Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Written By Muhimmath News on Monday, 1 October 2018 | 19:27


കാസര്‍കോട്: കാറ്റിലും ഇടിമിന്നലിലും മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍പ്പിത (ഏഴ്‌) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാതാവ് ജയന്തിക്കും ഷോക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ചായ കുടിച്ച ശേഷം മാതാവിനോടൊപ്പം പറമ്പിലൂടെ നടന്നു പോകുമ്പോഴാണ് പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും പറമ്പിലെ മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണത്. ലൈന്‍ മുറിഞ്ഞുവീണപ്പോള്‍ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടന്‍ തന്നെ ഇരുവരെയും ബദിയടുക്കയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അര്‍പ്പിതയുടെ നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹേമന്ദ്, സായി എന്നിവര്‍ സഹോദരങ്ങളാണ്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved