Sunday, 10 February 2019

കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് 25 പവന്‍ സ്വര്‍ണാഭരണവും 5000 രൂപയും കവര്‍ന്നത്. മുന്‍ പ്രവാസിയും പടന്നക്കാട്ടെ ടൈലര്‍ സ്ഥാപനം ഉടമയുമായ രമേശിന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് സംശയിക്കുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. ഈ സമയത്ത് രമേശനും കുടുംബവും ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മറ്റൊരു മുറിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവുമാണ് കവര്‍ന്നത്. 

അലമാരയുടെ മുകളില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച സഞ്ചിയിലാണ് സ്വര്‍ണാഭരണം ഉണ്ടായിരുന്നത്. അലമാരയിലാണ് പണം ഉണ്ടായിരുന്നത്. അലമാര വാരി വലിച്ച നിലയിലാണ്. ചിട്ടിവിളിച്ച വകയില്‍ കിട്ടിയ 50,000 രൂപ ഇതിനകത്ത് സൂക്ഷിച്ചിരുന്നു. ഈ പണം നഷ്ടപ്പെട്ടിട്ടില്ല. കവര്‍ച്ച നടന്ന വിവരം രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നപ്പോഴാണ് വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോഴാണ് അടുത്ത മുറിയില്‍ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.

SHARE THIS

Author:

0 التعليقات: