Thursday, 17 January 2019

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റാം റഹീം സിംഗിന് ജീവപര്യന്തം ശിക്ഷ


പഞ്ചകുള: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദ നേതാവും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന് കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു. പഞ്ചകുള പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി. ഇയാളുടെ സഹായികളായ മറ്റു മൂന്ന് പേരെയും ശിക്ഷിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.


റാം റഹീം സിംഗ് അടക്കം നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 120 ബി (കുറ്റകരമായ ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ ശിക്ഷിച്ചത്.

തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് റാം റഹീം സിംഗ്. റോഹ്ത്തക്കിലെ സുനൈറ ജയിലിലാണ് ഇയാള്‍ കഴിയുന്നത്.

2002ല്‍ ഹരിയാനയിലെ സിസ്‌റയില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടത്. റാം റഹീം സിംഗ് അനുയായികളായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു.


SHARE THIS

Author:

0 التعليقات: