Friday, 18 January 2019

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്

ബെംഗളൂരു: വിധാന്‍ സൌധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. ബിദഡിയിലെ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റുന്നത്. ആകെ 75 എംഎല്‍എമാരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെ 80 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഒരാള്‍ സ്പീക്കറാണ്. നാല് വിമത എംഎല്‍എമാര്‍ ഇന്ന് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. 

യോഗശേഷമാണ് 75 എംഎല്‍എമാരെയും രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ കയറ്റി റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎല്‍എമാര്‍ക്കൊപ്പം ബസ്സിലുണ്ട്. ഇന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരെല്ലാം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ആഭ്യന്തരകലാപം തുടരുന്നതിനാല്‍ത്തന്നെയാണ് ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് തടയാന്‍ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.

ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗം വൈകിട്ട് നാല് മണിയോടെയാണ് തുടങ്ങിയത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. വരാത്തവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്.  

വിപ്പുണ്ടായിട്ടും വിമതരായ നാല് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. എന്നാല്‍ രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല.  ഉമേഷ് യാദവും ബി നാഗേന്ദ്രയും പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

75 പേരെ യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ എംഎല്‍എമാരെയെല്ലാം റിസോര്‍ട്ടിലേക്ക് മാറ്റിയാല്‍ കൂടുതല്‍ പേര്‍ കളംമാറുന്നത് തടയാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.



SHARE THIS

Author:

0 التعليقات: