Latest News :
Home » » വേണം ഹർത്താലുകൾക്കെതിരെ ഒരു ഹർത്താൽ

വേണം ഹർത്താലുകൾക്കെതിരെ ഒരു ഹർത്താൽ

Written By Muhimmath News on Tuesday, 11 September 2018 | 11:53ഹർത്താലിനെതിരെ പുനർവിചിന്തനത്തിന് തയാറാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വർഷത്തിൽ ശരാശരി മലയാളി ഇരുപതും മുപ്പതും ഹർത്താലിനാണ് സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ഹർത്താൽ ഏത് രാഷ്ട്രീയ കക്ഷി നടത്തിയാലും അതിന്റെ ഭവി ഷത്തുകൾ അനുഭവിക്കേണ്ടത് പാവപ്പെട്ട ജനങ്ങളാണ്.  ഒരു കക്ഷി വില കൂട്ടിയും കുറച്ചും  ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ മറു കക്ഷികൾ അതിനെതിരായി ഹർത്താൽ നടത്തി ബുദ്ധിമുട്ടിക്കുന്നു. ഇത് രണ്ടിലും കണ്ണീർ കുടിക്കേണ്ടത് ജനങ്ങളാണ്.

        പെട്രോൾ- ഡീസലിന് ദൈനം ദിനം വില കൂടി കോണ്ടിരിക്കുന്നു എന്നത് സത്യമാണ്. പക്ഷേ ഇതിനെതിരെ  ജനങ്ങളെ  ആകെ ബുദ്ധിമുട്ടിലാക്കി ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് കൊണ്ട് എന്ത് കാര്യം. എന്തിനാണ് ഹർഞ്ഞാൽ എന്ന സമരം. വിറകുവെട്ടുന്നതിനെതിരെ മരം വെട്ടി പ്രതിഷേധിക്കുക എന്നത്  പോലയാണ് ഈ ഹർത്താൽ സമരം.നേതാവിനെയോ, ഓഫീസോ ആക്രമിക്കപ്പെട്ടാല്‍ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തി ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമോ?.. ഭരണകക്ഷികൾക്കോ ഹർത്താൽ നടത്തുന്നവർക്കോ അല്ല ഇതിന്റെ ദുരിതം.സാധാരണക്കാരായ ജനങ്ങൾക്ക് മാത്രമാണ് ഹർത്താൽ ദുരിതങ്ങളെല്ലാം.ഹർത്താൽ ഇന്ന് ശാപമായി മാറിയിരിക്കുന്നു

       എന്തിനാണ് ജനങ്ങളെ ഇങ്ങനെ അക്രമിക്കുന്നത്. ഒരാൾ  കോല്ലപെട്ടാൽ പിറ്റേ അദ്ദേഹത്തിന്റെ പാർട്ടി കാരുടെ ഹർത്താൽ.ഹർത്താൽ സംസ്ഥന തലത്തിലാണെങ്കിൽ സർക്കാരിനും ജനങ്ങൾക്കും കോടികളാണ് നഷ്ടം. എന്നാൽ അത് കേന്ദ്ര തലത്തിലാണെങ്കിൽ അതിന്റെ പത്ത് മടങ്ങ് നഷ്ടം.ഇങ്ങനെയുള്ള നഷ്ടങ്ങൾ ഉണ്ടാക്കുന്ന ഹർത്താലിനെ നിയന്ത്രിച്ചു കൂടെ.  എന്തിനും ഏതിനും ഹർത്താൽ എന്ന മനോഭാവത്തിൽ നമുക്ക് മാറിക്കൂടെ ? ആവശ്യമുള്ളതും ഇല്ലാത്തതും നിരോധിച്ചു കൊണ്ടിരിക്കുന്ന കോടതി ഹർത്താലിനെതിരെ ശബ്ദിക്കണം.ഹർത്താലിനു പകരം ഒരു സമരമോ ,മാർച്ചോ നടത്തി ഒതുക്കികൂടെ? ഹർത്താലുകൾ  നിരോധിച്ച് മറ്റു ബദൽ സമരമാർഗങ്ങൾ സ്വീകരിക്കാൻ തയ്യാറാകണം.

   സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍ ? രാഷ്ട്രീയ നേതാവിന് പനി പിടിച്ചാല്‍ ഹര്‍ത്താല്‍, തുമ്മിയാല്‍ ഹര്‍ത്താല്‍, പകർച്ചാ വ്യാധി വന്നാൽ ഹര്‍ത്താല്‍, അങ്ങനെ എല്ലാത്തിനും എന്തിന് ഹര്‍ത്താല്‍ ? സത്യത്തില്‍ എന്തിനാണീ രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത് ?ചിലർക്ക് എന്തിനാണെന്ന് പോലും അറിയാതെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നതും കൊണ്ടാടുന്നതും. ് ചുരുക്കത്തിൽ ഹര്‍ത്താല്‍ കേരളീയരുടെ ദേശീയോത്സവമായി വരെ മാറിയിരിക്കുന്നു.

പ്രിയ രാഷ്ട്രീയക്കാരേ നിങ്ങള്‍ ശക്തി കാണിക്കുകയോ പ്രതികരിക്കുകയോ എന്ത് വേണമെങ്കിലും ചെയ്‌തോളൂ.പക്ഷെ എന്തിനാ പാവം ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ? ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും തന്നെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ രാഷ്ട്രീയമാണല്ലോ നമ്മുടെ നാടിന്റെത്, അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ശല്യമായ ഈ ഹര്‍ത്താല്‍ നമ്മള്‍ അനുവദിക്കേണ്ടതുണ്ടോ ?
ഹര്‍ത്താലു കൊണ്ട് നമ്മുടെ നാടിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് നമുക്കും നാടിനും നഷ്ടം മാത്രമേ ഉള്ളൂ ,ആകെ ഉള്ള ലാഭം ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടിക്കാരുടെ ഞങ്ങള്‍ വിജയ പൂര്‍വ്വം ഹര്‍ത്താല്‍ നടത്തി എന്ന സന്തോഷം മാത്രം. അല്ലാതെ അവര്‍ക്കും വേറെ പ്രത്യേകിച്ച് ഗുണങ്ങളൊന്നും കാണുന്നില്ല.

ഹര്‍ത്താലിനെ അനുകൂലിക്കുന്നത്  മടിയന്മാരായ  ഉദ്വോഗസ്ഥരും പിന്നെ ചില സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളും മാത്രമാണ്.ചില ഈർക്കിൽ  പാര്‍ട്ടിക്കാർ തങ്ങള്‍ വലുതായി എന്ന് കാണിക്കാന്‍ ഹര്‍ത്താല്‍ നടത്തി കൊണ്ടിരിക്കുന്നുണ്ട്. കുറച്ച് കൊടികളും നാലാളും ഉണ്ടെങ്കില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും  ഹര്‍ത്താല്‍ നടത്താമെന്ന അവസ്ഥ.ഈ അവസ്ഥക്ക് മാറ്റം വരണം. ചുരുക്കത്തിൽ  ഹര്‍ത്താലിന് എതിരേ ഒരു ഹര്‍ത്താലും സമരവും നടത്തേണ്ട കാലമാണിത്.

-സുഹൈൽ ദേലമ്പാടി 
ദാറുൽ ഇഹ്സാൻ
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved