Sunday, 10 March 2019

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൂത്തുപറമ്പ്: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴര മണിയോടെ കൂത്തുപറമ്പ് നഗരത്തിനടുത്ത് മാവേലിമുക്കില്‍ സ്റ്റേറ്റ് ബാങ്കിന് മുന്നിലാണ് അപകടം ഉണ്ടായത്. പേരാവൂരിലെ മഠപ്പുരച്ചാല്‍ സ്വദേശി ആമക്കാട്ട് തങ്കച്ച (54)നാണ് മരിച്ചത്. കാര്‍ യാത്രക്കാരനായിരുന്നു. കാറിലെ മറ്റ് യാത്രക്കാരായ 4 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കാറില്‍ ആറ് പേരാണുണ്ടായിരുന്നത്.

പേരാവൂരില്‍ നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറും വിമാന ഇന്ധനവുമായി കൂത്തുപറമ്പ് ഭാഗത്തുനിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി ഐ ബി രാജേന്ദ്രന്‍, എസ് ഐ റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരും കൂടിച്ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പേരാവൂര്‍ കൊളക്കാട് സ്വദേശി ഇരിപ്പോള്‍ ഹൗസില്‍ എ ഡി സജി, പേരാവൂര്‍ തെറ്റുവഴിയിലെ കോടക്കാട്ട് ഹൗസില്‍ ജോര്‍ജ്ജ്, പേരാവൂര്‍ തുണ്ടിയിലെ തെക്കെ മുറിയില്‍ ജോണി, തെറ്റുവഴിയിലെ തെക്കെ മുറിയില്‍ ജോബിന്‍ ജോസ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാര്‍ യാത്രക്കാരനായ ജോയിക്ക് നിസ്സാര പരിക്കേറ്റു. കണ്ണൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മരണമടഞ്ഞ തങ്കച്ചന്റെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മേഴ്‌സിയാണ് തങ്കച്ചന്റെ ഭാര്യ. മക്കള്‍: അബി, അബിത

SHARE THIS

Author:

0 التعليقات: