Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » കാസര്‍കോട് സീറ്റ് സുരേന്ദ്രന് നഷ്ടമായേക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബിജെപി

കാസര്‍കോട് സീറ്റ് സുരേന്ദ്രന് നഷ്ടമായേക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബിജെപി

Written By Muhimmath News on Sunday, 16 September 2018 | 12:41

























ന്യൂഡല്‍ഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ഒരു സീറ്റില്‍ രണ്ടിലധികം തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു സംസ്ഥാന ഘടകം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനപ്രിയ മുഖങ്ങള്‍ക്ക് അവസരം നല്‍കി മികച്ച മത്സരം കാഴ്ചവയ്ക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം.

ഭാരവാഹി പട്ടികയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പാലിച്ച സമവായ നീക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടാവാനിടയില്ലെന്നാണു സൂചന. നേതാക്കള്‍ കാലങ്ങളായി കയ്യടക്കിയിരുന്ന സീറ്റുകള്‍ പിടിച്ചെടുത്തു പുതുമുഖങ്ങള്‍ക്കു നല്‍കാനാണു ശ്രീധരന്‍ പിള്ളയുടെ നീക്കം. അങ്ങനെ എങ്കില്‍ കാസര്‍കോട് സീറ്റ് കെ.സുരേന്ദ്രനു നഷ്ടമാകും.


ജനങ്ങള്‍ക്കു സ്വീകാര്യമായ പൊതുസ്ഥാനാര്‍ഥികളെ മലബാറില്‍ മത്സരിപ്പിക്കാനും നീക്കമുണ്ട്. അങ്ങനെയായാല്‍ കോഴിക്കോട് നോട്ടമിട്ട മുരളീധരന്‍ ഗ്രൂപ്പിലെ രഘുനാഥിനും സീറ്റ് കിട്ടാനിടയില്ല. മാറിയ സാഹചര്യത്തില്‍ മുരളീധരനോട് അടുപ്പമുള്ള സി.കൃഷ്ണകുമാറിനു പാലക്കാട് സീറ്റും കിട്ടിയേക്കില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള മുരളീധരന്‍ ഗ്രൂപ്പിന്റെ ചാരടുവലികള്‍ പകുതിവഴിക്കു പാളിയ സാഹചര്യത്തില്‍ ഗ്രുപ്പിലെ മറ്റു നേതാക്കള്‍ക്കു സീറ്റുകുടി നിഷേധിക്കപ്പെട്ടാല്‍ വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണു വിലയിരുത്തല്‍.


തര്‍ക്കം കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തിയാല്‍ സമവായമുണ്ടാകുമെന്നാണു മുരളീധര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തു മത്സരിപ്പിക്കാനാണു ധാരണ. ആര്‍എസ്എസിന്റെ നിര്‍ദേശമായതിനാല്‍ കുമ്മനത്തിനെതിരേ പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുയരില്ല. ആലപ്പുഴയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ തുഷാര്‍ മറുപടി നല്‍കിയിട്ടില്ല. ഇതുള്‍പ്പെടെ എട്ടു സീറ്റുകള്‍ ആവശ്യപ്പെട്ട ബിഡിജെഎസിന് അഞ്ചെണ്ണം നല്‍കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് അറിയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved