Thursday, 17 January 2019

കാട്ടുപന്നി ഇറച്ചി വില്‍ക്കാന്‍ ശ്രമം; 4 പേര്‍ക്കെതിരെ കേസ്, ഒരാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കാട്ടുപന്നിയെ കുരുക്കിട്ട് പിടിച്ച ശേഷം ഇറച്ചിയാക്കി വില്‍ക്കാനുള്ള ശ്രമത്തിനിടെ നാലംഗ സംഘം വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ടു.  സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിനെതിരെ ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
ചത്ത കാട്ടുപന്നിയെയും ബൈക്കും ആയുധങ്ങളും ഫോറസ്റ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുട്ടത്തോടി കല്ലക്കട്ടയിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കാസര്‍കോട് ഫ്‌ളെയിംഗ് സ്‌ക്വാഡ് റൈഞ്ച് ഓഫീസര്‍ എം.കെ. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഇവ പിടിച്ചത്. കല്ലക്കട്ട അമ്പിക്കാനയിലെ യതീഷനെയാണ് തിരിച്ചറിഞ്ഞത്. മറ്റു മൂന്നുപേരെ അന്വേഷിച്ചുവരുന്നു. 

കുറ്റിക്കാട്ടില്‍ കേബിള്‍ കുരുക്കൊരുക്കി കാട്ടുപന്നിയെ കെണിയില്‍ വീഴ്ത്തി കറിയാക്കിയും ഇറച്ചിയാക്കിയും വില്‍പ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഫോറസ്റ്റ് അധികൃതര്‍ പരിശോധന നടത്തിയത്. 
50 കിലോ തൂക്കമുള്ള പന്നി, ബൈക്ക്, കുരുക്കിനുള്ള കേബിള്‍, പിച്ചാത്തി എന്നിവയാണ് കണ്ടെത്തിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. മധുസൂദനന്‍, ബീറ്റ് ഓഫീസര്‍മാരായ കെ. രാജു, പി. ശ്രീധരന്‍, വി.വി. പ്രകാശന്‍, ഡ്രൈവര്‍ പി. പ്രദീപ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: