Thursday, 14 March 2019

അജ്മീര്‍ ഖാജ(റ) ഇന്ത്യയുടെ സുല്‍ത്താന്‍

വിശ്വപ്രസിദ്ധ മസാറുകളില്‍ ഒന്നായ അജ്മീര്‍ ശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുല്‍ത്താനുല്‍ ഹിന്ദ് ഖാജാമുഈനുദ്ദീന്‍ ചിശ്തി തങ്ങളുടെ 807ാംമത്തെ ഉറൂസ് മുബാറക്കും വലിയ ആത്മീയ സമ്മേളനവും രാജസ്ഥാനില്‍ നടക്കുകയാണല്ലോ.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, സിംഗപ്പൂര്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലേക്കായിരുന്നു നബി (സ) തങ്ങള്‍ ഖാജാ തങ്ങളെ നിയോഗിച്ചത്. ഇവിടെയെല്ലാം ഖാജാ തങ്ങള്‍ അറിയപ്പെടുന്നത് സുല്‍ത്താനുല്‍ ഹിന്ദ് എന്ന് തന്നെയാണ്. മഹാനവര്‍കള്‍ നടത്തിയത് പോലുള്ള ഒരു നവോത്ഥാനം ഇവിടെ സൃഷ്ടിക്കാന്‍ ശേഷം ഇന്നേ വരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരൊറ്റ കറാമത്തുകൊണ്ട് മാത്രം ലക്ഷങ്ങള്‍ ഇസ്‌ലാം ആശ്ലേഷിച്ച സംഭവം ചരിത്രത്തില്‍ കാണാം. 

ബ്രിട്ടീഷ് വൈസ്രോയായിരുന്ന കഴ്‌സണ്‍ പ്രഭു എഴുതിഴത് എട്ട് നൂറ്റാണ്ട് കാലമായി അജ്മീറില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഒരാളാണ് ഇന്ത്യയെ ഭരിക്കുന്നത് എന്നാണ്. തന്റെ മേലധികാരികള്‍ക്ക് എഴുതിയ കത്തിലെ വാചകമാണിത്.
വ്യത്യസ്ത വിശ്വാസക്കാരും ജാതി മതസ്ഥരുമായ പതിനായിരങ്ങള്‍ ദര്‍ഗയുടെ പരിസരങ്ങളില്‍ ജീവിക്കുന്നു. അനാഥകളും അഗതികളും മാത്രമല്ല, അന്ധരും ബധിരരും മൂകരും നിരാലംബരുമായ ജനസഹസ്രങ്ങള്‍, അജ്മീര്‍ ദര്‍ഗ ആശ്രയിച്ച് ഉപജീവന മാര്‍ഗവും മറ്റും നടത്തിപ്പോരുന്നു. ജീവിതകാലത്ത് പാവങ്ങളുടെ ആശ്രയം, (ഗരീബ്‌നവാസ്) ആയിരുന്നുവെങ്കില്‍ ഇന്നും അത് മാറ്റമില്ലാതെ തുടര്‍ന്നുപോരുന്നു.

ഖാജാ തങ്ങളുടെ പൂര്‍ണനാമം, അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ (റ) എന്നാണ്. ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനനം. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ ധര്‍മിഷ്ഠനുമായിരുന്ന പിതാവ് ശിയാസുദ്ധീന്‍ സന്‍ജരിയുടെ ശിക്ഷണത്തിലായിരുന്നു പ്രാഥമിക പഠനം. തന്റെ പിതാവിന്റെ മരണ ശേഷം, ലഭിച്ച കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പ്പെട്ട സാത്വികനായ ഒരു മനുഷ്യന്‍ അവിടേക്ക് കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ചിരുത്തി പഴങ്ങള്‍ പറിച്ചുകൊണ്ട് വന്ന് സത്കരിച്ചു. ശൈഖ് ഇബ്‌റാഹീം എന്ന പേരില്‍ പ്രസിദ്ധനായ മജ്ദൂബായിരുന്നു അത്. കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനായ മഹാന്‍ തന്റെ ഭാണ്ഡം തുറന്ന് അതില്‍ നിന്ന് ഒരു പഴമെടുത്തുകൊടുത്തു.

പില്‍ക്കാലത്ത് വരാനിരിക്കുന്ന മഹാനായ ഒരു ധാര്‍മിക വിപ്ലവ നായകന് ഊര്‍ജം പകരുകയായിരുന്നു ശൈഖ് ഇബ്‌റാഹീം (റ). ഈ സംഭവത്തോടെ, സമ്പാദ്യം മുഴുവന്‍ ദാനം ചെയ്ത്, പഠനവും ജനസേവനവും ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ശൈഖ് ഹുസാമുദ്ദീന്‍(റ)ന്റെ അടുത്ത് നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കി, പിന്നീട് ഇറാഖിലെ ഖാജാ ഉസ്മാന്‍ ഹാറൂനി (റ) വിനെ അന്വേഷിച്ച് പുറപ്പെട്ടു. 20 വര്‍ഷക്കാലം അദ്ദേഹത്തില്‍ നിന്ന് വിജ്ഞാനവും ആത്മീയ സരണികളും സ്വായത്തമാക്കി, ശൈഖില്‍ നിന്ന് സ്ഥാന വസ്ത്രം (ഹിര്‍ക്ക) സ്വീകരിച്ച്, വിശ്രുതമായ ചിശ്ത്തി മാര്‍ഗത്തില്‍ പ്രവേശിച്ചു. ഖാജാ തങ്ങളുടെ മഹാ ഗുരുക്കളെല്ലാം ചിശ്ത് എന്ന പ്രദേശത്തായിരുന്നു. ഖാജാ തങ്ങള്‍ അറിയപ്പെട്ടത് ഈ പ്രദേശത്തോട് ചേര്‍ത്ത് കൊണ്ടാണ്.

അക്കാലത്തെ അറിയപ്പെട്ട അത്മീയ ഗുരുക്കളെയെല്ലാം സന്ദര്‍ശിച്ച് അനുഗ്രഹം നേടിയ ഖാജാ തങ്ങള്‍ നൂഹ് നബി(അ)ന്റെ കപ്പല്‍ നങ്കൂരമിട്ട ജൂതി പര്‍വത മുകളിലെത്തി ഗൗസുല്‍ അഅ്‌ളം ശൈഖ് ജീലാനി തങ്ങളെ കണ്ടു. മുഹ്‌യിദ്ദീന്‍ ശൈഖ് തങ്ങളോടൊപ്പം ജീലാനിയിലേക്ക് പുറപ്പെട്ടു. മാസങ്ങളോളം ഒന്നിച്ച് കഴിഞ്ഞു. ഖാജാ തങ്ങളുടെ ഗുരുപരമ്പരയും കുടുംബ പരമ്പരയുമെല്ലാം നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്നു.
ഒരു ദിവസം നബി(സ)യെ സിയാറത്ത് ചെയ്ത ശേഷം റൗള ശരീഫിന്റെ പരിസരത്ത് ഉറങ്ങികിടക്കുമ്പോള്‍ നബി തങ്ങളെ സ്വപ്‌നം കാണുകയുണ്ടായി. 'ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അന്ധകാരത്തിലാണ്'. ഈ നിര്‍ദേശം ശിരസ്സാ വഹിച്ച് 40 അനുയായികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ച് ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ അജ്മീറിലെത്തി.
സ്വപ്‌നത്തിലൂടെയുള്ള നബി (സ) തങ്ങളുടെ നിര്‍ദേശവും ജീലാനീ തങ്ങളടക്കമുള്ളവരുടെ ആശീര്‍വാദങ്ങളുടെയും ഫലം കാണുകയായിരുന്നു. നിരവധി കറാമത്തുകളിലൂടെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന്, ഇന്ത്യയുടെ സുല്‍ത്താനായി എന്നും ജനമനസ്സുകളില്‍ ജീവിക്കുകയാണ് ഖാജാ തങ്ങള്‍.

ഹിജ്‌റ 633, റജബ് ആറിനാണ് ഖാജാ തങ്ങളുടെ വഫാത്ത്. ആ ദിവസം മുഴുവന്‍ റൂമില്‍ വാതിലടച്ച് ഏകാന്തനായി ധ്യാനനിരതനായിരുന്നു. വാതിലിന് സമീപം കാത്തിരുന്ന സ്‌നേഹജനങ്ങള്‍ റൂമിനകത്ത് പലരുടെയും ശബ്ദങ്ങള്‍ കേട്ടു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ എന്നെന്നേക്കുമായി യാത്ര പറഞ്ഞിരുന്നു. ആ നെറ്റിത്തടത്തില്‍ ദിവ്യപ്രകാശത്താലുള്ള ഒരു ലിഖിതം കണ്ടു. 'ഹാദാ ഹബീബുല്ലാഹ്, മാത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ അവന്റെ പ്രീതിയിലായി വിട പറഞ്ഞിരിക്കുന്നു) മര്‍ഹൂം ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി (റ) യുടെ മവാഹിബുല്‍ റബ്ബില്‍ മതീന്‍ (പേജ് 26) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

നിരവധി അസാധാരണ സംഭവങ്ങള്‍ മഹാനില്‍ നിന്ന് പ്രകടമായി. മരിച്ച വ്യക്തിയെ അല്ലാഹുവിന്റെ സഹായത്താല്‍ ജീവിപ്പിച്ചതും അഗ്‌നിയാരാധകരെ വെല്ലുവിളിച്ച് തന്റെ ഒരു അനുയായിയെ തീയില്‍ നടത്തിച്ചതും അടക്കം നാലായിരത്തോളം കറാമത്തുകള്‍ ഖാജാ തങ്ങളിലൂടെ പ്രകടമായതായി ചരിത്രം രേഖപ്പെടുത്തുന്നു.അവരുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്താനുതകുന്ന സത്കര്‍മങ്ങള്‍ ചെയ്യാനും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ…

വാക്കത്ത് അബ്ദുല്ലത്വീഫ് പാലാഴി

(കടപ്പാട് സിറാജ്‌)SHARE THIS

Author:

0 التعليقات: