Monday, 14 January 2019

ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി ലോക ശ്രദ്ധ നേടുകയാണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിദ്യാനഗറില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ ഉറ്റ് നോക്കുന്നത് രാഹുലിനേയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസിന് പിന്തുണ നല്‍കി മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ തിരിയുമ്പോള്‍ ഈ കാര്യം ബോധ്യപ്പെടാത്ത ഒറ്റ രാഷ്ട്രീയ പാര്‍ട്ടി സി പി എം മാത്രമാണ്. നവോത്ഥാന ചരിത്രം അറിയാത്തവരാണ് നവോത്ഥാനത്തിനായി മതില്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. വനിതാ മതിലിലൂടെ ജനങ്ങളെ ജാതീയതയിലേക്ക് കടത്തിവിടുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മുപ്പതിനായിരത്തിലധികം ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റുകയുണ്ടായി. ഇത്തരം ഭരണകൂട ഭീകരതകളെ ജീവനക്കാരും ജനങ്ങളും അംഗീകരിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

എന്‍.ജി.ഒ യൂണിയന്‍ പിണറായി ഫാന്‍സ് അസോസിയേഷനായി അധഃപതിച്ചിരിക്കുകയാണ്. യൂണിയന്റെ അടിമ മനോഭാവത്തോടുള്ള എതിര്‍പ്പ് കൊണ്ടാണ് അറുപത്തി ഏഴ് ശതമാനം ജീവനക്കാരും സാലറി ചാലഞ്ചിനോട് നോ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍ കെ ബെന്നി വസ്തുവിന്റെ പ്രമാണം ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞികണ്ണന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എന്‍ ഹര്‍ഷകുമാര്‍, സംസ്ഥാന ട്രഷറര്‍ പി. ഉണ്ണികൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, അസോസിയേഷന്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.വി. രമേശന്‍ സുരേഷ് പെരിയങ്ങാനം, ഇ മീനാകുമാരി, കെ സി സുജിത് കുമാര്‍, എ.വി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ വി. ദാമോദരന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.എം. ജയപ്രകാശ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: