Tuesday, 23 October 2018

പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു; സാമ്പത്തിക പ്രതിസന്ധിയാണ് കാരണം

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. ഡിസംബര്‍ 31 നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറങ്ങുക. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പത്രം അടച്ചുപൂട്ടുന്നത്. തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം വാര്‍ത്താ സമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും പരസ്യം നല്‍കാതെയായി. മൂവാറ്റുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതിനെ തുടര്‍ന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപ്പുലര്‍ ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്.


എന്‍പി ചേക്കുട്ടി എഡിറ്ററായ തേജസ് ദിനപത്രം 2006 ജനുവരി 26 നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. പത്രം അടച്ചുപൂട്ടുന്നതോടെ 300 ലധികം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപെടുന്നത്. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും പത്രത്തിന്റെ ഓണ്‍ ലൈന്‍ എഡിഷന്‍ വിപുലമായ രീതിയില്‍ പരിഷ്‌കരിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. തേജസിന്റെ ദ്വൈവാരിക വാരികയാക്കാനും തീരുമാനമായി.


SHARE THIS

Author:

0 التعليقات: