Thursday, 13 December 2018

ബദിയഡുക്ക സ്വദേശി ഇബ്രാഹീം ഖലീലിന് നാസയിലേക്ക് ക്ഷണം

കാസര്‍കോട്: ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങള്‍ക്ക് നാസക്ക് മുകളിലും പറന്നെത്താന്‍ കഴിയുമെന്ന്  തെളിയിച്ചിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ അവികസിത ഗ്രാമത്തില്‍ നിന്ന്  സ്വന്തം പ്രയത്‌നത്താല്‍ നാസയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഇബ്രാഹിം ഖലീല്‍ . അഭിമാനാര്‍ഹമായ അക്കാദമിക് വിജയഗാഥയാണ് ഈ  യുവശാസ്ത്രജ്ഞന്റേത് . കാസര്‍ഗോഡ് ബദിയഡുക്കയിലെ അബ്ദുള്‍ മജീദ് പൈക്ക യുടെയും  സുബൈദ ഗോളിയടിയുടെയും മകനായ ഖലീല്‍, നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏറനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ജര്‍മ്മനിയിലെ ബൊ ഖുമിലുള്ള പ്രശസ്തമായ റഹ്‌റ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടേഷന്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം. നാഷനല്‍ സ്‌കോളര്‍ഷിപ്പോടെ, ബാച്ചിലെ ആദ്യ അഞ്ചില്‍ ഒരാളായാണ് ഖലീല്‍ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കിയത്. 


2015ലാണ് ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക സര്‍വ്വകലാശാലയുമായ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി ഓഫ് ട്യൂറിന്‍ ഗവേഷണ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞരുടെ അഭിലാഷമായ (coveted) , ഏതാണ്ട് ഒന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ വരുന്ന 'മേരി ക്യൂറി' സ്‌കോളര്‍ഷിപ്പിന്   ഖലീലിനൊപ്പം അര്‍ഹനായ മറ്റൊരാള്‍ , ഏറോസ്‌പേസ് രംഗത്തെ ഗവേഷകരില്‍ പ്രമുഖനായ പ്രൊഫസര്‍ ഇറാസ്‌മോ കരേറ ആണ്,

ഏറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഈ വര്‍ഷാവസാനത്തോടെ തന്റെ പിഎച്ച്ഡി ഗവേഷണം പൂര്‍ത്തിയാക്കാനിരിക്കെ,  ഖലീലിന്റെ ചില ഗവേഷണ പ്രബന്ധങ്ങള്‍ ശ്രദ്ധയില്‍പെട്ട ലോകപ്രസിദ്ധ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ അമേരിക്കയിലെ നാസ(National Aeronautics & Space Adminitsration)  അദ്ദേഹത്തിന്റെ  ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാനും അവ  അവരുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ഈ മാസം നാലാം തീയതി മുതല്‍ രണ്ടാഴ്ചത്തേക്ക്   ക്ഷണിച്ചിരിക്കുകയാണ്. ക്ഷണം സ്വീകരിച്ച ഖലീല്‍ ഇപ്പോള്‍ നാസ യുടെ ഓഹിയോയിലുള്ള ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ വിശിഷ്ടാതിഥിയായി എത്തിയിരിക്കയാണ് ഇപ്പോള്‍. 

വിദ്യാഭ്യാസപാരമ്പര്യം അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തില്‍ ജനിച്ച്, അടങ്ങാത്ത വിജ്ഞാനദാഹവും അക്ഷീണ കഠിനപരിശ്രമവും  കൊണ്ട് മാത്രം ശാസ്ത്ര സാങ്കേതിക ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്ര തുടരുന്ന ഇബ്രാഹീം ഖലീല്‍ പരിമിതമായ അക്കാദമിക ലക്ഷ്യം മുന്നില്‍ വെച്ച് അതിന്നായി മാത്രം ജീവിതം തള്ളിനീക്കുന്ന നമ്മുടെ യുവതലമുറക്ക് പ്രചോദനം നല്‍കുന്ന മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് .


SHARE THIS

Author:

0 التعليقات: