Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » നബി ജീവിതത്തിന്റെ അകപ്പൊരുളറിയാല്‍ സീറത്തുന്നബി കോണ്‍ഫറന്‍സ്

നബി ജീവിതത്തിന്റെ അകപ്പൊരുളറിയാല്‍ സീറത്തുന്നബി കോണ്‍ഫറന്‍സ്

Written By Muhimmath News on Wednesday, 14 November 2018 | 09:48
























മണ്ടന്‍മാരുടെ നഗരമെന്ന് ലണ്ടനെ  ഈയടുത്ത് മാഗസിന്‍ വിശേഷിപ്പിക്കുകയുണ്ടായി! നഗരത്തിലെ നൂറ് പേരോട് നമ്മുടെ രാഷ്ട്രപിതാവ്  ഗാന്ധിയെ കുറിച്ച് ചോദിച്ചത്രെ. നൂറില്‍ 18 പേര്‍ മാത്രമാണ് ഗാന്ധിയെ കുറിച്ച് ശരിയായ വിവരം നല്‍കിയത്.

നഗരവാസികളുടെ വിവരമില്ലായ്മ കാരണം മാഗസിന്‍ വിധിയെഴുതി. ലണ്ടന്‍ മണ്ടന്മാരുടെ നഗരം. സാക്ഷരരും സാഹിത്യകാരും ശാസ്ത്രജ്ഞരുമായ ലണ്ടനുകാരെ മണ്ടന്മാരാക്കിയ ഘടകം എന്താണ്? പൊതുവെ വായനപ്രിയരായ ഈ ലണ്ടന്‍ നിവാസികള്‍ക്ക് ഉചിതമായ രീതിയില്‍ ഗാന്ധിയെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഗാന്ധിയെ കുറിച്ചുള്ള രചനകളും ഡോക്യുമെന്ററികളും അവര്‍ക്ക് അന്യമായിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് ജീവിച്ച ഒരു മഹനായ മനുഷ്യനെ അറിയാത്തവര്‍ ചരിത്രത്തില്‍ ഉണ്ടന്ന് അറിയുമ്പോള്‍ നമുക്ക് അത്ഭുതം. എന്നാല്‍ ആരും മറക്കാതെ എന്നും എഴുതപ്പെട്ട്, വായിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ജീവിതമുണ്ട്. ലോകത്ത്  കൂടുതല്‍ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു ജീവിതം. ഏറ്റവും വ്യക്തമായി കൈമാറ്റം ചെയ്യപ്പെട്ട ചരിത്രരേഖയാണ് നബിയുടേത്.ചരിത്രത്തിന്റെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ആ  മഹാ മനീഷിയാണ് മുഹമ്മദ് നബി (സ്വാ). പരശ്ശതം രചനകള്‍ നബിയെപ്പറ്റി വിരചിതമായിട്ടുണ്ട്.  നബിയെ കുറിച്ചുള്ള രചനകളെ കുറിച്ച് തന്നെ ഉജ്ജലമായ പഠനങ്ങള്‍ അനേകം നടന്നിറ്റുണ്ട്. ഇത്തരം നബി  ചരിത്രമെഴുത്തിന്റെ രീതിശാസ്ത്രവും സംഭവ വികാസങ്ങളും സ്വഭാവഗുണങ്ങളും ശൈലികളും  അടയാളപ്പെടുത്തുന്ന സാഹിത്യ സംഗമഭൂമികയാണ്    സീറത്തുന്നബി ചര്‍ച്ചാ  വേദികള്‍. നബി ചരിത്രത്തെ തന്നിഷ്ട പ്രകാരം വളച്ചൊടിക്കുന്ന  നബിനിന്ദകരും ഐ എസ് ബാധയേറ്റ  ആവിഷ്‌കാര ഭ്രാന്തരും മറ്റു വികലവാദിക്കും അരങ്ങു  വാഴുന്ന
വര്‍ത്തമാന കാലസാഹചര്യത്തില്‍  സീറത്തുന്നബിക്ക് വലിയ പ്രാധാന്യമുണ്ട്.അതിന്റെ വികാസവും ഉറവിടവും അറിഞ്ഞിരിക്കണം. ഇസ്ലാമിലെ വികല  വിഭാഗങ്ങളും മുസ്ലിം ശത്രു പക്ഷവും ഒരു പോലെ തിരുത്തി എഴുതുന്ന ചരിത്രത്തെ തനിമയോടുകൂടി നിലനിര്‍ത്താന്‍ ചരിത്രവും അതിനായ് സ്വീകരിച്ച അവലംബ കൃതികളും മനസ്സിലാക്കി പ്രതികരിക്കുവാന്‍  നാം ശ്രമിക്കണം.തനതു രീതിയില്‍ മതത്തെ നിലനിര്‍ത്താന്‍ ഇതു തന്നെയാണ് നമുക്കഭയം.
സീറത്തുന്നബിയുടെ നിര്‍മാണത്തിന് സഹായിയായി വര്‍ത്തിച്ച ഗ്രന്ഥങ്ങള്‍ വിവിധ ഇനങ്ങളാണ്. ആദ്യകാലങ്ങളില്‍  ഗ്രന്ഥങ്ങള്‍ 'മഗാസി'എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നത്. നബി (സ്വ)പങ്കെടുത്ത യുദ്ധങ്ങളെ പരാമര്‍ശിക്കുന്ന മഗാസിയില്‍ യുദ്ധങ്ങള്‍ മാത്രമല്ല നബി (സ്വ)യുടെ ജീവചരിത്രവും സമകാലിക സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നു. തിരുദൂതര്‍(സ്വ)യുടെ മൊഴിയും, കര്‍മവും, മൗനാനുവാദവും ഉള്‍പ്പെടുന്ന ഹദീസില്‍ നിന്ന് ഏറെ വിഭിന്നമായ സീറയുടെ പ്രധാന സവിശേഷത സംഭവങ്ങളെ കാലാനുസൃതം ക്രോഡീകരിക്കുന്നതിലാണ്. ഹദീസില്‍ നബി(സ്വ)യുടെ ചില ജീവിത സംഭവങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതിന് പ്രത്യേക കലാനുസൃതമായ ക്രമീകരണങ്ങളുണ്ടാവുകയില്ല. സീറയെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ലഭിക്കുന്നത് ഹദീസ് ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

സീറത്തുന്നബിയുടെ ക്രോഡീകരണത്തിന് സഹായിച്ച സുപ്രധാന സ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നത് വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആനും ഹദീസും മഗാസിയും ചരിത്രവും തഫ്‌സീറും അസ്മാഉ രിജാലും ശമാഇലും ദലാഇലും ആസാറും അഖ്ബാറും കവിതകളുമായിരുന്നു.

അല്ലാഹുവിന്റെ വാക്കുകളും ആശയങ്ങളും ഉള്‍കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍, തിരുനബി(സ്വ)യുടെ ജീവിത കാലത്തെ സുപ്രധാന ഭാഗം വിവരിക്കുന്നതിനാല്‍ സീറയുടെ ചരിത്ര ക്രോഡീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഖുര്‍ആന്‍ ദിവ്യവെളിപാടായി ലഭിച്ചത് തന്നെ നബി(സ്വ)ക്കായിരുന്നു.  സര്‍ വില്ല്യം മൂര്‍ പറയുന്നു: 'വിശുദ്ധ ഖുര്‍ആനില്‍ നബി (സ) തങ്ങളുടെ സീറയും ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തിലെ പ്രധാന ഭാഗങ്ങളുമുണ്ടെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ആയതിനാല്‍ നബി(സ)യുടെ മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ജീവിതവും സമൂഹിക ഇടപെടലുകളുമെല്ലാം ആധികാരികമായി വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്.

മക്കയിലെയും മദീനയിലേയും നബി (സ്വ)യുടെ ജീവിതം വിവരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളുണ്ട് ഖുര്‍ആനില്‍. യൗവന കാലത്തെ സാമ്പത്തിക സാഹചര്യം(93:6 8), പ്രവാചകനാകുന്നതിനു മുമ്പുള്ള നബി(സ്വ)യുടെ, ജീവിതം(29:48), സത്യന്വേഷണ കാലം (93:7), പ്രവാചകത്വം(3:164), ദിവ്യവെളിപാട്(96:1 5), മക്കയിലെ പ്രബോധനം(5:67), ഖുറൈശികളുടെ എതിര്‍പ്പും ക്രൂരതകളും(6:33 35), ഇസ്ലാമിക മാര്‍ഗത്തിലെ പ്രതിസന്ധികള്‍(6:106 107), മിഅ്‌റാജിലെ സംഭവങ്ങള്‍(17:1), ഹബ്ശയിലേക്കുള്ള മുസ്ലിംകളുടെ പലായനം(16:41), നബി(സ്വ)യെ വധിക്കാനുള്ള പദ്ധതി(8:30), മദീനയിലേക്കുള്ള പലായനം(9:40), ഖുബാഅ് പള്ളി നിര്‍മാണം (9:108), ബദര്‍ യുദ്ധം(3:123), ഉഹ്ദ് യുദ്ധം (3:121 175), അഹ്‌സാബ് യുദ്ധം(33:9 20), ഹുനൈന്‍ യുദ്ധം(9:25 26), തബൂഖ് യുദ്ധം(9:92 106,117 123), ബൈഅത്ത് രിള് വാന്‍(48:18,19), ഹുദൈബിയ്യ സന്ധി(48:2 27), ഫത്ഹ് മക്ക(17:81), ഹജ്ജത്തുല്‍ വദാഅ്(5:3)രാഷ്ട്രീയ ഇടപെടലുകള്‍(80:116)
പേര് പരാമര്‍ശിക്കാതെ ദൂതരുടെ ഉറ്റ സുഹൃത്തും സൗര്‍ ഗുഹയിലെ സംരക്ഷകനുമായ സിദ്ധീഖ് (റ)നെയും കൊടും വൈരിയായ അബൂ ലഹബിനെയും അവന്റെ ഭാര്യയെയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. തിരുനബിയുടെ ജീവ ചരിത്രം ഗ്രഹിച്ചെടുക്കുമെന്നതില്‍ ഖുര്‍ആനിനാണ് പ്രഥമ സ്ഥാനം.

വിശുദ്ധ ഖുര്‍ആനിനു ശേഷം, ഇസ്ലാമിക നിയമ സംഹിതയുടെ അവലംബമാണ് തിരുനബി(സ്വ)യുടെ മൊഴികളും പ്രവര്‍ത്തനങ്ങളും മൗനാനുവാദങ്ങളും ഉള്‍പ്പെടുന്ന ഹദീസുകള്‍. ഹദീസുകളും നാഥ മ നില്‍ നിന്നുള്ള വെളിപാടുകളാണ്. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്. ആശയങ്ങള്‍ മാത്രമാണ് വെളിപാടായി ലഭിക്കുക. ഹദീസിലെ വചനങ്ങള്‍ നബി(സ്വ)യുടേതായിരിക്കും. വിശുദ്ധ ഖുര്‍ആനിനു ശേഷം സീറത്തു നബി ക്രോഡീകരണത്തില്‍ പ്രധാന പങ്കുവഹിച്ചതും ഹദീസുകളാണ്. വളരെ ശ്രദ്ധയോടെയും വിശ്വാസ്തതയോടെയും ഹദീസ് ക്രോഡീകരിക്കാന്‍ മുസ്ലിം ഏറെ ജാഗ്രത കാട്ടിയിരുന്നു. 
നബി(സ്വ)തങ്ങള്‍ പങ്കെടുത്ത യുദ്ധങ്ങള്‍ പരാമര്‍ശിക്കുന്ന മഗാസി എന്ന ഗ്രന്ഥം സീറയുടെ ക്രോഡീകരണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. യുദ്ധം എന്നാണിതിന്റെ അര്‍ഥമെങ്കിലും നബി(സ്വ) തങ്ങള്‍ പങ്കെടുത്ത യുദ്ധങ്ങള്‍ക്കാണ് മഗാസ് എന്നു പറയുന്നത്. പക്ഷേ ഇപ്പോളിതു പൊതുവെ നബി(സ്വ) തങ്ങളുടെ ജീവിതത്തെ മുഴുവനായും പരാമര്‍ശിക്കുന്ന പദമായി മാറിയിട്ടുണ്ട്. സീറക്ക് മഗാസി എന്നും പറയാറുണ്ട്. ഹദീസുകളുടെ ക്രോഡീകരണത്തിന് പ്രാരംഭം കുറിച്ച ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കാലത്താണ് മഗാസിയുടെയും സീറയുടെയും കിതാബുകള്‍ രൂപീകൃതമായത്.

ചരിത്ര ഗ്രന്ഥങ്ങള്‍ സീറയല്ലെങ്കിലും ഇസ്ലാമിക ലോകത്തെ ഭരണകര്‍ത്താക്കളുടെ നിലപാടുകളും ഇടപെടലുകളും സംഭവവികാസങ്ങളുമൊക്കെ പ്രതിപാദിക്കുന്നതിനിടയില്‍ നബി(സ്വ)യുടെ ജീവചരിത്രത്തിലെ ചില വിഷയങ്ങള്‍ വിശാലമായോ, ചുരുക്കിയോ വിവരിച്ചെന്നു വരാം. മഗാസിയില്‍ പരാമര്‍ശിക്കാറുള്ള സംഭവങ്ങളോട് സദൃശ്യമായ ചിലതു പഴയ കാല ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. 

വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമായ തഫ്‌സീറാണ് തിരുനബി(സ്വ)യുടെ സീറ ഉള്‍പ്പെടുന്ന മറ്റൊരു ഗ്രന്ഥം. വിശുദ്ധ ഖുര്‍ആനിലെ ആന്തരാര്‍ത്ഥവും വിധിവിലക്കും വ്യക്തമാകാന്‍ വിരചിതമായവയാണ് വ്യാഖ്യാനങ്ങള്‍. തിരുനബി(സ്വ)യുടെ ജീവിതാനുഭവങ്ങളുള്‍പ്പെടുന്ന ഖുര്‍ആന്‍ സീറയുടെ രചനക്ക് കാര്യമായി സഹായിച്ചിട്ടുണ്ട്. ഖുര്‍ആനികാശയങ്ങള്‍ സുവ്യക്തമാവാന്‍, ദ്വയാര്‍ത്ഥത്തിനോ അവ്യക്തതതക്കോ സാധ്യതയുള്ള സൂക്തങ്ങള്‍ വ്യക്തമാകാന്‍ സ്വഹാബികള്‍ തിരുസാന്നിദ്ധ്യം തേടിയിരുന്നു. 
കഠിന പ്രയത്‌നത്തിലൂടെ ചരിത്രകാരന്മാര്‍ രചിച്ചതാണ് അസ്മാഉ രിജാല്‍. അതായത് ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരുടെ ചരിത്രം. സീറയുടെ മറ്റൊരു സ്രാതസാണ് ഇത്. സ്വഹാബികളായിരുന്നു നബി(സ്വ)യുടെ ജീവചരിത്രം വിവരിച്ചു തന്നിരുന്നതെങ്കില്‍ അവരില്‍ നിന്നതു സ്വീകരിച്ചത് താബിഉകളായിരുന്നു. ആയതിനാല്‍ ഹദീസിന്റെ പരമ്പരയില്‍ വിശ്വസ്തരാണോ അല്ലേ എന്ന പരിശോധന അനിവാര്യമായിരുന്നു.

നബി(സ്വ)യുടെ പ്രകൃതവും ജീവിത രീതികളും ശീലങ്ങളും വിവരിക്കുന്നതാണ് ശമാഇല്‍. ഇത്തരം വിഷയങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ദര്‍ശിക്കാമെങ്കിലും 'ശമാഇല്‍' എന്ന ശാഖ പ്രത്യേകം വിവരിക്കാന്‍ വേണ്ടിയുള്ളതാണ്. ഇമാം തുര്‍മുദിയുടെ 'അശ്ശമാഇലുല്‍ മുഹമ്മദീയ്യത്തു വല്‍ ഖസ്വാഇലുല്‍ മസ്വ്ത്വൂഫിയ്യ', ജലാലുദ്ദീന്‍ അബ്ദുറഹ്മാനിബ്‌നു അബീബക്കര്‍ സുയൂത്വിയുടെ 'അശമാഇലുശ്ശരീഫ', അഹ്മുദബ്‌നു മുഹമ്മദുബ്‌നു അലിയ്യിബ്‌നു ഹജറില്‍ ഹൈത്തമിയുടെ 'അശ്‌റഫുല്‍ വസാഇലി ഇലാ ഫഹ്മി ശമാഇല്‍, ഖാളി ഇയാള്വിന്റെ 'കിതാബുശ്ശിഫ', യൂസുഫുബ്‌നു ഇസ്മാഈലിബ്‌നി യൂസുഫിന്നബഹാനിയുടെ 'വസാഇലുല്‍ വുസ്വൂല്‍ ഇലാ ശമാഇലി റസൂല്‍'. തുടങ്ങിയവയെല്ലാം ശമാഇല്‍ വിഷയത്തിലെ വ്യക്തമായ ഉദാഹരണങ്ങളാണ്.
  
നബി(സ്വ)യുടെ വാസസ്ഥലം മക്കയും മദീനയുമായിരുന്നതിനാല്‍ ആ പ്രദേശത്തിന്റെ ചരിത്രം വിവരിക്കുമ്പോള്‍ നബി(സ്വ)യുടെ ജീവ ചരിത്രവും ഉള്‍പ്പെടാറുണ്ട്. പൗരാണിക പട്ടണങ്ങളെയും ഗ്രാമങ്ങളെയും അവിടുത്തെ ജനങ്ങളെയും വിവരിക്കുന്ന ഇത്തരം ഗ്രന്ഥ രചനകള്‍ക്ക് പ്രധാന പങ്കു വഹിച്ചത് അസ്‌റഖിയെ പോലുള്ളവരാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ 'അഖ്ബാറു മദീന'യാണ് ഈ വിഷയം ഉള്‍ക്കൊള്ളുന്ന ഏറ്റവും പഴക്കംചെന്ന ഗ്രന്ഥം. പട്ടണങ്ങളെ കുറിച്ചുള്ള വിവരണങ്ങളില്‍ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണിത്. ഫാകിഹിന്റെ 'അഖ്ബാറു മക്ക'യും ഈ വിഷയത്തിലുള്ള മറ്റൊരു ഗ്രന്ഥമാണ്.

നബി(സ്വ)യുടെ സീറ ലഭ്യമാകുന്നതിന് കവിതകളും ഒരു വലിയ പങ്കു വഹിച്ചി്ട്ടുണ്ട്. നബി (സ്വ)യുടെ പ്രശംസയും പ്രോത്സാഹനവും നല്ല മികവുറ്റ നിപുണരായ കവികള്‍ക്ക് ലഭിച്ചിരുന്നു. കാവ്യങ്ങള്‍ ശ്രവിക്കാനും രചനാ വൈഭവത്തില്‍ അത്ഭുതം കൂറി സംസാരിക്കാനും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. സാഹിത്യത്തിലെ ബൗദ്ധിക വൈജ്ഞാനിക വൈകാരിക തലങ്ങളെയും കവിതയിലെ സാഹിത്യ നിര്‍മിതിയെയും നബി(സ്വ) വര്‍ണിച്ചത് സാഹിത്യത്തില്‍ മാസ്മരികതയുണ്ടെന്നും കാവ്യങ്ങളില്‍ തന്ത്രമുണ്ടെന്നും പറഞ്ഞാണ്.

സീറത്തുന്നബിയുടെ ക്രോഡീകരണ വിവരങ്ങള്‍ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നിരീക്ഷിച്ചതാണ് മുകളില്‍ വിസ്തരിച്ചത്. നബിയെ പറഞ്ഞവരുടെ ചരിത്രം തന്നെ അറ്റമില്ലാത്ത  മഹാ സമുദ്രമാണങ്കില്‍ 
നബി ജീവിതമെഴുത്തുകള്‍ എത്രത്തോളമുണ്ടാകും. ഗവേഷകര്‍ക്ക് പഠിതാക്കള്‍ക്ക് വിശ്വാസികള്‍ക്ക് സുവര്‍ണാവസരമാണ് സീറത്തുന്നബി സംഗമങ്ങള്‍.  കസറഗോടേക്ക് വിരുന്നെത്തിയ  സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സ് നമുക്ക് അറിവന്വേഷകര്‍ക്ക്, പ്രവാചക സ്‌നേഹികള്‍ക്ക് മികച്ച അവസരമാണ്.സീറതുന്നബി പഠനങ്ങള്‍, പ്രധാന ഗ്രന്ഥങ്ങള്‍, ഗ്രന്ഥകാരന്മാര്‍, സീറതുന്നബിയും സുന്നതുന്നബിയും, സീറതുന്നബിയുടെ സാമൂഹിക സ്വാധീനം, സീറ രചനയുടെ രീതിശാസ്ത്രം, അറബേതര രചനകള്‍ തുടങ്ങിയ ഒട്ടനേകം ഉപവിഷയങ്ങളില്‍കൂടി ഉള്‍ക്കൊള്ളുന്നതാണ് എസ്. എസ്. എഫ് സംസ്ഥാന സമിതി സീറത്തുന്ന ബി കോണ്‍ഫറന്‍സ്. സീറതുന്നബി പഠനത്തില്‍ പുതിയൊരു അധ്യായം ഇതു സൃഷ്ടിക്കുമെന്നുറപ്പാണ്.
ഓരോ റബീഉല്‍ അവ്വലും നബിയെക്കുറിച്ചുള്ള അറിവിന്റെ ആഘോഷക്കാലമാണ്. 

-ഹാരിസ് സഖാഫി കൊമ്പോട്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved