Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , , , , , » സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി

Written By Muhimmath News on Wednesday, 24 October 2018 | 07:22
കണ്ണൂര്‍: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍  സെക്രട്ടറിയും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ  കെ പി ഹംസ മുസ്ലിയാര്‍ (ചിത്താരി ഉസ്താദ്) അന്തരിച്ചു . 79 വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ തളിപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് 4ന് തളിപ്പറമ്പ് നാടു കാണി ദാറുല്‍ അമാന്‍ ക്യാമ്പസില്‍.

    ജാമിഅ സഅദിയ്യയുടെ സ്ഥാപിത നേതാക്കളില്‍ പ്രമുഖനായ അദ്ദേഹം ദീര്‍ഘകാലം മുദരിസും ജനറല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്. തളിപ്പറമ്പില്‍ അന്റമഖറുസ്സുന്നിയ എന്ന പേരില്‍ അദ്ധേഹം സ്ഥാപിച്ച ബഹുമുഖ വിദ്യാഭ്യാസ സമുഛയത്തിന്റെ പ്രസിഡന്റും പ്രിന്‍സിപ്പളുമായി സേവനം ചെയ്തു വരികയായിരുന്നു.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്നി യൂത്ത് ഓര്‍ഗനൈസേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.

    1971ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സംസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് കടന്നു വന്ന അദ്ധേഹം പിന്നീട് ജനറല്‍ സെക്രട്ടറിയായും കേന്ദ്ര മുശാവറാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നല്ല പ്രഭാഷകനായ അദ്ധേഹം പ്രതിസന്ധികളില്‍ പ്രവര്‍ത്തകര്‍ക്ക് കര്‍മാവേശം നല്‍കിയ നേതാവാണ്. കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസി എന്ന നിലയില്‍ മതപരമായ വിധികള്‍ പ്രഖ്യാപിക്കുന്നതിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ശ്രദ്ധേയനായിരുന്നു.   

    കാസര്‍കോട് ജില്ലയുമായി ഏറെ ആത്മ ബന്ധമുള്ള പണ്ഡിതനാണ് ചിത്താരി ഉസ്താദ് ദീര്‍ഘകാലം കാഞ്ഞങ്ങാട് ചിത്താരിയില്‍ ദര്‍സ് നടത്തിയതിനാലാണ് തളിപ്പറമ്പ് സ്വദേശിയായ ഹംസ മുസ്ലിയാര്‍ ചിത്താരി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായത്. പിന്നീട് കോട്ടിക്കുളം ഖാസി എന്ന നിലയില്‍ നാടിന് മതപരമായ നേതൃത്വം കൂടി നല്‍കി.

 1973 ഏപ്രില്‍ 14,15 തിയ്യതികളില്‍ കാഞ്ഞങ്ങാട് നൂര്‍ മഹല്ലില്‍ നടന്ന സമസ്ത സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു.

   ദേളിയില്‍ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന സഅദിയ്യ അറബിക് കോളേജ് സമസ്ത നേതൃത്വത്തെ ഏല്‍പിക്കുന്നതിന് ഹാജി ആദ്യമായി ചര്‍ച്ച നടത്തിയത് അന്നത്തെ സമസ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചിത്താരി ഉസ്താദുമായായിരുന്നു. സഅദിയ്യ സമസ്ത  ഏറ്റെടുക്കുന്നതിന് എം എ ഉസ്ദാതിനോടൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ചിത്താരി ഉസ്താദായിരുന്നു. പിന്നീട് സ്ഥാപനത്തെ ഒരു ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങായി നിന്നതും അദ്ധേഹമായിരുന്നു, സ്ഥാപനത്തിനു വേണ്ടി നാട്ടിലും വിദേശ രാജ്യങ്ങളിലും ധാരാളം യാത്രകള്‍ നടത്തി.

    തളിപ്പറമ്പില്‍ അല്‍ മഖര്‍ സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതോടെയാണ് കാസര്‍കോടുമായി കുറച്ചെങ്കിലും ബന്ധം കുറഞ്ഞത്. എങ്കിലും മതപ്രഭാഷണങ്ങളിലും സമ്മേളനങ്ങളിലും പലപ്പോഴും ആവേശം നല്‍കി പങ്കെടുത്തിരുന്നു.

   അഹമ്മദ് കുട്ടി -നഫീസ ദമ്പതികളുടെ മകനായി 1939ല്‍ പട്ടുവത്ത് ജനനം. പ്രാഥമിക പഠനം പട്ടുവം ഓത്തുപള്ളിയില്‍. പട്ടുവം എല്‍ പി സ്‌കൂളില്‍ നിന്നും പഴയങ്ങാടി മാപ്പിള യു പി സ്‌കൂളില്‍ നിന്നുമായി എട്ടാം ക്ലാസ് വരെ ഭൗതിക വിദ്യാഭ്യാസവും നേടി. മദ്‌റസ പഠനത്തിന് ശേഷം നാട്ടിലെ പള്ളിദര്‍സില്‍ തുടര്‍ പഠനം. സൂഫിവര്യനായ അബ്ബാസ് മുസ്‌ലിയാരുന്നു മുദരിസ്. ഉപരിപഠനം കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (പടന്ന ദര്‍സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം), പി എ അബ്ദുല്ല മുസ്‌ലിയാര്‍ (കടവത്തൂര്‍ ചാക്യാര്‍കുന്ന് ദര്‍സ്), കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്) എന്നിവരില്‍ നിന്ന്. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദം നേടി.

    ഭാര്യ  പരേതയായ സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍മക്കളും ആറ് പെണ്‍മക്കളുമുണ്ട്  പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം പി.എ അബ്ദുല്ല മുസ്‌ലിയാരുടെ മകന്‍ ഡോ: പി.എ. അഹ്മദ് സഈദ് മരുമകനാണ്.

ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത് 1965ല്‍ മാട്ടൂലിലായിരുന്നു. അവിടെ എട്ട്‌വര്‍ഷം മുദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972ല്‍ ചിത്താരി ദര്‍സിലേക്ക് മാറി. ഇവിടെ പത്ത് വര്‍ഷത്തെ സേവനം. 1982ല്‍ തുരുത്തിയില്‍ മുദര്‍റിസായി. അടുത്ത വര്‍ഷം ജാമിഅ സഅദിയ്യയില്‍ ചേര്‍ന്നു. 1988 വരെ അവിടെ തുടര്‍ന്നു. 1989 തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്‍സിപ്പലായി.  

    ചിത്താരി ഉസ്താദിന്റെ  നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസിലയാര്‍, നേതാക്കളായ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സമസ്ത കാസര്‍കോട് ജില്ലാ നേതാക്കളായ മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു. എസ് ജെ എം ജില്ലാ കമ്മറ്റി അനുശോചിച്ചു. മദ്രസകളില്‍ പ്രാര്‍ത്ഥന സദസ്സുകള്‍ നടന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved