Latest News :
Home » , , » എ.കെ. ഉസ്താദ്: അറിവിനും അധ്യാപനത്തിനും നീക്കിവെച്ച ജീവിതം

എ.കെ. ഉസ്താദ്: അറിവിനും അധ്യാപനത്തിനും നീക്കിവെച്ച ജീവിതം

Written By Muhimmath News on Tuesday, 16 October 2018 | 12:13
ഇല്‍മിന്റെ വഴിയിലുള്ള അന്വേഷണവും അധ്യാപനവുമായിരുന്നു എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ ജീവിതത്തിന്റെ മുഖ്യഭാഗവും. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിതോചിതമായി നേതൃത്വം നല്‍കി. കര്‍മശാസ്ത്രം, വ്യാകരണശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളത്തിലെ എണ്ണപ്പെട്ട പണ്ഡിതരുടെ ഗണത്തിലായിരുന്നു അദ്ദേഹം. ഗോളശാസ്ത്രത്തില്‍ അദ്ദേഹത്തെ പോലെ വിദഗ്ധപഠനം നടത്തിയവര്‍ സമകാലീന പണ്ഡിതന്മാരില്‍ വിരളമാണ്.

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ വിടപറഞ്ഞിരിക്കുകയാണ്. ഇല്‍മിന്റെ വഴിയിലുള്ള അന്വേഷണവും അധ്യാപനവുമായിരുന്നു ആ ജീവിതത്തിന്റെ മുഖ്യമായ ഭാഗവും. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിതോചിതമായി നേതൃത്വം നല്‍കാന്‍ അദ്ദേഹം സമയം കണ്ടെത്തി. കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ വലിയ സേവനമാണ് അദ്ദേഹം ചെയ്തത്.
ഫിഖ്ഹിലും മറ്റും നല്ല തഹ്ഖീക്കുള്ള പണ്ഡിതനായിരുന്നു അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യന്മാരില്‍ ഒരാളായിരുന്നു. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാരുമായും മറ്റു പണ്ഡിതന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തി.കോഴിക്കോട് ജില്ലയില്‍ ഫാറൂഖ് കോളജിനടുത്തുള്ള അണ്ടിക്കാടന്‍കുഴി പ്രദേശത്ത് തലയെടുപ്പുള്ള പണ്ഡിത കുടുംബത്തിലാണ് ജനനം. ഒ കെ ഉസ്താദ്, കൈപ്പറ്റ ഉസ്താദ്, കുഞ്ഞറമുട്ടി മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖരില്‍ നിന്ന് പഠനം നടത്തിയാണ് തന്റെ വിജ്ഞാന ലോകം വികസിപ്പിച്ചത്. മതവിജ്ഞാനത്തിന്റെ മിക്കവാറും എല്ലാ ശാഖകളിലും മികച്ച പരിജ്ഞാനം നേടാന്‍ ഇത് അദ്ദേഹത്തിന് സഹായകമായി.
അദ്ദേഹത്തിന്റെ അറിവിന്റെ ആഴം തിരിച്ചറിഞ്ഞതിനാലാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അദ്ദേഹത്തെ സഅദിയ്യയില്‍ മുദര്‍രിസായി നിയമിച്ചതും പി എ ഉസ്താദിനു ശേഷം പ്രന്‍സിപ്പലാക്കിയതും. ഒ കെ ഉസ്താദ് അദ്ദേഹത്തിന്റെ അറിവിനെ പ്രകീര്‍ത്തിച്ച് പലപ്പോഴും സംസാരിക്കുമായിരുന്നു. സഅദിയ്യയിലേക്ക് മുദര്‍രിസായി എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരോട് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചതും ഒ കെ ഉസ്താദാണ്. എല്ലാ ഫന്നിലും നിപുണനായ അദ്ദേഹത്തിന് 'ഇല്‍മുല്‍ ഫലകി'ല്‍ പ്രത്യേകമായ കഴിവുണ്ടായിരുന്നു. ഗോളശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്ന 'അല്‍മഖ്ദല്‍ ഇലാ ഇല്‍മില്‍ ഫലക്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. അതിനാലാണ് ഇവ്വിഷയകമായി അദ്ദേഹം രചിച്ച ഈ ഗ്രന്ഥം സിലബസില്‍ ഉള്‍പ്പെടുത്താന്‍ ജാമിഅത്തുല്‍ ഹിന്ദിന്റെ യോഗത്തില്‍ ഞങ്ങള്‍ തീരുമാനിച്ചത്.

കര്‍മശാസ്ത്രം, വ്യാകരണശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളത്തിലെ എണ്ണപ്പെട്ട പണ്ഡിതരുടെ ഗണത്തിലാണ് എ കെ. എങ്കിലും ഗോളശാസ്ത്രത്തില്‍ നേടിയ അവഗാഹം അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. അദ്ദേഹത്തെപ്പോലെ ഗോളശാസ്ത്രത്തില്‍ വിദഗ്ധപഠനം നടത്തിയവര്‍ സമകാലീന പണ്ഡിതന്മാരില്‍ വളരെ വിരളമാണ്.
സമസ്തയുടെ യോഗങ്ങള്‍ക്കെല്ലാം ആതിഥ്യം വഹിക്കാറുള്ള മുദാക്കര പള്ളിയിലെ മുതഅല്ലിമായിരുന്നതിനാല്‍ പ്രസ്ഥാനവുമായും പഴയകാല പണ്ഡിതന്മാരുമായും ഹൃദയബന്ധം അദ്ദേഹത്തിന് നന്നേ ചെറുപ്പം മുതല്‍ക്കു തന്നെയുണ്ട്. സമസ്ത കേന്ദ്ര മുശാവറയില്‍ നേരത്തെ അംഗമായ അദ്ദേഹം വിടപറയുമ്പോള്‍ ഉപാധ്യക്ഷസ്ഥാനം വഹിച്ചു വരികയായിരുന്നു. രോഗം നിമിത്തം വീട്ടില്‍ തന്നെ വിശ്രമിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, ഏതാനും മാസങ്ങള്‍ മുമ്പ് വരെയും മുശാവറയില്‍ പങ്കെടുക്കാനും മതവിധികളിലുള്ള ചര്‍ച്ചകളില്‍ പണ്ഡിതോചിതമായി ഇടപെടാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
ആകര്‍ഷണീയമായ പെരുമാറ്റത്തിന് ഉടമ കൂടിയായിരുന്നു ആയിരക്കണക്കിന് ശിഷ്യന്മാരുടെ ഗുരുവായ ആ പണ്ഡിതന്‍. ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കട്ടെ. ദറജ ഉയര്‍ത്തുമാറാകട്ടെ,. ആമീന്‍


-കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved