Latest News :
Home » , , , , , » കേരളത്തിനായി ഇബ്രാഹിം വില്‍ക്കും ആയുഷ്‌ക്കാല സമ്പാദ്യം; നന്മയുടെ വെളിച്ചമായി കാസര്‍കോട് സ്വദേശി

കേരളത്തിനായി ഇബ്രാഹിം വില്‍ക്കും ആയുഷ്‌ക്കാല സമ്പാദ്യം; നന്മയുടെ വെളിച്ചമായി കാസര്‍കോട് സ്വദേശി

Written By Muhimmath News on Monday, 10 September 2018 | 20:51


അബുദാബി:  ഒരിക്കലും വില്‍ക്കില്ലെന്ന് കരുതിയ, ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ നാണയശേഖരം കാസര്‍കോട് ഏരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍ ഒടുവില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ
പുനഃസൃഷ്ടിക്കാനായാണ് ആയുഷ്‌കാലത്തെ ഈ സമ്പാദ്യം വിനിയോഗിക്കുക. പ്രളയം ഏറ്റവും കൂടുതല്‍ സംഹാര താണ്ഡവമാടിയ പ്രദേശത്ത് വീട് നഷ്ടപ്പെട്ട മൂന്നു കുടുംബത്തിന് വീട് വച്ചുനല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇബ്രാഹിം പറയുന്നു.വീട് നിര്‍മാണത്തിലും മതസൗഹാര്‍ദം വേണമെന്ന് ഇബ്രാഹിമിന് നിര്‍ബന്ധമുണ്ട്. ഹിന്ദു, ക്രൈസ്തവ, മുസ്ലിം കുടുംബത്തിലെ ഓരോരുത്തര്‍ക്കാണ് ഇബ്രാഹിമിന്റെ മതസൗഹാര്‍ദ ഭവനം സമ്മാനിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇബ്രാഹിം പറയുന്നു.


നാണയ ശേഖരത്തെക്കുറിച്ച് അറിഞ്ഞ ഒരു സൗദി പൗരന്‍ എന്തുവിലകൊടുത്തും അത് വാങ്ങാനായി ഏതാനും വര്‍ഷം മുന്‍പ് ഇബ്രാഹിമിനെ സമീപിച്ചിരുന്നു. കോടികള്‍ തന്നാലും ഇത് വില്‍ക്കില്ലെന്നും ചരിത്രത്തിന്റെ നേര്‍ സാക്ഷ്യമായ ഈ കറന്‍സികളും നാണയങ്ങളും തലമുറ കൈമാറി സംരക്ഷിക്കുമെന്നുമാണ് അന്ന് ഇബ്രാഹിം പറഞ്ഞ മറുപടി. നാണയ ശേഖരത്തില്‍ താത്പര്യമുള്ള മകനു സമ്മാനിക്കാനായിട്ടായിരുന്നു സൗദി താല്‍പര്യം പ്രകടിപ്പിച്ചത്. അന്ന് സ്‌നേഹപൂര്‍വം മടക്കി അയച്ച ആ സൗദിക്കാരനെയാണ് ഇബ്രാഹി ഇപ്പോള്‍ തിരയുന്നത്.


ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും പുരാതന നാണയങ്ങളും കറന്‍സികളും സ്റ്റാംപുകളും ഇബ്രാഹിമിന്റെ ശേഖരത്തെ വിലപ്പെട്ടതാക്കുന്നു. ജോര്‍ജ് ആറാമന്റെ കാലത്തുണ്ടായിരുന്നതും പിന്നീട് പിന്‍വലിച്ചതുമായ ഒരു രൂപ വെള്ളി നാണയങ്ങളാണ് ഇതില്‍ ഏറ്റവും പഴക്കമേറിയത്. നിലവില്‍ പ്രചാരത്തിലുള്ളതും ഇല്ലാത്തതുമായ നാണയ ശേഖരം നൂറു കിലോയിലധികം വരും. ദുബായിലെ താമസസ്ഥലത്തെ സ്ഥലപരിമിതി മൂലം കുറേ കറന്‍സികളും നാണയങ്ങളും നാട്ടിലേക്കയച്ചു. ശേഷിച്ചവ മറ്റൊരു സുഹൃത്തിന്റെ വീട്ടിലാണ് സൂക്ഷിക്കുന്നത്.


പതിനെട്ടു വര്‍ഷമായി ദെയ്‌റയിലെ നായിഫില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇബ്രാഹിമിന് മറ്റു സമ്പാദ്യങ്ങളൊന്നുമില്ല. ആറു വര്‍ഷം മുന്‍പ് തുടങ്ങിയ വീടുനിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല ഇദ്ദേഹത്തിന്. അതിനുവേണ്ടിയാണെങ്കിലും നാണയശേഖരം വില്‍ക്കില്ലെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു. നാണയങ്ങള്‍ക്കു പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ടെലിഫോണ്‍ കാര്‍ഡുകള്‍, പേജറുകള്‍, വെള്ളികൊണ്ടുള്ള ഒമാനി വാള്‍ തുടങ്ങി പുരാതനവസ്തുക്കളും ശേഖരത്തിലുണ്ട്.


താമസസ്ഥലത്തെ പരിമിതിയില്‍ അവയെല്ലാം പലയിടത്തായി കൂട്ടിവച്ചിരിക്കുകയാണ്. ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റേതടക്കം ലോക നേതാക്കളുടെ അന്ത്യവും മനോരമയടക്കം മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷകളിലെ പത്രത്താളുകളിലൂടെ ഇബ്രാഹിം ശേഖരിച്ചുവച്ചിരിക്കുന്നു.

ആര്‍ എസ് സി, ഐ സി എഫ്  സജ്ജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഇബ്രാഹിംShare this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved