Monday, 15 April 2019

കഥ പറയുന്ന നിഴലുകള്‍; അഹ്‌സനിയുടെ ഒരു മാസവും കസേരയിലെ കുഞ്ഞിച്ചയും

രണ്ടായിരത്തിന്റെ തുടക്കത്തിലായിരുന്നു ഖുര്‍ആന്‍ പഠനത്തിന് വേണ്ടി മുഹിമ്മാത്തിലെത്തുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നിറച്ചായ പകരുന്ന ശുഭ്ര വസ്ത്ര ധാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നിലാവെളിച്ചം പോലെ പ്രകാശം പരത്തുന്ന ഗുരുവര്യന്മാരുടെ പൂമുഖം ചിത്തം തളരിതമാകാന്‍ കാരണമായി. 


നീണ്ട താടിയും വെള്ള തലപ്പാവുമുള്ള ചോട്ടാ തങ്ങളാണെന്ന് തോന്നിപ്പിക്കുന്ന വിദത്തില്‍ ആത്മീയത തുളുമ്പിയിരുന്ന യുവ പണ്ഡിതന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ശ്രദ്ധേയനായിരുന്നു. സ്ഥാപനത്തില്‍ നടക്കുന്ന ദുആ മജ്‌ലിസുകളില്‍ ശൈഖുന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സാനിധ്യത്തില്‍ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയിരുന്ന നിഷ്‌കളങ്ക ഗുരുവര്യനായിരുന്നു വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി. 


മുഹിമ്മാത്തിന്റെ വരണ്ടഭൂമിയില്‍ ഇരുണ്ട മേനിയുമായി യാന്ത്രികമനുഷ്യനെപോലെ ഓടി നടന്നിരുന്ന ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നിഴല്‍പോലെ കൂടെ നടന്ന പ്രമുഖ വ്യക്തിത്വമാണ് എം അന്തുഞ്ഞി മൊഗര്‍ എന്ന കുഞ്ഞിച്ച.


ജി സി സി കേന്ദ്രമായി പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് പ്രസ്തുത ഫോറത്തിന്റെ ജൂറി തെരഞ്ഞെടുത്തിരിക്കുന്നത് ഈ നേതാക്കളെയാണ്. അര്‍ഹതക്കുള്ള അംഗീഗാരമായി ഇതിനെ വിലയിരുത്താം. ഈ അവസരത്തില്‍ അവാര്‍ഡ് ജേതാക്കളെ ഹ്രസ്വമായ രൂപത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ,


കര്‍ഷകരും കുലീനവുമായ കുടുംബത്തിലെ പ്രമുഖനായ മൊയ്തീന്‍കുട്ടി എന്നവരുടെയും ആസിയ ഉമ്മയുടെയും മകനായി 1972ലാണ് ബെദിരംപള്ളക്കടുത്ത ശേണിയിലാണ് വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ഉസ്താദ് ജനിക്കുന്നത്. പ്രഥമ വിദ്യാകേന്ദ്രം ഗുണാജെയിലായിരുന്നു. ദപ്പിന്റെ കൊട്ടില്‍ എന്നറിയപ്പെട്ടിരുന്ന ഗുണാജയിലെ ആ ഷെഡ്ഡായിരുന്നു അന്നത്തെ മദ്‌റസാ ഹാള്‍. പ്രസ്തുത മദ്‌റസാ ഹാളില്‍ കെ സി മൊയ്തു മുസ്ലിയാരുടെ കീഴില്‍ പഠനം നടത്തിയതിന് ശേഷം ബാപ്പാലിപ്പനം പള്ളിയില്‍ മുതഅല്ലിം ജീവിതത്തിന് നാന്ധി കുറിച്ചു. മഞ്ചേശ്വരം സ്വദേശിയും പ്രമുഖ പണ്ഡിതനുമായ അഹ്മദ് ഹബീബ് മുസ് ലിയാരായിരുന്നു പള്ളിദര്‍സില്‍ അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി യുടെ പ്രഥമ ഗുരു. 1982 ലാണ് ബാപ്പാലിപ്പൊനം പള്ളിയില്‍ ആദ്യമായി ദര്‍സ് ആരംഭിക്കുന്നത്. പ്രഥമ ബാച്ചില്‍ അഹ്‌സനി ഉസ്താദും ഉണ്ടായിരുന്നു.  

രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ബാപ്പാലിപ്പൊനത്ത് നിന്നും ഹബീബ് മുസ് ലിയാര്‍ക്കൊപ്പം പേരാല്‍ കണ്ണൂരിലേക്ക് മാറി. അവിടെ രണ്ട് വര്‍ഷം പഠിച്ചു.

പേരാല്‍ കണ്ണൂരില്‍ നിന്ന് ഹബീബ് മുസ് ലിയാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ മുതഅല്ലിംകളെ സുരക്ഷിത സ്ഥലത്താക്കണമെന്നാഗ്രഹിച്ചതിനാല്‍ രണ്ട് ഒപ്ഷന്‍ പറഞ്ഞ് കൊടുത്തു' ഒന്നുകില്‍ ആലമ്പാടി അല്ലെങ്കില്‍ നെല്ലിക്കുന്ന്'.അഹ്‌സനി ഉസ്താദ് തെരഞ്ഞെടുത്തത് ആലമ്പാടി ആയിരുന്നു. ആലമ്പാടി ഉസ്താദായിരുന്നു അവിടെ മുദരിസ്. തന്റെ കുടുംബകാര്യങ്ങളടക്കം നിയന്ത്രിക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്ന നേതാവെന്ന നിലയില്‍ നേരത്തെ തന്നെ ആലമ്പാടി ഉസ്താദിനെ പരിചയം ഉണ്ടായിരുന്നെങ്കിലും  ശിഷ്യത്വം സ്വീകരിക്കാന്‍ കഴിഞ്ഞത് അപ്രതീക്ഷിതമായിരുന്നു.9 വര്‍ഷം ആലമ്പാടിയില്‍ ജ്ഞാന തപസ്യ ക്കിരുന്നതിന് ശേഷം ഒതുക്കുങ്ങലില്‍ നിന്ന് 1996 ല്‍ അഹ്‌സനി ബിരുദം നേടി പുറത്തിറങ്ങി. ആലമ്പാടി ഉസ്താദിന്റെ കീഴില്‍ പടിക്കുന്നതിന്റെയിടയിലാണ് ഏല്‍ക്കാനയില്‍ നിന്നും ബാപ്പലിപ്പൊനത്തേക്ക് ഉസ്താദിന്റെ കുടുംബം താമസം മാറുന്നത്.


ആലംമ്പാടി ഉസ്താദിന്റെ ദര്‍സ് പഠനമാണ് അഹ്‌സനി ഉസ്താദിനെ മികച്ച സംഘാടകനാക്കി മാറ്റിയത്. 89ലെ സമസ്ത ഭിന്നിപ്പ് കാലത്ത് മുതഅല്ലിംകള്‍ക്ക് കാന്തപുരം ഉസ്താദിന്റെ മഹത്വം പറഞ്ഞ് കൊടുക്കുകയും നിങ്ങളെല്ലാം എ പി യുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയതിരുന്നു. തന്റെ ഗുരുവും ആത്മീയ നേതാവുമായ ആലംമ്പാടി ഉസ്താദിന്റെ പൊരുത്തതോടെ പ്രസ്ഥാനിക പ്രവര്‍ത്തനത്തിനിറങ്ങിയ അഹ്‌സനി ഉസ്താദിന്റെ ഹിക്മത്ത് സംഘടനാ രംഗത്ത് വലിയ മുന്നേറ്റം നാട്ടിലും പരിസരങ്ങളിലും ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.ബാപ്പാലിപ്പൊനം സുന്നീ സെന്റര്‍ അതിനൊരുദാഹരണം മാത്രം.


    ബിരുദദാരിയായി നാട്ടില്‍ വന്ന അബ്ദുറഹ്മാന്‍ അഹ്‌സനി ഒരു ദിവസം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെ കൂട്ടാന്‍ പോയി തിരിച്ച് തങ്ങളുടെ കൂടെ വരുമ്പോഴാണ് ' അബ്ദുറഹ്മാന്‍ മൗല്യാരെ, നിങ്ങള്‍ ഒരു മാസം മുഹിമ്മാത്തില്‍ എന്റെ പകരത്തിന് മുദരിസായി' വരണമെന്ന് ശൈഖുന പറയുന്നത്.ആദ്യം ശണഠിച്ചു നിന്നെങ്കിലും ഭയവിഹ്വലതയോടെ തല കുലുക്കി.ആ ഒരു മാസം ഇന്നും കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം.

 മുതഅല്ലിം ആയിരിക്കുമ്പോള്‍ തന്നെ മുഹിമ്മാത്തിന്റെ പ്രവര്‍ത്തനത്തിന് ഗോഥയില്‍ ഇറങ്ങിയ   അഹ്‌സനി ഉസ്താദിനെ നേരത്തെ ത്വാഹിര്‍ തങ്ങളുസ്താദിന് പരിചയം ഉണ്ടായിരുന്നു.മുഹിമ്മാത്തിന്റെ ആവശ്യത്തിന് വേണ്ടി സീതാംഗോളിയില്‍ നിന്ന് വീടുകള്‍ കയറി പിരിവ് നടത്തിയ മുതഅല്ലിം ജീവിതത്തിലെ ഓര്‍മ്മകള്‍ അഹ്‌സനി ഉസ്താദ് മറന്നാലും സീതാംഗോളിയിലെ ചരല്‍ കല്ലുകളും കരിമ്പാറകളും മറന്നിരിക്കില്ല.ഒരു മാസത്തിന് പകരത്തിന് എത്തിയ അഹ്‌സനി ഉസ്താദ് ഒടുവില്‍ മുഹിമ്മാത്തിന്റെ ഭാഗമായി മാറുകയായിരുന്നു. പിന്നീടുള്ള ജീവിതം മുഹിമ്മാത്തിന്റെ മുന്നേറ്റത്തിന് വേണ്ടി മാറ്റിവെച്ചു. ദര്‍സ് ക്ലാസ്  ഒഴിഞ്ഞ് കിട്ടുന്ന നേരങ്ങളിലെല്ലാം മുഹിമ്മാത്തിന് വേണ്ടി സമയം നീക്കി വെക്കുന്ന മാതൃകാ ജീവിതമാണ് അഹ്‌സനി ഉസ്താദിന്റേത്. 1996 മുതല്‍ ഇപ്പോഴും മുഹിമ്മാത്തില്‍ സേവനം തുടരുന്ന അഹ്‌സനി ഉസ്താദ് കര്‍ണാടകയിലും തമിഴ്‌നാട്ടിലും മുഹിമ്മാത്തിന് ഉണ്ടാക്കിയ പേരും പെരുമയും ശ്രദ്ധേയമാണ്. ചുട്ടുപൊള്ളുന്ന വെയ്‌ലത്തും മരം കോച്ചുന്ന തണുപ്പിലും കര്‍ണാടകയുടെ കൊടകിലും സാഗറിലും പാതിരാ നേരങ്ങളിലും മുഹിമ്മാത്തിന് വേണ്ടി ഓടുകയാണ് അദ്ദേഹം. അനുഭവങ്ങളുടെ ഭാണ്ഡവുമായി ജീവിതം നയിക്കുന്ന ഉസ്താദ് മനസ്റ്റ് തുറക്കാന്‍ മടിക്കുന്നു.

എസ് എസ് എഫിലും എസ് വൈ എസിലും നേതൃരംഗത്ത് ഉണ്ടായിരുന്ന അഹ്‌സനി ഉസ്താദ് ഇപ്പോള്‍ സമസ്ത മഞ്ചേശ്വരം താലൂക്കിന്റെ ജന.സെക്രട്ടറിയാണ്. സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിമാരില്‍ ഒരാളും കാസര്‍കോട് താലൂക്ക് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഉസ്താദ് എസ് എം എയുടെ സ്ഥാപന കാര്യ സെക്രട്ടറി ചുമതല വഹിച്ചുവരുന്നു.
പേരുകേട്ട ജന്മിയും ദീനി സ്‌നേഹിയിമാരുന്ന മുഹമ്മദ് ഹാജി തന്റെ പരന്ന് കിടക്കുന്ന സ്വത്തില്‍ നിന്ന് ദീനി സ്ഥാപനമുണ്ടാക്കാന്‍ സൗജന്യ വിലക്ക് നല്‍കിയതില്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് പെരുത്തിഷ്ടമായി മുഹിമ്മാത്തെന്ന മഹനീയ സ്ഥാപനത്തിന്റെ തുടക്കത്തില്‍ യത്തീംഖാന അടങ്ങുന്ന നാലെക്കര്‍ സ്ഥലം വാങ്ങിയത് മുഹമ്മദ് ഹാജിയില്‍ നിന്നായിരുന്നു. അദ്ധേഹത്തിന്റെ മകനാണ് അവാര്‍ഡ് ജേതാവായ എം അന്തുഞ്ഞി മൊഗര്‍. 1951ല്‍ ജനിച്ച അദ്ധേഹം പ്രായം 70അതിനോടടുത്തെങ്കിലും ഇന്നും മുഹിമ്മാത്തിനെ നെഞ്ചിലേറ്റി നടക്കുന്നത് യുവ തലമുറക്ക് മാതൃകയാണ്. 


കൂളിമാട് നിന്നും ത്വാഹിര്‍ തങ്ങള്‍ ഉറുമിയിലേക്ക് ദര്‍സ്സ് നടത്താനുള്ള ലക്ഷ്യവുമായി എത്തിയതിന് ശേഷം ഉറുമിയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിവര്‍ത്തനങ്ങള്‍ വീക്ഷിച്ച് കൂട്ടത്തില്‍ ഒരുവനായിരുന്നു ചിന്താശേഷിയുള്ള അന്തുഞ്ഞി എന്ന ചെറുപ്പക്കാരന്‍. ഉറുമു പള്ളിയില്‍ ദര്‍സ്സ് നടത്തിക്കൊണ്ടിരുന്ന കാലയളവില്‍ തങ്ങളെ കാണാന്‍ അന്തുഞ്ഞി മൊഗര്‍ എത്തുകയും തങ്ങളുടെ നിഷ്‌കളങ്കമായ വ്യക്തിത്വത്തില്‍ ആകൃഷ്ടനാവുകയും ചെയ്തു. വിനായാന്വിതനായ സയ്യിദവര്‍കളുടെ ജാഡകളില്ലാത്ത ജീവിതം അന്തുഞ്ഞി മൊഗറിന്റെ മനസ്സില്‍ കൊത്തിവെച്ചി. പിന്നീടുള്ള ജീവിതം തങ്ങള്‍ക്കൊപ്പം ആകാന്‍ ആഗ്രഹിച്ച അന്നത്തെ ചെറുപ്പക്കാരനാണ് ഇന്നത്തെ അവാര്‍ഡ് ജേതാവ്. 


ഉറുമിയില്‍ നിന്ന് തുടങ്ങിയ ഇരുവരുടെയും സൗഹൃദ ജീവിതം പ്രസ്ഥാനത്തിന് വലീയ മുതല്‍ക്കൂട്ടായി. അന്തുഞ്ഞി മൊഗറിന്റെ വിവാഹത്തില്‍ തങ്ങളും തങ്ങളുടെ വിവാഹത്തില്‍ അന്തുഞ്ഞി മൊഗറും നിറ സാനിധ്യമായി. അങ്ങനെ നീളുകയാണ് അവരുടെ സൗഹൃദ ബന്ധം. 


പുത്തിഗെ പഞ്ചായത്തില്‍ എസ് വൈ എസിന്റെ പ്രവര്‍ത്തനവുമായി ഓരോ മൂലകളിലും കയറിയിറങ്ങിയ ത്വാഹിര്‍ തങ്ങള്‍ക്കൊപ്പം ഉരുക്കുമനുഷ്യനെ പോലെ കൂടെ നിന്ന ഒരാളാണ് അന്തുഞ്ഞി മൊഗര്‍. ഉറുമിയില്‍ നിന്് മുന്നീയൂരിലേക്ക് എസ് വൈ എസിന്റെ പ്രപര്‍ത്തനവുമായി തങ്ങള്‍ക്കൊപ്പം കാല്‍നടയായി പോയ അന്തുഞ്ഞി മൊഗര്‍ ഇന്നും തങ്ങളുടെ പ്രവര്‍ത്തന രംഗത്തെ വീര്യം നിറ മിഴിയോടെ ഓര്‍ത്തെടുക്കുകയാണ്. ഉറുമിയില്‍ നിന്ന് ഊജംപദവിലെത്തുമ്പോഴാണ് തങ്ങളുടെ നടത്തത്തില്‍ പന്തികേട് അന്തുഞ്ഞി മൊഗര്‍ കാണുന്നത്. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കാലില്‍ ചെരുപ്പില്ലാത്ത വിവരം അന്തുഞ്ഞി മൊഗറിന്റെ കണ്ണില്‍ പതിഞ്ഞത്. 'എന്താണ് തങ്ങളെ ചെരിപ്പിടാത്തത്' എന്ന അന്തുഞ്ഞിയുടെ ചോദ്യത്തിന് തങ്ങള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു'അതൊന്നും പ്രശ്‌നമല്ല കാലിനും സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രതിഫലം അറിയട്ടെ' തങ്ങളുടെ വാക്ക് കേട്ട കുഞ്ഞിച്ചാക്ക് കണ്ണീരൊഴുക്കാനാണ് കഴിഞ്ഞത്. ഇത്തരം നൂറ് അനുഭവങ്ങള്‍ കുഞ്ഞ്ച്ചാക്ക് പറയാനുണ്ടെങ്കിലും ഇടറുന്ന തൊണ്ടയില്‍ വാക്കുകള്‍ മുറിഞ്ഞ് പോകുന്നു. എസ് വൈ എസിന്റെ പ്രവര്‍ത്തനം ജനകീയമാക്കാന്‍ സങ്കായം യൂണിറ്റില്‍ തങ്ങള്‍ ആരംഭിച്ച കൈതൊഴില്‍ അഭിവൃതിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചതിന് പിന്നില്‍ കുഞ്ഞിച്ചയുടെ പങ്ക് നിസ്തുലമാണ്. കൈതൊഴില്‍ കൊണ്ടുണ്ടാക്കുന്ന കസേരയുടെ സാമഗ്രകള്‍ വാങ്ങാന്‍ മംഗലാപുരത്ത് പോയിരുന്നതും സാദനങ്ങല്‍ ചുമന്ന് റോഡുകളില്ലാത്ത സങ്കായത്തിലേക്ക് എത്തിച്ചിരുന്നത് അദ്ധേഹമായിരുന്നു. നിര്‍മ്മിച്ച കസേരകള്‍ പിന്നീട് പെര്‍ളയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ അന്തുഞ്ഞി മൊഗര്‍ നടത്തിയ പ്രവര്‍ത്തനം പാതയോരങ്ങളിലെ പച്ചിലകള്‍ പോലും മറന്നിരിക്കില്ല. 


സംഘടനാ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമാക്കാന്‍ അദ്ധേഹം നടത്തിയ ഓരോ ചലനവും അച്ചഞ്ചലതയോടെ സഹഭാരവാഹികളുടെ മനസ്സില്‍ മിന്നി മറിയുന്നു. യൂണിറ്റുകളില്‍ സംഘടന ശക്തിപ്പെടുത്താന്‍ ത്വാഹിര്‍ തങ്ങള്‍ നിര്‍ദ്ധേശിക്കുന്ന പണ്ഡിതന്മാരെ കൂട്ടിക്കൊണ്ട് വരാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അന്തുഞ്ഞി മൊഗറിനെയാണ് തങ്ങള്‍ നിയുക്തനാക്കിയത്. ഇ കെ ഹസന്‍ മുസ്ലിയാരെ ഉറുമിയില്‍ നിന്നും പാടവരമ്പിലൂടെ സങ്കായത്തെക്കും മറ്റു യൂണിറ്റിലേക്കും കൊണ്ടുപോയ ഓര്‍മ്മകള്‍ അന്തുഞ്ഞി മൊഗര്‍ പങ്ക് വെച്ചു. യൂണിറ്റുകളില്‍ നടന്നിരുന്ന സമ്മേളനങ്ങളുടെ വിജയത്തിന് സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്ററെപോലെയുള്ള സഹ പ്രവര്‍ത്തകര്‍ക്കൊപ്പം അന്തുഞ്ഞി മൊഗറുമുണ്ടായിരുന്നു. അംഗടിമുഗറില്‍ നടന്ന എസ് വൈ എസ് സമ്മേളനത്തിലേക്ക് കോട്ടിക്കുളം കാദിരിയെ കൂട്ടാന്‍ പോയ അനുഭവവും കുഞ്ഞിച്ച മറന്നിട്ടില്ല. എസ് വൈ എസിലൂടെ ആരംഭിച്ച തങ്ങളുമായുള്ള സൗഹൃദം മുഹിമ്മാത്തിന്റെ പ്രവര്‍ത്തനത്തിലേക്കും പരന്നു. മുഹിമ്മാത്ത് ആരംഭിച്ചത് മുതല്‍ ഓരോ ചലനങ്ങളിലും അന്തുഞ്ഞി മൊഗര്‍ ത്വാഹിര്‍ തങ്ങളുടെ വിശ്വസ്തനായി കൂടെയുണ്ട്. മുഹിമ്മാത്തിന്റെ മണി മുറ്റത്ത് ആകാശം മുട്ടെ തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടങ്ങളുടെ ഫൗണ്ടേഷനുകളില്‍ അന്തുഞ്ഞി മൊഗറിന്റെ വിയര്‍പ്പ് തുള്ളികള്‍ ഉറ്റി വീണിട്ടുണ്ട് എന്നത് വസ്തുതയാണ്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തങ്ങള്‍ ഏല്‍പ്പിച്ചത് അദ്ധേഹത്തെയായിരുന്നു.അന്തുഞ്ഞിയുടെ പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നത് ത്വാഹിര്‍ തങ്ങളുടെ നിസ്വാര്‍ത്ത അംഗീഗാരമാണ്. പൊരിയുന്ന വെയിലത്തും ജോലിക്കാര്‍ക്കൊപ്പം നിന്ന് കാര്യങ്ങള്‍ നിയന്ത്രച്ചിരുന്ന അന്തുഞ്ഞി മൊഗറിനെ തങ്ങള്‍ക്ക് പെരുത്തിഷ്ടമായിരുന്നു. കെട്ടിടങ്ങളുടെ പണി കഴിഞ്ഞ് സന്ധ്യ സമയത്ത് വീട്ടില്‍ പോകാനൊരുങ്ങുമ്പോഴായിരിക്കും ത്വാഹിര്‍ തങ്ങള്‍ അന്തുഞ്ഞി മൊഗറിനോട് സംഘടനാ പ്രവര്‍ത്തനവുമായി നിശ്ചയിച്ച യൂണിറ്റിലേക്ക് പോകാന്‍ പറയുന്നത്. മറുത്തൊന്നും പറയാതെ അക്ഷരം പ്രതി തങ്ങളുടെ വാക്ക് അനുസരിക്കുകയായിരുന്ന അദ്ധേഹം. പുത്തിഗെയുടെ ഓരോ യൂണിറ്റിലും വ്യത്യസ്ത ദിവസങ്ങളില്‍ അന്തുഞ്ഞി മൊഗര്‍ എത്തുകയും പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുകയും യൂണിറ്റ് നേതാക്കളെ പ്രവര്‍ത്തനത്തിന് പ്രോത്സായിപ്പിക്കുകയും ചെയ്ത് വീട്ടിലേക്ക് എത്തുമ്പോള്‍ സമം അര്‍ദ്ധരാത്രിയാവും.തങ്ങളുടെ ദീര്‍ഘ വീക്ഷണങ്ങള്‍ പലപ്പോഴും അന്തുഞ്ഞി മൊഗറിനെ അത്ഭുതപ്പെടുത്തിയരുന്നു. പുത്തിഗെയിലുട നീളം അഹ്ലുസ്സുന്നയുടെ കേന്ദ്രങ്ങളും മഹല്ലുകളും മദ്‌റസകളും വളര്‍ന്ന് വരുന്നതിന് പിന്നില്‍ ഇത്തരം ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഹജ്ജ് മാസത്തില്‍ ഉള്ഹിയത്തിന് വേണ്ടി പോത്തുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് തങ്ങളെ അറിയിച്ചപ്പോള്‍ ഉടനെ അന്തുഞ്ഞി മൊഗറിനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഒടുവില്‍ സുന്നി ബോര്‍ഡ് മദ്‌റസയുള്ള യൂണിറ്റിലേക്ക് നമുക്ക് നല്‍കിയാലോ എന്ന തങ്ങളുടെ അഭിപ്രായം അന്തുഞ്ഞി മൊഗറും അംഗീഗരിച്ചു. പക്ഷേ മദ്‌റസയുള്ള യൂണിറ്റുകള്‍ എണ്ണിയപ്പോള്‍ നാലഞ്ച് പോത്തുകളുടെ കുറവുണ്ടായിരുന്നു. ഉടനെ തങ്ങള്‍ പോത്തുകളുടെ എണ്ണം നികത്തി. പ്രസ്തുത യൂണിറ്റുകളിലേക്ക് വിതരണം ചെയ്തതിന് ശേഷം ബാഡൂറില്‍ നിന്ന് പ്രവര്‍ത്തകര്‍ നമുക്ക് കിട്ടിയില്ലല്ലോ എന്ന പരാതിയുമായി അന്തുഞ്ഞി മൊഗറിനെ സമീപിച്ചപ്പോള്‍ അവിടെ സുന്നി മദ്‌റസയില്ലല്ലോ എന്ന അന്തുഞ്ഞി മൊഗറിന്റെ മറുപടി അവരെ ചിന്തിപ്പിച്ചു എങ്കില്‍ ഞങ്ങളുടെ നാട്ടിലും സുന്നി മദ്‌റസ ആക്കാമെന്ന തീരുമാനത്തില്‍ അവര്‍ തിരിച്ച് പോകുകയും പിന്നീട് ബാഡൂറിലെ മദ്‌റസ സുന്നി സിലബസില്‍ അംഗീഗരിക്കുകയും ചെയ്തു. ഇത്തരം നീണ്ട അനുഭവങ്ങള്‍ അന്തുഞ്ഞി മൊഗറിന് അയവിറക്കാനുണ്ട്.മുഹിമ്മാത്തിന്റെ എല്ലാ സമ്മേളനങ്ങളില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി നിയമിച്ചതും അന്തുഞ്ഞി മൊഗറിനെയാണ്. ആദ്യ സമ്മേളനമായ 8ാം വാര്‍ഷികത്തില്‍ അന്തുഞ്ഞി മൊഗര്‍ നടത്തിയ ധീരമായ ഇടപെടലുകള്‍ ശ്രദ്ധേയമായതിനെ തുടര്‍ന്ന് തങ്ങള്‍ ഇനിയുള്ള സമ്മേളനങ്ങളില്‍ നിങ്ങളാവണം വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 


മുഹിമ്മാത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കുട്ടികളുടെ ഭക്ഷണ താമസ കാര്യങ്ങളിലും അന്തുഞ്ഞി മൊഗര്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ഒരിക്കല്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിനുള്ള അരിയില്ലാത്ത വന്നപ്പോള്‍ കടയില്‍ പോയി 25 കിലോ അരി കടം ചോദിച്ചപ്പോള്‍ അന്തുഞ്ഞി മൊഗറിന് കിട്ടിയ തെറി അഭിമാനമായി നെഞ്ചിലേറ്റി.


ഇത്തരം അനുഭവങ്ങളിലൂടെ മുഹിമ്മാത്തുമായും ത്വാഹിര്‍ തങ്ങളുമായും ബന്ധം ദൃഡമാക്കിയപ്പോള്‍ അന്തുഞ്ഞി മൊഗറിന്റെ നാവിനും നിനവിലും മുഹിമ്മാത്തും ത്വാഹിര്‍ തങ്ങളും മാത്രമായി. മുഹിമ്മാത്തിന്റെയും സംഘടനയുടെയും നിയമ കാര്യങ്ങളിലെല്ലാം ഇടപെടാന്‍ ത്വാഹിര്‍ തങ്ങള്‍ ഏല്‍പ്പിച്ചത് അന്തുഞ്ഞി മൊഗറിനെയാണ്. 


സംഘടനാ രംഗത്ത് യൂണിറ്റില്‍ നിന്ന് തുടങ്ങിയ പ്രവര്‍ത്തനം സംസ്ഥാനം വരെ നീണ്ടു. എസ് വൈ എസിന്‍രെ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച അദ്ധേഹം എസ് എം എയുടെ ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പദവി അലങ്കരിച്ചു. 

തങ്ങളുടെ വിശ്വസ്തയിലും സ്ഥാപനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിലും തേര് തെളിയിച്ച രണ്ട് പ്രമുഖ വ്യക്തിത്വങ്ങളായ അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയും എം അന്തുഞ്ഞി മൊഗറും ഏപ്രില്‍ 15ന്റെ സായ്ം സന്ധ്യയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ശൈഖുന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നെഞ്ചിലെ ചോരയുമായ ശൈഖുന ഖമറുല്‍ ഉലമയുടെ കരങ്ങളില്‍ നിന്ന് മാലിക് ദീനാര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് ഏറ്റു പതിനായിരങ്ങളുടെ സാനിധ്യത്തില്‍ ഏറ്റുവാങ്ങുമ്പോള്‍ മുഹിമ്മാത്ത് പുഞ്ചിരിക്കുന്ന നിമിഷത്തില്‍ ആത്മ സാനിധ്യമായി സന്തേഷിക്കുകയായിരിക്കും ശൈഖുന ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍.  


അവാര്‍ഡിന് വേണ്ടി അര്‍ഹതപ്പെട്ടവരെ അംഗീഗരിച്ചതില്‍ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ഭാരവാഹികളെയും നേതാക്കളെയും അഭിനന്ദിക്കുന്നതോടൊപ്പം ശ്ലാഘനീയ പ്രവര്‍ത്തനങ്ങള്‍ക്ക് നാഥന്‍ തൗഫീഖ് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുഎന്‍ കെ എം മഹ്‌ളരി ബെളിഞ്ച 

SHARE THIS

Author:

0 التعليقات: