Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , , » അവധാനതയില്ലാത്ത വിധികള്‍ കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും- കലാലയം സാംസ്‌കാരിക വേദി

അവധാനതയില്ലാത്ത വിധികള്‍ കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും- കലാലയം സാംസ്‌കാരിക വേദി

Written By Muhimmath News on Monday, 8 October 2018 | 17:48

ദമ്മാം: വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ഇന്ത്യന്‍ സമൂഹത്തെ വിശ്വാസത്തിലെടുക്കാതെയുള്ള കോടതിവിധികള്‍ നീതിനിര്‍വഹണ സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ എന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. സമീപ നാളുകളില്‍ ഇന്ത്യന്‍ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായ ചില വിധി പ്രസ്താവങ്ങള്‍ സാമൂഹ്യസാംസ്‌കാരിക കെട്ടുറപ്പിനെ വെല്ലുവിളിക്കുന്നതും മത വിശ്വാസങ്ങളെ ഹനിക്കുന്നതുമാണെന്നും 'മതേതര കോടതി വിധികള്‍; ഗതിയും വ്യഥയും' എന്ന ശീര്‍ഷകത്തില്‍ ദമ്മാമില്‍ സംഘടിപ്പിക്കപ്പെട്ട വിചാര സദസ്സില്‍ അഭിപ്രായമുയര്‍ന്നു. 

ഭരണകൂടവും ഭരണഘടനാ സ്ഥാപനങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും നവ ലിബറല്‍ ചിന്താഗതിയുടെയും അടിസ്ഥാനത്തില്‍ നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ തലമുറകളായി സംരക്ഷിച്ച് പോരുന്ന നന്മകളും നിഷ്ഠകളുമാണ് ഇല്ലാതാകുന്നത്. സ്വവര്‍ഗരതി, വിവാഹേതര ലൈംഗിഗബന്ധം, യുവതികളുടെ ക്ഷേത്രപ്രവേശം, ബാബരി മസ്ജിദ്, മുത്വലാഖ് തുടങ്ങി മത സമൂഹങ്ങളെ പരിഗണിക്കാതെയും മതകാര്യങ്ങളെ പഠിക്കാതെയും ഉള്ള തീര്‍പ്പുകള്‍ കടുത്ത അരാചകത്വവും നിരാശയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മുതലെടുപ്പുകളും തെരുവില്‍ നേരിടുന്ന സമര രീതികളും രാജ്യത്തെ കലുഷിതമാക്കും. സാമൂഹിക പ്രതിബന്ധതയില്‍ അധിഷ്ടിതമായ വ്യക്തിസ്വാതന്ത്ര്യത്തെയും ലിംഗ നൈതികതയെയും ആണ് അനുവദിക്കേണ്ടത്. അതല്ലാതെ വരുന്ന ഏതു വ്യാഖ്യാനവും സാമുദായ ദ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കുന്ന ശക്തികള്‍ക്ക് വളരാനുള്ള ഏണി വെച്ച് കൊടുക്കലാകും. 

രാഷ്ട്രനന്മയിലൂന്നിയ പൗര സ്വാതന്ത്ര്യവും സാമൂഹിക കാഴ്ചപ്പാടോടെയുള്ള വ്യക്തി സ്വാതന്ത്ര്യവും മുന്നോട്ട് വെക്കുന്ന പൊതു നിര്‍മിതിയുലൂടെയാണ് ഇത്തരം വിധികളുടെ ഗതികളെ വ്യഥയില്ലാതെ മറികടക്കാനാകുകയുള്ളൂ എന്നും കലാലയം ചര്‍ച്ചയില്‍ പങ്കുവെക്കപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി കണ്‍വീനര്‍ മുഹമ്മദ് അന്‍വര്‍ കീ നോട്ട് അവതരിപ്പിച്ചു. ഫൈസല്‍ അഹ്‌സനി. അഷ്‌റഫ് ചാപ്പനങ്ങാടി, ബഷീര്‍ ബുഖാരി, ഹസന്‍ സഖാഫി മുക്കം, ലുഖ്മാന്‍ വിളത്തൂര്‍, ഫൈസല്‍ വേങ്ങാട്, നിസാര്‍ പൊന്നാനി, സൈനുല്‍ ആബിദീന്‍ സഖാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക മോഡറേറ്ററായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved