Thursday, 7 March 2019

ബിസിനസുകാര്‍ക്ക് നിസാര പലിശയ്ക്ക് വന്‍ തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാസര്‍കോട് സ്വദേശിയടക്കം അഞ്ചുപേര്‍ പിടിയില്‍

മാള: ബിസിനസുകാര്‍ക്കു നിസാര പലിശയ്ക്കു വന്‍തുക വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ ബംഗളൂരുവില്‍നിന്ന് പിടികൂടിയത്.

മലപ്പുറം പാണ്ടിക്കാട് പൂത്തില്ലത്ത് രാഹുല്‍(22), പത്തനംതിട്ട റാന്നി മുക്കപ്പുഴ മാഞ്ഞിരത്താമലയില്‍ ജിബിന്‍ ജീസസ് ബേബി (24), കാസര്‍ഗോഡ് പരപ്പ വള്ളിക്കടവ് പുളിക്കല്‍ ജെയ്‌സണ്‍(21), കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട മാടന്നൂര്‍ വിഷ്ണു (22), കോട്ടയം നോര്‍ത്ത് കിളിരൂര്‍ ചിറയില്‍ വീട്ടി ല്‍ ഷമീര്‍(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പു സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവുമായ കോട്ടയം സ്വദേശി സരുണിനെ പിടികൂടാനുണ്ട്. ഇയാള്‍ ചെന്നൈയില്‍ തുണി വ്യാപാരിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് വിനയ് പോള്‍ ജോര്‍ജ് എന്ന പേരില്‍ ഫോണിലൂടെ ആളുകളെ വലവീശിയിരുന്നത്.

ഏതാനും മാസം മുമ്ബ് മാള സ്വദേശിയായ യുവ വ്യവസായിക്കു ലഭിച്ച, നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ പ്രൈവറ്റ് ലോണ്‍ തരപ്പെടുത്തി കൊടുക്കുന്നു. താല്പര്യമുള്ളവര്‍ താഴെ കാണുന്ന നന്പറില്‍ ബന്ധപ്പെടുക എന്ന മൊബൈല്‍ സന്ദേശമാണു തട്ടിപ്പിനു തുടക്കമിട്ടത്. പ്രളയംമൂലം ബിസിനസ് തകര്‍ന്നിരിക്കുന്ന ഇദ്ദേഹം നമ്ബറിലേക്ക് വിളിക്കുകയായിരുന്നു. ആദ്യം ഇംഗ്‌ളീഷിലും തുടര്‍ന്ന് മലയാളത്തിലും സംസാരിച്ച ആള്‍ ലോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമായി വിവരിച്ചുനല്‍കി.

വ്യവസായിയുടെ വിവരങ്ങള്‍ വ്യക്തമായി ചോദിച്ചറിഞ്ഞശേഷം രണ്ടു ദിവസത്തിനുശേഷം വീണ്ടും വിളിച്ച് 1.15 കോടി രൂപ ലോണ്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നറിയിച്ചു. ലോണിന്റെ എഗ്രിമെന്റ് നടപടികള്‍ക്കായി മുദ്രപത്രത്തിന്റെ തുകയായി എട്ടുലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാലിത് പൂര്‍ണമായി വിശ്വസിക്കാതിരുന്ന യുവ വ്യവസായി പിന്നീട് ബംഗളൂരുവില്‍ നേരിട്ടെത്തി തട്ടിപ്പുസംഘത്തിന്റെ ഹെബ്ബാളിലെ കോര്‍പറേറ്റ് ഓഫീസ് കണ്ടു ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഘം നല്‍കിയ അക്കൗണ്ട് നന്പറിലേക്ക് എട്ടു ലക്ഷം നിക്ഷേപിക്കുകയും ചെയ്തു.

രണ്ടാഴ്ചകഴിഞ്ഞ് ലോണിന്റെ നടപടികള്‍ എവിടെ വരെയായി എന്നറിയാന്‍ വിളിച്ചപ്പോള്‍ തന്ന നമ്ബര്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പരിചയക്കാരെക്കൊണ്ട് അന്വേഷിച്ചപ്പോള്‍ ഹെബ്ബാളിലെ ഓഫീസ് പൂട്ടിയനിലയിലായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതോടെ മാള സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സമാനരീതിയില്‍ സന്ദേശം ലഭിച്ച മറ്റൊരു വ്യവസായി ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ 80 ലക്ഷം രൂപ ലോണ്‍ ലഭിക്കുമെന്നറിയിപ്പു കിട്ടി. എഗ്രിമെന്റിനായി മുദ്രപത്രം വാങ്ങുന്നതിനായി 6.12 ലക്ഷം രൂപ അടയ്ക്കാന്‍ നിര്‍ദേശം ലഭിച്ചു. മുദ്രപത്രം താന്‍തന്നെ വാങ്ങി നല്‍കാം എന്നറിയിച്ച വ്യവസായിയോടു ലോണ്‍ കാലാവധി 120 മാസം ആണെന്നും മുദ്രപത്രത്തിന് ഒരു വര്‍ഷത്തെ സാധുതയേ കിട്ടൂ എന്നും വീണ്ടും വര്‍ഷം തോറും മുദ്രപത്രം വാങ്ങേണ്ടിവരും എന്നുമാണ് ധരിപ്പിച്ചത്.

തങ്ങളുടെ പരിചയത്തിലുള്ള മധുരയിലെ വെണ്ടര്‍ തിയതി രേഖപ്പെടുത്താതെ മുദ്രപത്രം നല്‍കുമെന്നും അതിനാലാണ് പണം വേണ്ടിവരുന്നതെന്നും ധരിപ്പിച്ചു. മുദ്രപത്രം കാണണമെന്നാവശ്യപ്പെട്ട വ്യവസായിക്ക് വീഡിയോ കോളിലൂടെ ഇവ കാണിച്ചു കൊടുക്കുകയും ചെയ്തുവത്രെ. തുടര്‍ന്ന് ഒരാഴ്ചശേഷം അങ്കമാലിയില്‍വച്ച് നേരിട്ടുകണ്ടതിനുശേഷം ഇവര്‍ നല്‍കിയ അക്കൗണ്ടിലേക്ക് ആറുലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. ആഴ്ചകള്‍ കഴിഞ്ഞ് വിവരമൊന്നുമില്ലാതെ സ്വിച്ച് ഓഫ് ആണെന്നു കണ്ടതോടെ തട്ടിപ്പ് ആണെന്നു മനസിലാക്കുകയായിരുന്നു.

പുതുക്കാട്, കൊടകര, മണ്ണുത്തി ഉള്‍പ്പെടെ കേരളത്തിന്റെ വിവിധയിടങ്ങളിലുള്ളവരും മറ്റു സ്ഥലങ്ങളിലുള്ള മലയാളികളും സമാനമായ തട്ടിപ്പിനിരയായതായി കണ്ടെത്തി. തട്ടിപ്പിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ നന്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണെന്ന വ്യാജേന വിളിച്ച് ഡെലിവറി ചെയ്യാനായെത്തി തന്ത്രപരമായി സംഘത്തിലെ ഒരാളെ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് മറ്റുള്ളവരെയും തന്ത്രപരമായി കണ്ടെത്തി പിടികൂടി.

സമാനമായ രീതിയിലുള്ള തട്ടിപ്പ് സംബന്ധിച്ച് കോയന്പത്തൂര്‍ റേസ്‌കോഴ്‌സ് പോലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. പ്രത്യേക അന്വേഷണസംഘത്തില്‍ സര്‍ക്കിള്‍ പി.എം. ബൈജു, എസ്‌ഐ വി. വിജയരാജന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു.സില്‍ജോ, എ.യു. റെജി, എം.ജെ. ബിന്ദു, ഷിജോ തോമസ് എന്നിവരും മാള എഎസ്‌ഐ പ്രദീപും ഉണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: