Saturday, 20 April 2019

ബറാഅത്ത് രാവിന്റെ വിശുദ്ധി തേടി വിശ്വാസികള്‍

വീടുകളില്‍ പെരുന്നാള്‍ പൊലിവ്.പതിവിന്ന് വിരുദ്ധമായി  മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഉമ്മമാര്‍. വൈകുന്നേരം മദ്രസ വിട്ടിറങ്ങിപ്പോള്‍   വഴിയോരത്തുള്ള  വീടുകളിലും  ഒരു വിരുന്നു സല്‍ക്കാരത്തിന്റെ ഒച്ചപ്പാടുകള്‍. റമളാന്‍ പിറന്നോ ഇല്ല, നോമ്പിന് ഇനിയും ദിവസങ്ങള്‍ കാണും. മദ്‌റസ പൂട്ടിയില്ലല്ലോ. ഒന്നും മനസ്സിലായില്ല. വീട്ടിലെത്തി അന്വേഷിച്ചു. ഉപ്പയാണ് അന്ന് ബറാഅത്തിനെ കുറിട്ടുള്ള അറിവുകള്‍ പകര്‍ന്ന് തന്നത്. അങ്ങെന പുതിയൊരു നോമ്പിനെ കുറിച്ചറിഞ്ഞു. അന്നാണ് ബറാഅത്ത് നോമ്പ് ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്നത്.വീടുകളിലേക്ക് വിരുന്നത്തിയത് പുണ്യങ്ങള്‍ നിറഞ്ഞ ബറാഅത്ത് രാവായിരുന്നു.

   ഇസ്‌ലാം ചില സമയങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്  വിശ്വാസികളുടെ ആത്മീയ ഉന്നമനവും പരലോക മോക്ഷവുമാണ്   ലക്ഷ്യം്.പുണ്യമേറിയ സ്ഥലങ്ങളാണ് പ്രവാചകന്മാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ മക്കയും മദീനയും. ഇപ്രകാരം  പവിത്രമായ മാസങ്ങളുണ്ട്. ദിവസങ്ങളുമുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന പ്രതിഫലമാണ് ഈ സ്ഥലങ്ങളിലെയും സമയങ്ങളിലേയും ആരാധനകള്‍ക്കുള്ളത്.ഈ ഗണത്തില്‍ ധാരാളം മഹത്വം നിറഞ്ഞ ദിനമാണ്  ബറാഅത്ത് അഥവാ   ശഅ്ബാന്‍ പതിനഞ്ച്. 

  ബറാഅത്ത് എന്നാല്‍ മോചനം എന്നര്‍ത്ഥം.നന്മകള്‍ വര്‍ദ്ധിപ്പിക്കുന്നത് കാരണം വിശ്വാസികള്‍ക്ക് മോചനം ലഭിക്കുന്ന രാത്രിയാണിത്. ഖുര്‍ആന്‍ പരായണം വ്യാപകമായതിനാല്‍ ശഅ്ബാന്‍ മാസത്തിന് ശഅ്‌റുല്‍ ഖുര്‍ആന്‍,ശഅ്‌റുല്‍ ഖുര്‍റാഅ് അഥവാ ഓത്തുകാരുടെ മാസം എന്നും പേര് നല്‍കപ്പെട്ടു.

    പുണ്യങ്ങളുടെ വസന്തകാലമായ  പരിശുദ്ധ റമളാന്റെ വരവിനെ അറിയിച്ച് കൊണ്ട് ലോകമുസ്‌ലിംകള്‍ ശഅബാന്‍ പകുതിയുടെ രാവില്‍ ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കുകയും ആ ദിവസത്തിന്റെ പകലില്‍ വ്രതമനുഷ്ടിക്കുകയും ചെയ്യുന്നു.ഈ ദിവസത്തിന്റെ മഹത്വങ്ങള്‍ അറിയിച്ച് കൊണ്ട് ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു.''വ്യക്തമായ വേദഗ്രന്ഥം തന്നെയാണ് സത്യം.തീര്‍ച്ചയായും അതിനെ നാം ഒരു അനുഗ്രഹീത രാവില്‍ അവതരിപ്പിച്ചു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായി എല്ലാ കാര്യവും നിര്‍ണയിക്കപ്പെടുന്നു.'' (സൂറത്തുല്‍ ദുഖാന്‍ 1,2,3) ഈ വചനത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീത രാവ് ശഅ്ബാന്‍ പതിനഞ്ച് ആണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ നിരവധി പണ്ഡിതന്മാര്‍ പറയുന്നു. ഈ രാത്രിയിലാണ് ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്ക് ഖുര്‍ആന്‍ ഇറക്കിയത് എന്ന് ഇമാം റാസി (റ) പറയുന്നു. 

    ഖുര്‍ആനിന്റെ ഭാഗികമായ അവതരണം പൂര്‍ത്തീകരിച്ച  ഈ ദിനത്തില്‍ സ്രഷ്ടാവ് സ്രഷ്ടികളുടെ സര്‍വ്വ കാര്യങ്ങളും തിരുമാനിക്കുകയും അത് നടപ്പില്‍ വരുത്താന്‍ വേണ്ടി മലക്കുകളോട് കല്‍പ്പിക്കുകയും ചെയ്യുന്നു.ഈ ദിനത്തെ കുറിച്ച് പ്രമുഖ ഖുര്‍ആന്‍  ഇസ്മാഇല്‍ ഹിഖ്ഖി (റ) പറയുന്നത് ''ഖുര്‍ആന്‍ അവതരണത്തിന്റെ പ്രാരംഭം എന്ന നിലയില്‍ ശഅ്ബാന്‍ പതിനഞ്ചും അതിന്റെ പരിസമാപ്തി എന്ന നിലയില്‍ ലൈലത്തുല്‍ ഖദ്‌റും ഏറെ മഹത്വം നിറഞ്ഞതാണ് '' (റൂഹുല്‍ ബയാന്‍ 8/402) എന്നാണ്. ഇമാം ഖുര്‍ത്തുബി(റ) തന്റെ ഖുര്‍ആന്‍ വ്യാഖാനത്തിലും ഇക്കാര്യം ഉണര്‍ത്തുന്നതായി കാണാം. എന്നാല്‍ ഒരു  വിഭാഗം പണ്ഡിതന്മാര്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ച അനുഗ്രഹീത രാവ്, റമളാന്‍ മാസത്തിലെ ലൈലത്തുല്‍ ഖദറാണന്ന പക്ഷക്കാരാണ്. ഉദൃത  രാവ് ഏത് തന്നെയായാലും ശഅ്ബാന്‍ പതിനഞ്ചിന്  ധാരാളം മഹത്ത്വങ്ങള്‍ ഉണ്ട് എന്നു തന്നെയാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

    ശഅ്ബാന്‍ പതിനഞ്ചിന് രാത്രിയില്‍ മുഹമ്മദ് നബി(സ) ജന്നത്തുല്‍ ബഖീഇല്‍(മദീനയിലെ ഖബറിടം) പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു ജന്നത്തുല്‍ ബഖീഇലെ നബി(സ്വ)യുടെ പ്രാര്‍തഥനയെകുറിച്ച് വിവരിക്കുന്ന  ഹദീസ് പ്രസിദ്ധമാണ്. ഒരു രാത്രി കിടപ്പറയില്‍ നിന്നിറങ്ങി ജന്നത്തുല്‍ ബഖീഇല്‍  ദീര്‍ഘനേരം ആരാധനയില്‍ മുഴുകി.പതിവിന്ന് വിരുദ്ധമായ ആരാധന കണ്ടപ്പോള്‍ ആയിശ (റ) കാര്യങ്ങള്‍ തിരക്കി.നബി(സ) പറഞ്ഞു:''ഈ രാവ് ശഅ്ബാന്‍ പതിനഞ്ചാം രാവാണ്.അല്ലാഹു തന്റെ കാരുണ്യം കൊണ്ട് കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍ പറ്റങ്ങളുടെ രോമങ്ങളുടെ എണ്ണം കണക്കെ, അല്ല അതിനെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ ഈ രാത്രിയില്‍ പൊരുക്കപ്പെടുന്നു.'' മറ്റൊരു ദിവസം നബി(സ)യുടെ നിശാ നമസ്‌കാരത്തിലെ സുജൂദ് പതിവിലും നീണ്ടു.ഇത് കണ്ട്  തിരുദൂതര്‍ക്ക് വല്ലതും സംഭവിച്ചോ എന്ന് കരുതി ആശങ്കപ്പെട്ടു നില്‍ക്കുന്ന അനുചരരോട് നബി(സ) അരുള്‍ചെയ്തു: ''ഈ രാവ് അല്ലാഹുവിന്റെ കാരുണ്യ കടാക്ഷം പെയ്തിറങ്ങുന്ന ശഅ്ബാന്‍ പതിനഞ്ചാം രാവാണ്.പാപമോചനം ആഗ്രഹിക്കുന്നവര്‍,കാരുണ്യം തേടുന്നവര്‍.തുടങ്ങി ചോദിക്കുന്ന എല്ലാവര്‍ക്കും വേണ്ടത് നല്‍കുന്ന രാവാകുന്നു.''(ബൈഹഖി)

       ലോകമുസ്‌ലിംകള്‍ ഒന്നടങ്കം ശഅ്ബാന്‍ പതിനഞ്ചിന് ആരാധനയില്‍ മുഴുകുന്നു.തിന്മയില്‍ നിന്നും കച്ചവടങ്ങളില്‍ നിന്നും മാറി നിന്ന് കൊണ്ട് നോമ്പനുഷ്ടിച്ച് ഖുര്‍ആന്‍ പാരായണത്തിനായി പള്ളിയില്‍ ഒരുമിച്ച് കൂടുന്ന ദിനമാണ് ശഅ്ബാന്‍ പതിനഞ്ച്.  ശഅ്ബാന്‍ പതിനഞ്ചിന് മക്കയും മദീനയും ജനസാഗരമായി മാറുന്ന കാഴ്ച  ഇന്നും നമുക്ക് കാണാം.അനസ് ബ്‌നു മാലിക്ക് (റ)പറയുന്നു: ''ശഅ്ബാന്‍ പിറന്നാല്‍ സ്വഹാബത്ത് ഖുര്‍ആന്‍ പരായണത്തില്‍ മുഖം കുത്തി വീഴുമായിരുന്നു.''ഈ രാവില്‍ ഉമര്‍ ബ്‌നു ഖത്താബ്(റ),ഇബ്‌നു മസ്ഊദ് (റ)എന്നിവര്‍ പ്രത്യേക പ്രാര്‍ത്ഥകള്‍   നടത്തിയിരുന്നു(മിര്‍ക്കാത്ത് 2/78).''പ്രാര്‍ത്ഥനകള്‍ കൊണ്ട് സജീവമാക്കിയാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് ഉറപ്പായ അഞ്ച് രാത്രികളിലൊന്നാണ് ശഅ്ബാന്‍ പതിനഞ്ചാം രാവ് ''എന്ന് മുആദ്ബ്‌നു ജബല്‍(റ)നെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.ഇമാം ശാഫി (റ) പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന രാത്രിയാണന്ന് ശഅ്ബാന്‍ പതിനഞ്ച് എന്ന് (അല്‍ ഉമ്മ് 1/201)പറയുന്നുണ്ട്.

       ബറാഅത്ത് ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ സുന്നത്തണെന്ന്  കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍  പറയുന്നതായി കാണാം.ഈ ദിനത്തില്‍ നോമ്പ് പുണ്യമാണന്ന നബിവചനം അലി(റ)നെ തൊട്ട് ഉദ്ധരിക്കുന്നുണ്ട്.അത്വാഅ് ബ്‌നു യാസിര്‍(റ)ന്റെ അഭിപ്രായം ലൈലത്തുല്‍ ഖദ്ര്! കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ടമായ രാത്രി ബറാഅത്ത് രാത്രിയാണന്നാണ്.

       നബി(സ)തങ്ങളുടെ ജീവിതവുമായി ബറാഅത്ത് ദിനത്തിന് ഏറെ ബന്ധമുണ്ട്.മുസ്‌ലിംകളുടെ ഖിബ്‌ലയായി കഅ്ബയെ പുനര്‍നിര്‍ണയിക്കപ്പെട്ടത് ശഅ്ബാന്‍ പതിനഞ്ചിന്റെ ളുഹ്‌റിലായിരുന്നു.(തഫ്‌സീറുല്‍ ഖുര്‍തുബി 2/15) നബി(സ) യ്ക്ക് മഹ്ശറയിലെ ശഫാഅത്തിന് സമ്മതം നല്‍കപ്പെട്ടതും ബറാഅത്ത് ദിനത്തിലാണന്ന് ഇമാം റാസി(റ) പറയുന്നു. ബറാഅത്ത് രാവിന്റെ പുണ്യം കരസ്ഥമാക്കാന്‍ നന്മകള്‍ വര്‍ധിപ്പിക്കുക. ശഅ്ബാന്‍ പതിനഞ്ചിനെ ആദരിച്ച് കൊണ്ട് ഖുര്‍ആന്‍ പരായണം ചെയ്യുക മുന്‍ഗാമികളുടെ ചര്യയാണന്ന് ഇബ്‌നുല്‍ ഹാജ് (റ)പ്രസ്താവിക്കുന്നു.(മദ്ഖല്‍ പേജ് 299) മരിച്ചവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടലും പുണ്യമാണ്.എല്ലാം വേര്‍തിരിച്ച് നല്‍കപ്പെടുന്ന രാത്രിയില്‍ വിവിധ ഉദ്ദേശങ്ങള്‍ വെച്ച് യാസീന്‍ സൂറത്ത് പരായണം ചെയ്യലും സുന്നത്തണന്നാണ് പണ്ഡിത ഭാഷ്യം. അല്ലാഹു എല്ലാം സ്വീകരിക്കാന്‍ സന്നദ്ധമാകുന്ന ഈ ദിനം ആരാധനകളെ ധന്യമാക്കാന്‍ നമുക്ക് കഴിയണം.

-മുഹമ്മദ്  ഹാരിസ് സഖാഫി കൊമ്പോട് SHARE THIS

Author:

0 التعليقات: