Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » മാല മോഷണക്കേസിലെ യഥാര്‍ത്ഥ പ്രതി പിടിയില്‍; മകളുടെ വിവാഹത്തിന്റെ രണ്ടാം ദിവസം പൊലീസ് പിടിയിലായ താജുദ്ദീന്റെ ഇനിയുള്ള പോരാട്ടം നീതിക്ക് വേണ്ടി

മാല മോഷണക്കേസിലെ യഥാര്‍ത്ഥ പ്രതി പിടിയില്‍; മകളുടെ വിവാഹത്തിന്റെ രണ്ടാം ദിവസം പൊലീസ് പിടിയിലായ താജുദ്ദീന്റെ ഇനിയുള്ള പോരാട്ടം നീതിക്ക് വേണ്ടി

Written By Muhimmath News on Wednesday, 21 November 2018 | 10:35
























കണ്ണൂര്‍: ഗള്‍ഫില്‍ സ്വന്തമായി ബിസിനസ് നടത്തി നല്ല രീതിയില്‍ കുടുംബം പുലര്‍ത്തിയിരുന്ന ആളാണ് താജുദ്ദീന്‍. ഇക്കഴിഞ്ഞ ജൂണ്‍ 25ന് മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു താജുദ്ദീന്‍ കേരളത്തിലെത്തിയത്. എന്നാല്‍ ഈ വരവ് തന്റെ തലേവര മാറ്റിമറിക്കുമെന്ന് താജുദ്ദീന്‍ ഒട്ടും കരുതിയതും ഇല്ല. ജൂലൈ എട്ടിനായിരുന്നു താജുദ്ദീന്റെ മകളുടെ വിവാഹം. 

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു. അത്തരം ഒരു കള്ളക്കേസിലാണ് താജുദ്ദീനെ പൊലീസ് തന്ത്രപരമായി കുരുക്കിയത്.
മാലമോഷണക്കെസിലെ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് താജുദ്ദീന്റെ ജീവിതം മാറി മറിഞ്ഞത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട താജുദ്ദീന് പിന്നീട് 54 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. എന്നാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ താജുദ്ദീന്റെ ഇടപെടലില്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനിയി. കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തില്‍ താജുദ്ദീന്റെ ഇനിയുള്ള യാത്ര നീതി തേടിയാണ്.

ചെയ്യാത്ത കുറ്റത്തിന് അഴിയെണ്ണേണ്ടി വന്നപ്പോള്‍ പുറം ലോകത്ത് വിലസിയ യഥാര്‍ത്ഥ പ്രതി കോഴിക്കോട് അഴിയൂര്‍ കോറോത്ത് ശരത് വല്‍സരാജ് (45) ആണ് അറസ്റ്റിലായത്. വഞ്ചനക്കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മോഷണവിവരം പുറത്തായത്.

താജുദ്ദീന്റെ ജീവിതത്തിലെ ആ ശാപം പിടിച്ച ദിവസം ഇങ്ങനെ 
ജൂലൈ 5നാണ് കൂത്തുപറമ്ബിനടുത്ത ചോരക്കളത്തു വീട്ടമ്മയുടെ അഞ്ചര പവന്‍ മാല സ്‌കൂട്ടറിലെത്തിയ ആള്‍ പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിലെ സമാനതയുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് ചക്കരക്കല്‍ പൊലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തു. താനല്ല മോഷം നടത്തിയതെന്ന് ദൃക്‌സാക്ഷികളെ നിരത്തി പറഞ്ഞിട്ടും പൊലീസ് അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പ്രതികാര ബുദ്ധിയോടെയായിരുന്നു പൊലീസിന്റെ പെരുമാറ്റം.

എന്നാല്‍ ഹൈക്കോടതി ജാമ്യം നല്‍കിയതോടെ, 54 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായി. തെറ്റുപറ്റിയെന്നു സംസ്ഥാന പൊലീസ് മേധാവിക്കു തന്നെ സമ്മതിക്കേണ്ടി വന്നു. തന്റെ നിരപരാധിത്വം കോടതി അംഗീകരിച്ചെങ്കിലും അത്രപെട്ടൈന്ന് എല്ലാം മറക്കാന്‍ താജുദ്ദീന് ആകുമായിരുന്നില്ല. താജുദ്ദീന്‍ തന്നെ നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുകയും പൊലീസിന് കൈമാറുകയും തെളിവുകള്‍ പൊലീസിന് കൈമാറുകയും ചെയ്തു.

54 ദിവസത്തെ ലോക്കപ്പ്വാസം, ഒടുവില്‍ നിരപരാധിയെന്ന് പൊലീസ് 
നിസ്സാര കേസില്‍ ജാമ്യം പോലും നിഷേധിച്ചാണ് താജുദ്ദീനെ 54 ദിവസം പൊലീസ് ലോക്കപ്പിലടച്ചത്. പൊലീസ് നടപടി ഏറെ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. താജുദ്ദീനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

സംഭവം നടന്ന ദിവസം മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നതിന്റെ തെളിവുകള്‍ കുടുംബം എത്തിച്ചെങ്കിലും പൊലീസ് അതും കാര്യമാക്കിയില്ല. ബ്യൂട്ടീഷനും വിവാഹപ്പന്തല്‍ തയാറാക്കുന്ന സ്ഥാപനത്തിലെ സ്ത്രീയുമെല്ലാം താജുദീനെ കണ്ടതായി പറഞ്ഞെങ്കിലും 'ദൃശ്യം' സിനിമയുടെ മാതൃകയില്‍ അതെല്ലാം താജുദീന്‍ സൃഷ്ടിക്കുന്ന കള്ളത്തെളിവുകളാണെന്നായിരുന്നു പൊലീസിന്റെ വാദം. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും താജുദീന് അനുകൂലമായിരുന്നു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനും പൊട്ടിച്ചെടുത്ത മാലയ്ക്കുമായി ഇതിനിടെ താജുദീന്റെ കുടുംബ വീട്ടിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

താജുദ്ദീനില്‍ നിന്ന് ശരത് വല്‍സരാജനിലേക്ക് 
അഴിയൂരിലെ ഒരു വാട്‌സാപ് ഗ്രൂപ്പില്‍ നിന്നാണു ശരത് വല്‍സരാജിനെപ്പറ്റി പൊലീസിനു വിവരം ലഭിക്കുന്നത്. ഇയാളുടെ 2 ഫോണ്‍ നമ്ബറുകളും കിട്ടി. സംഭവ ദിവസം ഈ ഫോണുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചതോടെ വഴിത്തിരിവായി. സിസിടിവി ദൃശ്യം വീണ്ടും പരിശോധിച്ചു ഫോട്ടോ അടക്കമുള്ള വിശദാംശങ്ങള്‍ സഹിതം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. തുടര്‍ന്നാണ്, ഇയാള്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മെക്കാനിക്കല്‍ എന്‍ജിനീയറണ് ശരത്. ആര്‍ഭാട ജീവിതം വില്ലനായപ്പോഴാണ് ഇയാള്‍ മോഷണത്തിലേക്ക് തിരിഞ്ഞത്. കവര്‍ന്ന മാല തലശ്ശേരിയിലെ ഒരു സ്വര്‍ണക്കടയില്‍ നിന്നു പൊലീസ് പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനീയറായ ശരത്, ആര്‍ഭാട ജീവിതത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണു കവര്‍ച്ചയിലേക്കു തിരിഞ്ഞതെന്നു പൊലീസിനോടു സമ്മതിച്ചു. മറ്റൊരു മാലമോഷണക്കേസിലും ഇയാള്‍ക്കു പങ്കുള്ളതായി പൊലീസ് പറഞ്ഞു.

വിദേശത്തു ബിസിനസുള്ള, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നു താജുദ്ദീന്‍. എന്നിട്ടും മകളുടെ വിവാഹത്തിനു രണ്ടുദിവസം മുന്‍പ് ഹെല്‍മറ്റ് പോലും ധരിക്കാതെ ഇങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന താജുദീന്റെ ചോദ്യത്തിനും പൊലീസിനു മറുപടിയുണ്ടായിരുന്നു. മകളുടെ വിവാഹവും മകന്റെ വിദ്യാഭ്യാസവും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുടുംബം അറിയാതെ താജുദീന്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു മോഷണമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഇതിനിടെ കോടതിയില്‍ ഹാജരാക്കിയ താജുദ്ദീനെ റിമാന്‍ഡ് ചെയ്ത്, തലശ്ശേരി സബ് ജയിലിലേക്കു മാറ്റി.

ഇതുവരെ ഒരു പെറ്റിക്കേസില്‍ പോലും പ്രതിയാകാത്ത ഒരാള്‍ അങ്ങനെ ജയിലിലായി. ജാമ്യത്തിനു ശ്രമിച്ചെങ്കിലും താജുദീന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും വീണ്ടും സമാന കുറ്റങ്ങള്‍ ചെയ്യുമെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജാമ്യം ലഭിച്ചില്ല. എടച്ചേരിയില്‍ നടന്ന മറ്റൊരു മാല മോഷണക്കേസില്‍ക്കൂടി താജുദീനെ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തെളിവുകള്‍ ഉണ്ടാക്കാനാകാത്തതിനാല്‍ അതു നടന്നില്ല. ഒടുവില്‍ 54 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്നാണു ജാമ്യം ലഭിച്ചത്. എങ്ങനെയും നിരപരാധിത്തം തെളിയിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു വീട്ടിലേക്കുള്ള തിരിച്ചുവരവ്.









താജുദീന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഭാര്യ പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ പറഞ്ഞെങ്കിലും അതു കാര്യമായി ഗുണം ചെയ്തില്ല. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ക്യാംപെയ്‌നും ഇതിനിടെ നടന്നു. കൊണ്ടോട്ടി എംഎല്‍എ ടി.വി.ഇബ്രാഹിമും പഴ്‌സനല്‍ സെക്രട്ടറിയും താജുദീന്റെ സുഹൃത്തുമായ ഷാഹുല്‍ ഹമീദ് മണ്ണാര്‍ക്കാടും നടത്തിയ ഇടപെടലുകളാണ് കേസില്‍ ഗുണം ചെയ്തത്. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കുമെല്ലാം ഇവര്‍ പരാതി നല്‍കി. സുഹൃത്തുക്കളുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങളിലുള്ള യഥാര്‍ഥ ആളെയും ഇതിനിടെ താജുദീന്‍ കണ്ടെത്തി. ഇയാളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണു ഡിജിപിക്കു പരാതി നല്‍കിയത്. ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതിനും ഒരുമാസം സമയമെടുത്തു. ഒടുവില്‍ എംഎല്‍എ നേരിട്ടുപോയി ഡിജിപിയെ കണ്ടപ്പോഴാണ് താജുദീന്‍ നിരപരാധി ആണെന്നും പൊലീസിനു തെറ്റുപറ്റിയെന്ന റിപ്പോര്‍ട്ട് എത്തിയതായും അറിയിച്ചത്. കോടതിയിലും പൊലീസ് ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അറസ്റ്റും 54 ദിവസത്തെ ജയില്‍ജീവിതവും തകര്‍ത്തത് താജുദീന്‍ എന്ന മനുഷ്യനൊപ്പം അയാളുടെ സ്വപ്നങ്ങളും ജീവിതവുമാണ്. ഗള്‍ഫില്‍ സമയത്തു മടങ്ങിപ്പോകാന്‍ കഴിയാതെ ബിസിനസില്‍ നഷ്ടമുണ്ടായി. ബാംഗ്ലൂരില്‍ അഡ്മിഷന്‍ എടുക്കേണ്ടിയിരുന്ന മകന്റെ ഈവര്‍ഷത്തെ പഠനം മുടങ്ങി. 'കള്ളന്റെ മകന്‍' എന്നു മറ്റു കുട്ടികള്‍ കളിയാക്കിയതിനാല്‍ രണ്ടാം ക്ലാസ്സുകാരനായ ഇളയ മകന്‍ രണ്ടുമാസമായി സ്‌കൂളില്‍ പോകുന്നില്ല. അദ്ധ്യാപകരെത്തി സ്‌കൂളിലേക്കു കൊണ്ടുപോയാലും അവന്‍ ഓടി വീട്ടിലെത്തുകയാണ്.

നിക്കാഹ് കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായെങ്കിലും മരുമകനും കുടുംബവും താജുദീന് ഒപ്പം ഉണ്ടായിരുന്നു. ഗള്‍ഫിലെയും നാട്ടിലെയും സുഹൃത്തുക്കളും അയല്‍വാസികളുമെല്ലാം കുടുംബത്തിന്റെ കൂടെയായിരുന്നു. 'ഇപ്പോള്‍ പൊലീസ് പറയുന്നു ഞാന്‍ പ്രതിയല്ലെന്ന്. ഇത്രയും നാള്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആരാണു സമാധാനം പറയുക? ഇനി ആര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പോരാട്ടത്തിന്റെ ഒന്നാം ഘട്ടമേ കഴിഞ്ഞിട്ടുള്ളൂ. നീതിയുടെ എല്ലാ വഴികളിലേക്കും നീങ്ങാനാണ് തീരുമാനം' താജുദീന്‍ പറയുന്നു.
കുറ്റക്കാരനായ എസ്.ഐയെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ താന്‍ എസ്.പിയെ കണ്ട് പരാതി നല്‍കുമെന്നും താജുദ്ദീന്‍ പറയുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved