Wednesday, 13 February 2019

കുന്ദാപുരത്തെ ഇരട്ടക്കൊലപാതകം അഞ്ചുപേര്‍കൂടി അറസ്റ്റില്‍

മംഗളൂരു: ഉഡുപ്പി കുന്ദാപുരത്തെ ഇരട്ടക്കൊലപാതക കേസില്‍ അഞ്ചുപേര്‍കൂടി പോലീസ് പിടിയില്‍. കേസില്‍ നേരത്തേ ജില്ലാപഞ്ചായത്തംഗമായ ബി.ജെ.പി. നേതാവും രണ്ട് പോലീസുകാരുമുള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത അഭിഷേക് എന്ന അഭിപാലന്‍ (23), സന്തോഷ് കുന്ദര്‍ (35), നാഗരാജ് (44), പ്രണവ്
റാവു (20), ശങ്കര്‍ മൊഗവീര (37) എന്നിവരാണ് കേസില്‍ ചൊവ്വാഴ്ച അറസ്റ്റിലായത്.

കഴിഞ്ഞദിവസം ഉഡുപ്പി ജില്ലാ പഞ്ചായത്ത് അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ രാഘവേന്ദ്ര കാഞ്ചന്‍ (38), പോലീസുകാരായ പവന്‍കുമാര്‍, വീരേന്ദ്ര ആചാര്യ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. ജനുവരി 26നാണ് കോട്ട മണൂര്‍ ചിക്കനഗരയിലെ സുഹൃത്തുക്കളായ യതീഷ് കാഞ്ചന്‍, ഭരത് പൂജാരി എന്നിവരെ സംഘം കൊലപ്പടുത്തിയത്. 

ഹരീഷ് റെഡ്ഡി, രാജശേഖര്‍ റെഡ്ഡി എന്നിവര്‍ അയല്‍ക്കാരനായ ലോഹിത് പൂജാരിയുടെ കിണറിനോട് ചേര്‍ന്ന് സെപ്റ്റിക് ടാങ്കിന്റെ കുഴിയെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരേ പഞ്ചായത്തിലും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയ ലോഹിതിനെ ഇരുവരും ഭീഷണിപ്പെടുത്തി. 

രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലോഹിതിനെ കൊലപ്പെടുത്താനായി സംഘം കോട്ട ടൗണില്‍ കാത്തിരുന്നു. വിവരമറിഞ്ഞ ലോഹിത് സഹായത്തിനായി കൊല്ലപ്പെട്ട യതീഷ്, ഭരത് എന്നിവരെ വിളിച്ചു. ലോഹിതിനെ രക്ഷപ്പെടുത്താനായി വരികയായിരുന്ന ഇരുവരെയും സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.


SHARE THIS

Author:

0 التعليقات: