖാഫി ആവളം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം തുടങ്ങിയനേതാക്കള്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved