Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

Written By Muhimmath News on Thursday, 20 September 2018 | 17:19


കണ്ണൂര്‍: നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുള്ള ബോയിങ് വിമാനമാണ് ഇറങ്ങിയത്.

ഇന്ന് രാവിലെ 9.57ഓടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 10.25ഓടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. ആറ് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന് റണ്‍വേയിലിറങ്ങി.

വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. സാങ്കേതിക വിദഗ്ധരുടെയും കിയാല്‍ ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാന്‍ഡിംഗ്. ആദ്യമായി കണ്ണൂരില്‍ യാത്രാവിമാനം ഇറക്കിയ പൈലറ്റുമാരും സംതൃപ്തരായിരുന്നു.

യാത്രാവിമാനമിറക്കിയുള്ള പരിശോധന പൂര്‍ത്തിയായ ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ ഡി.ജി.സി.എ സംഘം ഡല്‍ഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് കൈമാറും. വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്തിമ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഈ മാസം 29ന് ചേരുന്ന കിയാല്‍ യോഗം വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചേക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved