ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ കലാപത്തിന് കാരണമായ പശുക്കളുടെ മാംസാവശിഷ്ടം കണ്ടെടുത്ത സംഭവത്തില്‍ 11 ഉം 12 ഉം വയസുള്ള രണ്ട് കുട്ടികളടക്കം 7 പേര്‍ക്കെതിരെ കേസ്. കലാപക്കേസില്‍ മുഖ്യപ്രതിയായ ബജ്റംഗദല്‍ നേതാവ് യോഗേഷ് രാജ് നല്കിയ പരാതി അനുസരിച്ചാണ് പൊലീസിന്റെ നടപടി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
പ്രതികളിലൊരാള്‍ പത്തു വര്‍ഷമായി ഹരിയാനയിലെ ഫരീദാബാദില്‍ ജീവിക്കുന്നയാളാണ്. പ്രതികളായ മറ്റു മൂന്നു പേരെ നാട്ടുകാര്‍ക്ക് അറിയില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസില്‍ പ്രതികളായി കുട്ടികളെ ഉള്‍പ്പെടുത്തിയതില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം പൊലീസ് ഇവരെ സ്റ്റേഷനില്‍ പിടിച്ചുവെച്ചതായും രക്ഷിതാവ് പറഞ്ഞു.
കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടറടക്കം കൊല്ലപ്പെട്ട സംഭവത്തില്‍ നിശബ്ദ പാലിച്ച യോഗി ആദിത്യനാഥ് ഗോവധം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ ബുലന്ദ്ശഹറിലെ മഹൗ ഗ്രാമത്തില്‍ 25 പശുക്കളുടെ മാംസാവശിഷ്ടം കണ്ടെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഒരു കരിമ്പ് പാടത്ത് മാസം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടിരുന്നതായി സംഭവ സ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു. സാധാരണ നിലയില്‍ അറവുകാര് ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു.