Friday, 15 March 2019

ഇസ്‌ലാമിന്റേത് സ്‌നേഹത്തിന്റെ ദര്‍ശനം: കാന്തപുരം

ന്യൂഡല്‍ഹി: ആത്മീയ ഇസ്‌ലാം പഠിപ്പിക്കുന്നത് സ്‌നേഹത്തിന്റെ ദര്‍ശനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അജ്മീറില്‍ നടന്ന ശൈഖ് മുഈനുദ്ദീന്‍ ചിശ്തിയുടെ 807ാം ഉറൂസിന്റെ സമാപന സമ്മേളനത്തില്‍ ഗരീബ് നവാസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിനെതിരെ വരുന്ന മുന്‍വിധികളെയും വര്‍ധിച്ചുവരുന്ന ഇസ്‌ലാം ഭീതിയെയും പ്രതിരോധിക്കാന്‍ വിശ്വാസികള്‍ ഓരോരുത്തരും സ്വജീവിതത്തിലൂടെ മതം പഠിപ്പിച്ച തെളിമയാര്‍ന്ന മൂല്യങ്ങള്‍ ആവിഷ്‌കരിക്കണം. ഇന്ത്യയിലെ ആത്മീയ ഇസ്‌ലാമിന്റെ പ്രചാരകനായിരുന്നു അജ്മീര്‍ ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും ആശ്വാസം തേടി ഇവിടെ സംഗമിക്കാന്‍ കഴിയുന്നത് അദ്ദേഹം കാണിച്ച സ്‌നേഹത്തിലധിഷ്ഠിതമായ സന്ദേശം കാരണമാണ്.

ഖാജയുടെ അനുയായികള്‍ ഈ സഹിഷ്ണുതാ മാര്‍ഗത്തെയാണ് ജീവിതത്തില്‍ പിന്തുടരേണ്ടതെന്ന് കാന്തപുരം പറഞ്ഞു.

രാജ്യത്തെ ഏറ്റവും പ്രധാന വിശ്വാസി കൂട്ടായ്മയായ അജ്മീര്‍ ഉറൂസിലെ ഈ വര്‍ഷത്തെ മുഖ്യാതിഥിയായിരുന്നു ഗ്രാന്‍ഡ് മുഫ്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് കാന്തപുരത്തെ വേള്‍ഡ് സൂഫി ഫോറം സെക്രട്ടറി ബാബര്‍ മിയ അശ്‌റഫ് ലക്‌നോ വേദിയില്‍ വെച്ച് ആദരിച്ചു. അജ്മീര്‍ ദര്‍ഗക്കു കീഴില്‍ സ്ഥാപിക്കുന്ന ഗരീബ് നവാസ് യൂനിവേഴ്‌സിറ്റി ശിലാസ്ഥാപനവും കാന്തപുരം നിര്‍വഹിച്ചു.

ഉത്തരേന്ത്യയിലെ പ്രമുഖ മത നേതാക്കളായ സയ്യിദ് ബാബു ഗുലാം ഹുസൈന്‍, സുഹൈല്‍ ഖണ്ഡവാനി, സയ്യിദ് ഹമ്മാദ് നിയാസി, മസൂദ് ദാദ, സയ്യിദ് മുഹമ്മദ് നൂറാനി, ഷാ അലി മുഹമ്മദ് ആരിഫ് മിയാന്‍, ദര്‍ഗ ഭാരവാഹികളായ അമീന്‍ പഠാന്‍, ശാകില്‍ അഹ്മദ്, സയ്യിദ് ബാബര്‍ അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: