പുത്തിഗെ: പ്രവാചക പ്രകീര്ത്തനങ്ങളുരവിട്ട് ആയിരങ്ങള്‍ അണിനിരന്ന മുഹിമ്മാത്ത് മീലാദ് റാലി നാടിന് വര്‍ണ വിസ്മയ കാഴ്ചയൊരുക്കി.
ഇമ്പമാര്‍ന്ന സ്വലാത്തുകളും മദ്ഹ്ഗീതങ്ങളുമായി അണിയൊപ്പിച്ചു നീങ്ങിയ റാലിയില്‍ ദഫ്, സ്കൗട്ട്, സംഘങ്ങളുടെ പ്ലോട്ടുകളും ചുവട് വെപ്പുകളും കൗതുകം പകര്‍ന്നു.
മുഹിമ്മാത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വൈവിധ്യ യൂണിഫോമില്‍ അണിനിരന്നപ്പോള്‍ തൂവെള്ള വസ്ത്രമണിഞ്ഞ നൂറുക്കണക്കിന് ഉസ്താദുമ്മാരും മത വിദ്യാര്‍ത്ഥികളും കട്ടത്തടുക്ക മുതല്‍ സീതാംഗോളി വരെ ശുഭ്ര സാഗരം തീര്‍ത്തു.
പുലര്‍ച്ചെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തോടെയാണ് റാലി ആരംഭിച്ചത്. സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്കി. റാലിക്ക് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പ്രധാന മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രഹിമുല് ഹാദി തങ്ങള്‍ ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, സയ്യിദ് മുഹമ്മദ് മൗലാ ജമലലുല്ലെലി തങ്ങള്‍ ഹാജി അമീര്‍ അലി ചൂരി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ റഹ്മാന് അഹ്സനി, ബശീര്‍ പുളിക്കൂര്‍, റഹീം സഖാഫി ചിപ്പാര്‍, അന്തുഞ്ഞി മൊഗര്‍, അബ്ബാസ് സഖാഫി കാവുംപുറം, മുസ്ഥഫ സഖാഫി പട്ടാമ്പി, യൂസുഫ് ഹാജി സജിങ്കില തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാലിക്ക് മുഹിമ്മാത്ത് നഗര്‍, കട്ടത്തടുക്ക, എ കെ ജി നഗര്‍, മുഗുറോഡ്, മുകാരിക്കണ്ടം, സീതാംഗോളി എന്നിവിടങ്ങലില്‍ ആവേശകരമായ സ്വീകരണം നല്കി. നൂറുക്കണക്കിനാളുകള്‍ റാലി വീക്ഷിക്കാന്‍ ഒത്ത് കൂടി.
സീതാംഗോളി മഹല്ല് ജമആത്തും നാട്ടുകാരും ചേര്‍ന്ന് ഗംഭീര സ്വീകരണം നല്കി. സമാപന സമ്മേളനം സീതാംഗോളി മഹല്ല് ജമാഅത്ത് പ്രസിഡന്റ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ പ്രസംഗിച്ചു.