Saturday, 30 March 2019

പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം; പ്രതിഷേധം ശക്തം, പ്രതിയെ നിങ്ങള്‍ കാണിച്ചു തന്നാല്‍ പിടിക്കാമെന്ന പോലീസിന്റെ വാദം വിചിത്രമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാമിനു നേരെയുണ്ടായ അക്രമ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായി. 

പ്രതികളെ പിടികൂടണമെന്നും അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് നെല്ലിക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.


സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രതികളെ നിങ്ങള്‍ തന്നെ കാണിച്ചു തന്നാല്‍ പിടികൂടാമെന്ന വിചിത്ര വാദമാണ് ഇതേ കുറിച്ച് ചോദിച്ച ഇമാമിനോട് പോലീസ് വ്യക്തമാക്കിയതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണമല്ല നടക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. പ്രതികള്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. 

ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കും പള്ളികമ്മിറ്റിക്കും മുന്നോട്ട് വെക്കാനുള്ളതെന്നും എം എല്‍ എ പറഞ്ഞു. അക്രമത്തിനിരയായ ഇമാം അബ്ദുല്‍ നാസര്‍ സഖാഫിയും പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: