Thursday, 17 January 2019

ആലപ്പാട്ടെ ഖനനം നിറുത്തണമെന്ന് വി.എസ്, അദ്ദേഹം അങ്ങനെ പറയില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരം വിവാദങ്ങളില്‍ ആ നല്ല മനുഷ്യനെ വലിച്ചിഴയ്ക്കരുതെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു.


ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്ബത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്ബ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്.

ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പറഞ്ഞു.

അതേസമയം, വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് മാദ്ധ്യമ സൃഷ്ടിയാണെന്നുമായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. വെറുതെ വേണ്ടാത്ത സ്ഥലത്ത് വി.എസിനെ ദുരുപയോഗം ചെയ്യരുത്. ആ നല്ല മനുഷ്യന്‍ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വി.എസിന്റെ പ്രസ്താവന മാദ്ധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം അങ്ങനെ പറയില്ലെന്നും അങ്ങനെ വാര്‍ത്തയുണ്ടാക്കണമെങ്കില്‍ ആയിക്കോളാനുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ആലപ്പാട്ടെ സമരക്കാര്‍ക്ക് ചര്‍ച്ചയുടെ നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരക്കാരുടെ ആശങ്കകള്‍ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


SHARE THIS

Author:

0 التعليقات: