Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » എം ഐ ഷാനവാസ് എംപി ഇനി ഓര്‍മ; മയ്യിത്ത് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

എം ഐ ഷാനവാസ് എംപി ഇനി ഓര്‍മ; മയ്യിത്ത് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

Written By Muhimmath News on Thursday, 22 November 2018 | 11:50

കൊച്ചി: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പിയുമായ എം ഐ ഷാനവാസ് (67) ഇനി ഓര്‍മകളില്‍ ജീവിക്കും. ഷാനവാസിന്റെ മയ്യിത്ത് കലൂര്‍ തോട്ടത്തുംപടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍ എംപി, കെ വി തോമസ് എം പി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.കരള്‍രോഗ സംബന്ധമായി ചികിത്സയിലിരിക്കെ ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ 1.35നായിരുന്നു ഷാനവാസിന്റ അന്ത്യം. നേരത്തെ പാന്‍ക്രിയാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് കരള്‍മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. അണുബാധയെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്.

മികച്ച സംഘാടകനും വാഗ്മിയുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ദൂരനാടുകളില്‍ നിന്നുപോലും പ്രിയനേതാവിനെ കാണാന്‍ എറണാകുളത്തെത്തി. ചെന്നൈയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് 2.20ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ആനി തയ്യില്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിച്ചു. പിന്നീട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ടൗണ്‍ഹാളിലെത്തിച്ചു.

ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ കക്ഷി, രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ടൗണ്‍ഹാളിലെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഗാര്‍ഖെ റീത്ത് സമര്‍പ്പിച്ചു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വയലാര്‍ രവി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, എം പിമാരായ പ്രൊഫ. കെ വി തോമസ്, എം കെ രാഘവന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി പി ജെ കുര്യന്‍, മുന്‍ എം പിമാരായ പി സി ചാക്കോ, കെ പി ധനപാലന്‍, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, ടി എച്ച് മുസ്തഫ, തുടങ്ങി നിരവധി പേര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved