Friday, 18 January 2019

സെക്രട്ടറിയറ്റ് പടിക്കലെ നിരാഹാര സമരം ബി.ജെ.പി. അവസാനിപ്പിച്ചു

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള ബി.ജെ.പിയുടെ സമരം അവസാനിപ്പിച്ചു. ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കുന്ന വേളയില്‍ സമരത്തിന് അന്ത്യം കുറിക്കാം എന്ന നിലപാടെടുത്താണ് ബി.ജെ.പി ഈ തീരുമാനത്തിലെത്തിയത്. മാത്രമല്ല സമരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ല എന്നും ബി.ജെ.പി. അണികള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൂടിയാണ് സമരത്തില്‍ നിന്നും ബി.ജെ.പി. പിന്‍വലിയുന്നത് എന്നും പറയപ്പെടുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചത്.


ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം.

ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ അതിനു ശേഷം സമരം ഏറ്റെടുക്കാന്‍ ബി.ജെ.പിയുടെ നേതാക്കള്‍ തയാറാകാത്ത സ്ഥിതി വന്നു. ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ. സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി രമേശ് എന്നിവര്‍ സമരം നടത്താന്‍ തയ്യാറായില്ല. ബി.ജെ.പി. എം.പി. വി. മുരളീധരന്‍ സമരപന്തലില്‍ എത്തി ഐക്യധാര്‍ട്യം അറിയിച്ചിരുന്നെങ്കിലും സമരം ഏറ്റെടുക്കാന്‍ അദ്ദേഹം ഉത്‌സാഹം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ബി.ജെ.പി നേതാക്കളായ എന്‍. ശിവരാജനും പി.എം വേലായുധനും നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമയാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളത്.


SHARE THIS

Author:

0 التعليقات: