Friday, 29 March 2019

ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവം; ആര്‍എസ്എസ് നേതാവ് കീഴടങ്ങി

തളിപ്പറമ്പ്: കണ്ണൂര്‍ നടുവിലില്‍ കളിച്ച് കൊണ്ടിരിക്കെ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് കീഴടങ്ങി. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകായിരുന്ന മുതിരമല സ്വദേശി ഷിബുവാണ് കോടതിയില്‍ കീഴടങ്ങിയത്. ഇന്ന് വൈകീട്ടോടെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷിബു കീഴടങ്ങിയത്.  ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. 


ശനിയാഴ്ചയായിരുന്നു കേസിനസ്പദമായ സംഭവം. വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെ ബോംബ് സ്‌ഫോടനമുണ്ടായി ഷിബുവിന്റെ മകനടക്കം രണ്ട് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കിളിക്കൂട് നിര്‍മിക്കുന്നതിനായി കുട്ടികള്‍ വീടിനടുത്ത ഷെഡ്ഡില്‍ നിന്ന് മരത്തടികള്‍ വലിച്ചിടുന്നതിനിടെയാണ് ഇവിടെ ഒളിപ്പിച്ച ബോംബ് പൊട്ടിയത്. തുടര്‍ന്ന് പോലീസ് ഇവിടെ നടത്തിയ പരിശോധനയില്‍ ആയുധ ശേഖരങ്ങളും കണ്ടെത്തിയിരുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തി ഷിബുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 


സ്‌ഫോടനത്തില്‍ കൈകാലുകള്‍ക്ക് പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയുമായിരുന്നു.



SHARE THIS

Author:

0 التعليقات: