Wednesday, 16 January 2019

ഹാജി അബൂബക്കര്‍ മുസ്ലിയാര്‍: വിനയാന്വിതനായ പണ്ഡിത ശ്രേഷ്ടന്‍

മരണമെന്നത് അല്ലാഹുവിന്റെ  അലംഘനീയമായ തീരുമാനമാണ്. ഏത് സമയത്തും എവിടേക്കുമത് കടന്നുവരും. പണ്ഡിതന്മാരുടെ മരണം എന്നുമൊരു നൊമ്പരമാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട ആദൂരിലെ സി.എച്ച്.അബൂബക്ര്‍ മുസ്ലിയാരുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ജീവിതം മുഴുവനും ഇലാഹീ സാമീപ്യത്തില്‍ കഴിച്ചു കൂട്ടിയ മാതൃകാ യോഗ്യനായ പണ്ഡിതനെയാണ് ഉസ്താദിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.

മാതാവിന്റെ വീടായ കാനക്കോട് പള്ളിയുടെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന മുക്രി തറവാട്ടിലാണ്  ജനിച്ചത്.
ആദൂര്‍ ചിര്‍ത്തട്ടി സ്വദേശി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരാണ് പിതാവ്.
കാനക്കോട് മുക്രി കുടുംബത്തിലെ കാരണവരായിരുന്ന ഉപ്പാഞ്ഞി മുക്രി എന്നറിയപ്പെട്ടിരുന്ന അബ്ദുല്‍ ഖാദിര്‍ മുക്രിയുടെ മകള്‍ ആസിയയാണ് മാതാവ്.

അബൂബക്ര്‍ മുസ്ലിയാര്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരണപ്പെട്ടിരുന്നു. പള്ളങ്കോട്  പള്ളിയില്‍ ഖതീബായി സേവനം ചെയ്യുന്നതിനിടയില്‍ ഒരു വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്.

പിതാവിന്റെ മരണ ശേഷം ഉമ്മയുടെ സ്വദേശമായ കാനക്കോട്ട് മുക്രി ബാപ്പുട്ടി ഹാജിയുടെ വീട്ടില്‍ താമസമാക്കി.
ബെള്ളൂര്‍ സ്‌കൂളിലാണ് ഔപചാരിക പഠനം നടത്തിയത്.

ഖുര്‍ആനിന്റെയും അറബി അക്ഷരങ്ങളുടെയും ബാല പാഠം പഠിച്ചത് സ്വന്തം മാതാവില്‍ നിന്നാണ്. പിന്നീട് താമസം പിതാവിന്റെ വീടായ ചിത്തട്ടിയിലേക്ക് മാറി. തുടര്‍ന്നുള്ള കാലം അറിവന്വേഷണത്തിന്റെതായിരുന്നു.പല പണ്ഡിത മഹത്തുക്കളില്‍ നിന്നും അറിവിന്റെ മധു നുകര്‍ന്നു.

കാനക്കോട് ഖാളി സയ്യിദ് മുഹമ്മദ് മദനി തങ്ങളുടെ പിതാവ് ഖാളി സൈനുല്‍ ആബിദീന്‍ കുഞ്ഞിക്കോയ തങ്ങള്‍, മൊഗ്രാല്‍ പുത്തൂരില്‍ ദീര്‍ഘ കാലം മുദരിസായിരുന്ന തലശേരിയിലെ മുത്തു തങ്ങള്‍, കീഴൂര്‍ കടവത്ത് കുഞ്ഞിപ്പ ഹാജി, സൂഫി ഉസ്താദ് എടച്ചാക്കൈ തുടങ്ങിയ ഉസ്താദുമാരില്‍ നിന്ന് പഠനം നേടിയതിന് ശേഷം ഉള്ളാള്‍ ദര്‍സില്‍ ചേര്‍ന്നു.

താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ കീഴില്‍ അഞ്ച് വര്‍ഷം പഠനം നടത്തി.
ആദൂരിലെ സയ്യിദ് ടി.വി.ഉമ്പു തങ്ങള്‍ ഉള്ളാള്‍ ദര്‍സിലെ സതീര്‍ഥ്യനായിരുന്നു.

നീണ്ട വര്‍ഷത്തെ പഠന സപര്യക്ക് ശേഷം പിതാവ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സേവനം ചെയ്തിരുന്ന പള്ളങ്കോട് പള്ളിയില്‍ ഖതീബായി ചുമതലയേറ്റു. ഈ കാലയളവില്‍ ധനാഡ്യനും ഭക്തനുമായ സൂഫി ഹാജി ചവര്‍ത്തടിയുടെ മകളെ വിവാഹം ചെയ്തു.

ഇത്രയേറെ പഠിച്ചിട്ടും ഈ യുവ പണ്ഡിതന് അറിവിനോടുള്ള ദാഹം തീര്‍ന്നിരുന്നില്ല. വീണ്ടും പഠിക്കാനായി ദയൂബന്തിലേക്ക് പോയി എം.എ. ബിരുദം കരസ്ഥമാക്കി. മുള്ളേരിയ മേഖലയില്‍ നിന്നും മത ബിരുദം നേടുന്ന ആദ്യത്തെയാളാണ് ഉസ്‌ദെന്ന് പഴമക്കാര്‍ പറയുന്നു.

ദയൂബന്തില്‍ നിന്നും പഠനം കഴിഞ്ഞു വന്ന ഉസ്താദ്, സ്വന്തം നാടായ ചിര്‍ത്തട്ടിയില്‍ ദര്‍സ് ആരംഭിച്ചു. തന്റെ ആത്മീയ ഗുരുവും ആദൂര്‍ മേഖലയില്‍ ഇസ്ലാമിക മുന്നേറ്റത്തിന് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത സയ്യിദ് യഹ് യല്‍ അഹ്ദല്‍ തങ്ങളാണ് അവിടെ മുദരിസായി നിശ്ചയിച്ചത്.

പിന്നീട് വലിയുല്ലാഹി സയിദ് ഫസല്‍ പൂക്കോയ തങ്ങള്‍ നിര്‍മ്മിച്ച കമ്പോല്‍ പള്ളിദര്‍സ്,  മടിക്കേരി, നെല്ലിയാടി, നീലേശ്വരം കോട്ടപ്പുറം, ആദൂര്‍, ഉളിയത്തടുക്ക, പെരുമ്പള, തളങ്കര മാലിക് ദീനാര്‍ പള്ളി, കാസര്‍കോട് തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി.

ദര്‍സീ ജീവിതത്തിനിടയില്‍ ആറ് വര്‍ഷം പരിശുദ്ധ ഹറമില്‍ താമസിച്ചിരുന്നു.
അതിനിടയില്‍ ആറ് മാസം ഹറമിലും ദര്‍സ് നടത്തിയിരുന്നു.
അരപതിറ്റാണ്ടോളം വിവിധയിടങ്ങളിലായി നടത്തിയ ദര്‍സില്‍ നിരവധി പണ്ഡിതരെയാണ് വാര്‍ത്തെടുത്തത്. ഒരുപാട് ശിഷ്യഗണങ്ങളുള്ള കാനക്കോട് അബ്ദുല്‍ ഖാദിര്‍ മദനി(കാനക്കോട് ഉസ്താദ്), തെക്കില്‍ മുദരിസ് യൂസുഫ് സഖാഫി ആദൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ശാഫി മുസ്ലിയാര്‍ കാനക്കോട് തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രമുഖരാണ്.

ആത്മ ജ്ഞാനികളുടെ  കിതാബുകള്‍ ക്ലാസെടുക്കുമ്പോള്‍ ഉസ്താദിന്റെ കണ്ണുകള്‍ സജലമാകുന്നത് കാണാമായിരുന്നുവെന്ന് ശിഷ്യന്‍മാര്‍ ഓര്‍ക്കുന്നു.
കിതാബുകളോടൊപ്പം ഖുര്‍ആന്‍ പാരായണ ശാസ്ത്രവും പഠിപ്പിക്കുമായിരുന്നു.  തഫ്‌സീറുല്‍ ഖുര്‍ആന്‍ അധ്യാപനം നടത്തുമ്പോള്‍, ആ ദിവസം ഓതിക്കൊടുക്കേണ്ട ആയതുകള്‍ മുമ്പേ പാരായണം ചെയ്യും. തഫ്‌സീര്‍ മുഴുവനും ഓതിക്കൊടുത്തു കഴിയുമ്പോഴേക്കും ഉപതാദിന് ഒരു ഖത്മ് പൂര്‍ത്തിയായിട്ടുണ്ടാവുമെന്ന് കാനക്കോട് ഉസ്താദ് ഓര്‍ത്തെടുക്കുന്നു.

പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആബിദ് കൂടിയായിരുന്നു ഉസ്താദ്. സദാ അംഗശുദ്ധിയി (ദാഇമുല്‍ വുളൂ) ലായിരുന്നു. പ്രഗല്‍ഭനായ വാഗ്മി കൂടിയായിരുന്നു ഉസ്താദ്. ആദൂര്‍ പള്ളിയില്‍ തുടര്‍ച്ചയായി 30 ദിവസം പ്രഭാഷണം നടത്തിയിരുന്നു.

നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന പൂത്തപ്പലത്ത് പള്ളി നിര്‍മ്മിക്കാന്‍ ഉസ്താദാണ് മുന്‍കൈ എടുത്തത്. ആദൂരില്‍ നിന്നും പാട വരമ്പിലൂടെ നടന്നു വന്നാണിതിന് നേതൃത്വം നല്‍കിയത്. നാട്ടക്കല്ലില്‍ ഒരു നിസ്‌ക്കാരപ്പള്ളി വേണമെന്ന് പള്ളിക്കുഞ്ഞി ഹാജി നാട്ടക്കല്‍, കുഞ്ഞാലി ഹാജി എന്നിവര്‍ ഹജിന് പോയ വേളയില്‍ പറഞ്ഞപ്പോള്‍ 50 റിയാല്‍ നല്‍കി പണി തുടങ്ങാന്‍ പ്രേരിപ്പിച്ചതും ഉസ്താദാണ്. ഖബറടക്കം ചെയ്ത ചവര്‍ത്തടി പള്ളിയും ഉസ്താദിന്റെ മുന്‍കൈയ്യാല്‍ സ്ഥാപിതമായതാണ്. 

കാനക്കോട് പള്ളി പുനര്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മേല്‍ നോട്ടം വഹിച്ചതും ഉസ്താദ് തന്നെയാണ്. ദീനീ സേവന രംഗത്ത് ഒരു പണ്ഡിതന്‍ നിര്‍വ്വഹിക്കേണ്ട  ബാധ്യതകള്‍ നിറവേറ്റി, പഠിച്ച അറിവുകള്‍ ഒരു തലമുറക്ക് പകര്‍ന്ന് കൈ മാറി വിട പറഞ്ഞ ഉസ്താദിന്റെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ...

-അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം

SHARE THIS

Author:

0 التعليقات: